സൗദിയ്ക്ക് പുറമെ നികുതി ചുമത്താന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളും

നികുതിരഹിത കാലത്തിന് വിരാമമിടാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതല്‍ സാധനങ്ങൾക്കും സേവനങ്ങള്‍ക്കും 5 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ്  തീരുമാനം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണയുടെ വിലയില്‍ വന്‍തകര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് സൗദിയുടെ പുതിയ നടപടി.

ഭക്ഷണം, വസ്ത്രം, ഇലക്ട്രോണിക്‌സ്, ഫോണ്‍, വെള്ളം, വൈദ്യുതി , ഹോട്ടല്‍ റിസര്‍വേഷന്‍ തുടങ്ങിയവയ്‌ക്കെല്ലാം മൂല്യവര്‍ധിത നികുതി ഈടാക്കും. വീട്ടു വാടക, സ്ഥലം വില്‍പ്പന, ചികിത്സകള്‍, വിമാനടിക്കറ്റുകള്‍, സ്‌കൂള്‍ ട്യൂഷന്‍ എന്നിവയ്ക്ക് നികുതിയില്‍ ഇളവും ലഭിക്കും. 2018 ജനുവരി ഒന്ന് മുതല്‍ നികുതി നടപ്പാക്കുന്നതിന് സാധ്യതയുള്ളതിനാല്‍ നികുതിരഹിത ദിവസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സൗദിയിലെ വില്‍പ്പനക്കാര്‍. ജീവിത ചിലവ് അമിതമായ സൗദിയിലെ നികുതി സമ്പ്രദായത്തില്‍ ആശങ്കയിലാണ് പ്രവാസികള്‍.

അടുത്ത വര്‍ഷത്തോടെ മറ്റു ഗള്‍ഫ് രാജ്യങ്ങളും ടാക്‌സ് ഈടാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലെ ടാക്‌സ് ഘടന ലളിതമാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. ഏകദേശം 12 ദശലക്ഷം ദിര്‍ഹം നികുതിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി സര്‍ക്കാര്‍.