ഒരു കോടി രൂപ കോടതിയിൽ കെട്ടിവെച്ച് പ്രവാസിയെ വധശിക്ഷയിൽ നിന്നും രക്ഷിച്ച് യൂസഫലി

 

അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വൻതുക ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി രക്ഷിച്ചു. 2012 സെപ്റ്റംബര്‍ 7-നായിരുന്നു അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി  ബെക്‌സ് കൃഷ്ണനെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇപ്പോൾ യൂസഫലിയുടെ ഇടപെടലിനെ തുടർന്ന്  വധശിക്ഷ ഒഴിവായിരിക്കുകയാണ്.

കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷമാണ് യു എ ഇ സുപ്രീംകോടതി 2013ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാളുടെ കുടുംബം.

കുടുംബം നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ ഒരു ബന്ധു വഴി യൂസഫലിയുമായി ബെക്‌സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാദ്ധ്യമായത്. ചർച്ചകൾക്കായി സുഡാനിൽ നിന്നും കുട്ടിയുടെ കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. മകന്റെ കൊലയാളിക്ക് മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിക്കുകയായിരുന്നു.