മഞ്ഞ് മുറിയുള്ള അംബാനിയുടെ 'ആന്റിലിയ' ; 775 കിടപ്പുമുറികളുള്ള 'ബക്കിങ്ഹാം കൊട്ടാരം'; ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച് വീടുകൾ …

ചെറുതാണെങ്കിൽ പോലും മനോഹരവും സുരക്ഷിതവുമായ വീടുകൾ എല്ലാവരുടെയും സ്വപ്‍നമാണ്. എന്നാൽ വലിയ ആഡംബരമേറിയ വീടുകൾ എവിടെയെങ്കിലും കണ്ടാൽ അറിയാതെ തന്നെ നോക്കിപോകുന്നവരാണ് പലരും. വീടുകൾ വലിയതും മനോഹരവും ആകുന്നതിനൊപ്പം തന്നെ അവ നിർമിക്കാനുള്ള ചെലവും കൂടും. മുറികളും ഇന്റീരിയറും വീടിന്റെ പരിസരങ്ങളും തുടങ്ങി ഒരു വീടിനെ ആഡംബരമാക്കുന്ന പല ഘടകങ്ങളും ഉണ്ട്. അത്തരത്തിലുള്ള നിരവധി വീടുകൾ ലോകത്തെമ്പാടും കാണാൻ സാധിക്കും. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അമ്പാനിയുടെ വീട് ആണെന്ന് എത്ര പേർക്ക് അറിയാം? ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച് ആഡംബരവസതികൾ ഏതൊക്കെയെന്ന് നോക്കാം…

ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയാണ് ബക്കിങ്ഹാം കൊട്ടാരം. ബ്രിട്ടീഷ് രാജഭരണത്തിന്റെ കേന്ദ്രസ്ഥാനമായ കൊട്ടാരം ലണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കൊട്ടാരം എന്നതിലുപരി സാധാരണക്കാരെ കൗതുകത്തിലാക്കുന്ന ഒരു നിര്‍മ്മിതി കൂടിയാണിത്. നിരവധി പ്രത്യേകതകൾ കൂടിയുണ്ട് കൊട്ടാരത്തിന്. 775 കിടപ്പുമുറികളാണ് കൊട്ടാരത്തിന് ഉള്ളത്. കൂടാതെ 188 സ്റ്റാഫ് മുറികൾ, 52 രാജകീയമായി ഒരുക്കിയ അതിഥികൾക്കായുള്ള കിടപ്പുമുറികൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ, 19 സ്റ്റേ റൂമുകൾ എന്നിവയും ഉണ്ട്.

1703 ല്‍ ബക്കിംഗ്ഹാമിലെ ആദ്യ ഡ്യൂക്ക് ആയിരുന്ന ജോൺ ഷെഫീൽഡ് തന്റെ ആദ്യത്തെ വീട് പൊളിച്ചുമാറ്റി പണിത പുതിയ വീടാണ് ഇന്നത്തെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ രൂപം. ജോൺ ഷെഫീൽഡ് ബക്കിങ്ഹാം ഡ്യൂക്ക് ആയതോടെ വീടിന് ബക്കിങ്ഹാം ഹൗസ് എന്ന് വിളിച്ചുതുടങ്ങി. 1761ല്‍ ജോർജ്ജ് മൂന്നാമൻ രാജാവ് തന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമായി കൊട്ടാരം വാങ്ങി. പിന്നീട് 1837-ൽ വിക്ടോറിയ രാജ്ഞി സിംഹാസനം ഏറ്റെടുത്തതോടെ ബക്കിങ്ഹാം ഹൗസ് ഔദ്യോഗിക വസതിയാക്കി മാറ്റി. രാജവാഴ്ചയുടെ ആസ്ഥാനമായ, 4.9 ബില്യൺ മൂല്യമുള്ള കൊട്ടാരം ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ലോകത്തിലെ ചെലവേറിയ രണ്ടാമത്തെ വീടാണ് 400,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന മുകേഷ് അംബാനിയുടെ ‘ആന്റിലിയ’. കുമ്പള ഹിൽസിലെ 27 നിലകളിലായാണ് ആന്റിലിയ എന്ന ഈ കൂറ്റൻ വീട് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ ആറ് നിലകൾ കുടുംബത്തിനായും ആറ് നിലകൾ 168 കാറുകൾക്ക് വേണ്ടിയുള്ള മെഗാ ഗാരേജായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഒരു ഫ്ലോർ പൂന്തോട്ടമായും നിത അംബാനിക്ക് വീട്ടിൽ ഒരു പ്രത്യേക ഡാൻസ് സ്റ്റുഡിയോ ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ചൂടിൽ നിന്ന് രക്ഷപെടാൻ ഒരു മഞ്ഞുമുറിയും ചോക്ലേറ്റ് ഐസ്ക്രീം ആസ്വദിക്കാൻ ഐസ്ക്രീം പാർലറും ഒരു സ്പായും ഒരു യോഗ സെന്ററും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ വരെ അതിജീവിക്കാൻ ഈ കെട്ടിടത്തിന് സാധിക്കും.

ലെബനൻ ബാങ്കർ വില്യം സഫ്രയുടെ ഭാര്യയുടെ അമ്പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വില്ല ലിയോപോൾഡ ആണ് മൂന്നാം സ്ഥാനത് നിൽക്കുന്നത്. യൂറോപ്പിലെ ഏറ്റവും വിലയേറിയ സ്വകാര്യ വസതിയാണ് ഇത്. ലോകത്തിലെ പ്രശസ്തമായ മോണോയ്‌ക്കോയ്ക്കും നൈസയ്ക്കും ഇടയിലാണ് വില്ല സ്ഥിതി ചെയ്യുന്നത്. വലിയ പൂന്തോട്ടവും, നീന്തൽകുളവുമാണ് വിലയ്ക്ക് മനോഹാരിത നൽകുന്നത്. ഇവ കൂടാതെ പൂൾ ഹൗസ്, ഔട്ട്ഡോർ അടുക്കള, ഹെലിപാഡ്, ഗസ്റ്റ് ഹൗസ് എന്നിവയും ഈ വില്ലയിൽ ഉൾപ്പെടുന്നുണ്ട്.

ബെൽജിയം രാജാവായിരുന്ന കിംഗ് ലിയോപോൾഡ് രണ്ടാമന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വസതിയാണ് ഫ്രഞ്ച് റിവിയേരയിലെ വില്ല ലെസ് സെഡ്രെസ്. 1830-ലാണ് ഇത് നിർമിച്ചത്. 35 ഏക്കർ ഭൂമിയിൽ വിസ്തരിച്ചു കിടക്കുന്ന വസതിയുടെ ആകെ വലിപ്പം 18,000 ചതുരശ്ര അടി വിസ്തീർണമാണ്. 14 കിടപ്പുമുറികൾ, നീന്തൽക്കുളം, 3000 സസ്യ -പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങൾ അടങ്ങിയ മരം കൊണ്ട് നിർമ്മിച്ച ലൈബ്രറി, ആമസോണിയൻ ലില്ലി പാഡുകളുള്ള മനുഷ്യനിർമ്മിത കുളം, 30 കുതിരകൾക്ക് വേണ്ടിയുള്ള കുതിരലായം, 19-ാം നൂറ്റാണ്ടിലെ ഛായാചിത്രങ്ങൾ, അതിശയിപ്പിക്കുന്ന മരപ്പണികൾ എന്നിവകൊണ്ട് മനോഹരമാണ് ഈ വില്ല.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കെട്ടിടമാണ് ന്യൂയോർക്കിലെ സാഗപോനാക്കിൽ ഇറ റെന്നറുടെ ഉടമസ്ഥതയിലുള്ള ഫോർ ഫെയർഫീൽഡ് പോണ്ട്. 29 കിടപ്പുമുറികൾ, 39 കുളിമുറികൾ, ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, സ്‌ക്വാഷ് കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂം എന്നിവ ഫോർ ഫെയർഫീൽഡ് പോണ്ടിലുണ്ട്. 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂമാണ് കെട്ടിടത്തിന്റെ പ്രത്യേകത. 63 ഏക്കർ സ്ഥലത്ത് വീട് നിർമ്മിച്ചിരിക്കുന്നത്.