ടിക്കറ്റ് വില 7 കോടി.. 140 രാത്രികളും മുംബൈയിലൊരു സ്റ്റോപ്പും; ലോകത്തിലെ ഏറ്റവും ചെലവേറിയ ക്രൂയിസ് !

ആറ് ഭൂഖണ്ഡങ്ങളിലായി 35,668 നോട്ടിക്കൽ മൈൽ (66,057 കിലോമീറ്റർ) സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര ക്രൂയിസ് ആയ ‘വേൾഡ് ഓഫ് സ്പ്ലെൻഡർ’ ക്രൂയിസിലെ അതിഥികൾ. 2027-ൽ, മിയാമിയിൽ നിന്ന് പുറപ്പെട്ട് ന്യൂയോർക്കിൽ അവസാനിക്കുന്ന വേൾഡ് ഓഫ് സ്‌പ്ലെൻഡർ അങ്ങനെ പുതിയ തീരങ്ങൾ കീഴടക്കും.

എൻട്രി ലെവൽ വരാന്ത സ്യൂട്ടുകൾക്ക് ഒരാൾക്ക് 80 ലക്ഷം രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. അതേസമയം ആഡംബര റീജന്റ് സ്യൂട്ടിന് ഒരാൾക്ക് ഏകദേശം 7.3 കോടി രൂപ നൽകേണ്ടി വരും. കടലിലെ ഏറ്റവും ആഡംബരപൂർണ്ണമായ താമസസൗകര്യങ്ങളിൽ ഒന്നായാണ് റീജന്റ് സ്യൂട്ട് വളരെക്കാലമായി അറിയപ്പെടുന്നത്. ഇത്രയും ഉയർന്ന വിലനിർണ്ണയത്തോടെ യാത്രാ ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ അനുഭവങ്ങളിലൊന്നായിരിക്കും ഇത് എന്നാണ് ഈ ക്രൂയിസ് അവകാശപ്പെടുന്നത്.

ലോസ് ഏഞ്ചൽസ്, സിഡ്‌നി, സിംഗപ്പൂർ, മാലിബു, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ രാത്രിയിലെ താമസങ്ങൾ ഉൾപ്പെടെ ആറ് ഭൂഖണ്ഡങ്ങളിലായി 35,668 നോട്ടിക്കൽ മൈൽ വേൾഡ് ഓഫ് സ്‌പ്ലെൻഡർ ക്രൂയിസിലെ അതിഥികൾ സഞ്ചരിക്കും. ചെറിയ യാത്രയ്ക്ക് പോകുന്നവർക്ക് 126 രാത്രികൾ നീണ്ടുനിൽക്കുന്ന യാത്രയായിരിക്കും ഉണ്ടാവുക. ഇത് റോമിൽ അവസാനിക്കും. അതേസമയം ന്യൂയോർക്കിലേക്കുള്ള മുഴുവൻ യാത്ര യാത്രക്കാർക്ക് ആഡംബരപൂർവമായ അനുഭവം നൽകും.

യാത്രയിലുടനീളം അതിഥികൾക്ക് 486 സൗജന്യ തീരദേശ വിനോദയാത്രകളും മൂന്ന് പ്രത്യേക തീരദേശ ഗാല പരിപാടികളും ആസ്വദിക്കാൻ സാധിക്കും. ഇന്റർകോണ്ടിനെന്റൽ ബിസിനസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് വിമാനങ്ങൾ, പ്രീമിയം ഹോട്ടലുകൾ, ആഡംബര ഡൈനിംഗ്, വാലെറ്റ് ലോൺഡ്രി, വൈ-ഫൈ, 24 മണിക്കൂർ ഇൻ-സ്യൂട്ട് ഡൈനിംഗ് എന്നിവ ഉൾപ്പെടുന്ന ആഡംബര പാക്കേജ് ആണ് ഈ ക്രൂയിസിൽ ഉൾപ്പെടുന്നത്.

മുംബൈ, മംഗലാപുരം, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ അത്യാഡംബര ക്രൂയിസ് നിർത്തും. ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്കാരവും അതിശയിപ്പിക്കുന്ന തീരപ്രദേശങ്ങളും അനുഭവിക്കാൻ ഇതിലൂടെ യാത്രക്കാർക്ക് സാധിക്കും. ഈ ക്രൂയിസിൽ പ്രൈവറ്റ് കാർ, ഇൻ-സ്യൂട്ട് സ്പാ, ഓരോ തുറമുഖത്തും ഡ്രൈവ്, 4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രൈവറ്റ് സ്പേസ് എന്നിവയുൾപ്പെടെയുള്ള അൾട്രാ-എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിഥികൾക്ക് വിശ്രമിക്കാനും ആഡംബര ക്രൂയിസ് അനുഭവം ആസ്വദിക്കാനും ഇവയെല്ലാം അവസരമൊരുക്കുന്നു.

2026-ൽ സെവൻ സീസ് പ്രസ്റ്റീജിൽ ഇതിലും വലിയ സ്കൈവ്യൂ റീജന്റ് സ്യൂട്ട് അവതരിപ്പിക്കാൻ റീജന്റ് ഒരുങ്ങുകയാണ്. ഇതിന് ഒരു രാത്രിക്ക് ഏകദേശം 20-22 ലക്ഷം രൂപ വിലവരും. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ സ്യൂട്ട് നിരക്കായാണ് കണക്കാക്കപ്പെടുന്നത്.

Read more