അബുദാബി ആക്രമണം: അപലപിച്ച് യു.എൻ; തിരിച്ചടിച്ച്  സഖ്യസേന

അബുദാബിയിലെ ഹൂതി ആക്രമണത്തിന് തിരിച്ചടി നൽകി സൗദി. യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. 12 ഹൂതി വിമതരെ വധിച്ചെന്നും ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും സഖ്യസേന അവകാശപ്പെട്ടു.

അതേസമയം അബുദാബിയിലെ ഹൂതി ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സമാധാനം തകര്‍ക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ആക്രമണം നേരിട്ട യു.എ.ഇക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ജോര്‍ദാന്‍ രാജാവ് യു.എ.ഇ. വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

യെമനിലെ സനായില്‍നിന്നാണ് ഡ്രോണ്‍ അബുദാബിയില്‍ എത്തിയതെന്ന് സംശയിക്കുന്നു. ആയിരത്തി എണ്ണൂറോളം കിലോമീറ്റര്‍ ഡ്രോണ്‍ സഞ്ചരിച്ചു എന്നത് കൃത്യമായ ആസൂത്രിത ആക്രമണത്തിന്റെ തെളിവാണ്. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും യുഎഇയും വ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായും സഖ്യസേന അറിയിച്ചു.

Read more

കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തും. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.