ജ്വല്ലറികളിൽ സ്വർണ്ണവും വെള്ളിയും പിങ്ക് പേപ്പറിൽ പൊതിയുന്നത് എന്തുകൊണ്ട്?

ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള ലോഹങ്ങളാണ് സ്വർണവും വെള്ളിയും. വിവാഹമായാലും ഉത്സവമായാലും മറ്റേതെങ്കിലും ശുഭകരമായ ചടങ്ങുകൾ ആണെങ്കിലും സ്വർണ്ണാഭരണങ്ങൾ ധരിക്കുക എന്നത് വർഷങ്ങളായി ചെയ്തു വരുന്ന ഒരു കാര്യമാണ്. സ്വർണ്ണവും വെള്ളിയും വെറും അലങ്കാര വസ്തുക്കൾ മാത്രമല്ല. അവ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകം കൂടിയാണ്. എന്നാൽ സ്വർണവുമായി ബന്ധപ്പെട്ട് നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യമാണ് ജ്വല്ലറികളിൽ നിന്നും സ്വർണാഭരണങ്ങളോ വെള്ളിയാഭരണങ്ങളോ വാങ്ങുമ്പോൾ പിങ്ക് നിറത്തിലുള്ള പേപ്പറിൽ അവ പൊതിയുന്നത്. പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു കാര്യമാണിത്. കടയിൽ ഒരു പുതിയ ജോലിക്കാരനോ ജോലിക്കാരിയോ വന്നാൽ പോലും ഇത് ചെയ്യാറുണ്ട്.

വളകൾ, മോതിരങ്ങൾ, പാദസരങ്ങൾ തുടങ്ങിയ വസ്തുക്കൾ പിങ്ക് പേപ്പറിൽ പൊതിയുന്നത് ഉപഭോക്താക്കൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ രീതി വ്യാപകമായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ കാരണം ആരും ചോദിച്ചിട്ടുണ്ടാകില്ല. ചിലർ ഇത് മതപരമായ കാരണങ്ങളാൽ ചെയ്യുന്നതാണെന്നാണ് ചിലർ പറയുന്നത്. ചിലർ ദൈവത്തിന് പ്രിയപ്പെട്ട നിറമാണിതെന്നും വിശ്വസിക്കുന്നു. മറ്റു ചിലർ ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടാകാമെന്ന് കരുതുന്നു. എന്നിരുന്നാലും യഥാർത്ഥ കാരണം ആരാധനയുമായോ ഭക്തിയുമായോ ഒന്നും ബന്ധപ്പെട്ടതല്ല. മഹാരാഷ്ട്രയിലെ പ്രമുഖ സ്വർണ വ്യാപാരിയായ ധീരജ് ഭായ് പറയുന്നത്, ഇത് ഒരു ബിസിനസ് തന്ത്രമാണ് എന്നാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ സമർത്ഥമായ മാർക്കറ്റിംഗ് തന്ത്രം ഉപയോഗിക്കുന്നത്. പിങ്ക് പേപ്പറിൽ വയ്ക്കുമ്പോൾ വെള്ളി ആഭരണങ്ങൾ കൂടുതൽ തിളങ്ങുന്നതായി തോന്നും എന്നാണ് അദ്ദേഹം പറയുന്നത്. പിങ്ക് കളർ വെള്ളിയുടെ തിളക്കം വർദ്ധിപ്പിക്കുകയും അതിന് ഒരു പ്രത്യേക തിളക്കം നൽകുകയും ചെയ്യുന്നു.

എന്നാൽ മറ്റ് നിറങ്ങളിൽ ഈ തിളക്കം തോന്നിപ്പിക്കില്ല. ഉദാഹരണത്തിന്, വെള്ളക്കടലാസിൽ വെള്ളി ആഭരണങ്ങൾ വയ്ക്കുന്നത് നിറങ്ങളിലെ സമാനത കാരണം ആഭരണത്തിന്റെ തിളക്കം മങ്ങിയിട്ടുള്ളതുപോലെയാണ് തോന്നിപ്പിക്കുക. മഞ്ഞയോ മറ്റ് നിറങ്ങളോ വെള്ളിയുടെ യഥാർത്ഥ തിളക്കം എടുത്തു കാണിക്കുന്നില്ല. പിങ്ക് മാത്രമേ പ്രകാശത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നുള്ളൂ. ഇത് കാണുന്ന ആളുകളുടെ കണ്ണിലൊരു ആകർഷണീയത ഉണ്ടാക്കും. ഈ തന്ത്രം വെള്ളിയിൽ മാത്രമല്ല ചെയ്യുന്നത്. സ്വർണ്ണാഭരണങ്ങൾക്കും ഇത് ബാധകമാണ്. കാരണം പിങ്ക് പശ്ചാത്തലത്തിൽ സ്വർണ്ണത്തിന്റെ മഞ്ഞ നിറം കൂടുതൽ തിളക്കമുള്ളതും ആകർഷകവുമായി കാണപ്പെടുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ഉയർന്ന നിലവാരമുള്ളതും വിലയേറിയതുമാണെന്ന് തോന്നലുണ്ടാക്കുന്നു. ഇതോടെ സ്വർണാഭരണം വാങ്ങാനുള്ള അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നു.

കശ്മീർ മുതൽ കന്യാകുമാരി വരെ ഈ രീതി വ്യാപകമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തെ എല്ലാ ജ്വല്ലറി കടകളും ഒരേ നിറത്തിലുള്ള പിങ്ക് പേപ്പർ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അടുത്ത തവണ ജ്വല്ലറിയിൽ പിങ്ക് പേപ്പറിൽ പൊതിഞ്ഞ ആഭരണം കാണുമ്പോൾ ഈ മാർക്കറ്റിംഗ് തന്ത്രം ഓർക്കണം.

Read more