മെത്തയില്‍ കിടന്നുറങ്ങാം, ടിവി കാണാം ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം

 

കഠിനാധ്വാനമില്ലാതെ കഷ്ടപ്പെടാതെ പണം സമ്പാദിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ ഒരു ജോലി എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് ഒരിയ്ക്കലെങ്കിലും ആലോചിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. അത്തരമൊരു ജോലി ഓഫറാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്‌സ് മുന്നോട്ടു വെച്ചിരിക്കുന്നത്. ‘പ്രൊഫഷണല്‍ മാട്രസ് ടെസ്റ്റര്‍’ എന്നാണ് ജോലിയുടെ പേര്. ഭാരിച്ച പണികളൊന്നും ചെയ്യണ്ട കിടന്നുറങ്ങിയാല്‍ മതി ലക്ഷങ്ങള്‍ കയ്യില്‍ കിട്ടും.

ഉറക്കം, ടിവി കാണല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങ്ള്‍ കമ്പനി നല്‍കുന്ന കിടക്കയില്‍ ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ ആയിരിക്കണം എന്നത് മാത്രമാണ് ജോലിയ്ക്കുള്ള നിബന്ധന. ദിവസവും 6 മുതല്‍ 7 മണിക്കൂര്‍ വരെ കിടക്കയില്‍ ചെലവഴിക്കണം. കിടക്കയില്‍ കിടന്ന് ഉറങ്ങുകയും അത് അവലോകനം ചെയ്യണം.

വെറുതെ ഉറങ്ങിയാല്‍ മാത്രം പോരാ ഓരോ ആഴ്ച്ചയും കമ്പനി നല്‍കുന്ന മെത്തയില്‍ കിടന്നുറങ്ങിയതിന്റെ അനുഭവം കമ്പനിയ്ക്ക് എഴുതി നല്‍കണം. ഇതിനായി 24 ലക്ഷത്തി 79 ആയിരം രൂപ ശമ്പളമായി നല്‍കും. എഴുതി നല്‍കുന്ന അനുഭവത്തില്‍ കിടക്കകളുടെ ഗുണ നിലവാരം മെച്ചപ്പടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളും ഉണ്ടായിരിക്കണം. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഖപ്രദമായ കിടക്കകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റഡ് ബെഡ്‌സ് ഇത്തരമൊരു വ്യത്യസ്ത തെഴില്‍ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്.

ആഴ്ച്ചയില്‍ 37.5 മണിക്കൂര്‍ ജോലി ചെയ്താല്‍ ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം. ജീവനക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ല. ടെസ്റ്റിംഗിനായുള്ള മെത്ത് കമ്പനി വീടുകളിലേയ്ക്ക് എത്തിച്ച് നല്‍കും. 18 വയസ് പൂര്‍ത്തിയായിട്ടുള്ള ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്കാണ് നിലവില്‍ ജോലി ഓഫര്‍ നല്‍കുന്നത്.