ഭക്ഷണമില്ലാതെ ഒരാൾക്ക് ദിവസങ്ങളോളം അതിജീവിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ വെള്ളമില്ലാതെ മനുഷ്യന് ഒരു ദിവസം പോലും ജീവിക്കാൻ കഴിയില്ല. കാരണം മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയിൽ നിന്ന് സുലഭമായി ലഭിക്കുന്ന ഒന്നാണ് വെള്ളം. അത്യവശ്യഘട്ടങ്ങളിൽ വാങ്ങുന്ന കുപ്പിവെള്ളം ആളുകൾക്ക് ആശ്വാസം നൽകുന്നു. വേനൽക്കാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പന പൊടി പൊടിക്കാറുണ്ട്.
1970-കളിലാണ് കുടിവെള്ളത്തിനായുള്ള ആദ്യത്തെ പ്ലാസ്റ്റിക് കുപ്പി അവതരിപ്പിച്ചത്. അതിനുശേഷം, കുപ്പിവെള്ളം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. എന്നാൽ ഈ കുപ്പിയുടെ അടപ്പിന്റെ വ്യത്യസ്ത നിറങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?പലരും ഈ നിറങ്ങൾ ബ്രാൻഡിംഗുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ അവ യഥാർത്ഥത്തിൽ ഉള്ളിലെ വെള്ളത്തിന്റെ തരം അല്ലെങ്കിൽ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. കുടിവെള്ളക്കുപ്പിയുടെ മൂടികൾ നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ ലഭ്യമാണ്.
നീല അടപ്പുള്ള കുപ്പിവെള്ളം മിനറൽ വാട്ടറിനെയാണ് സൂചിപ്പിക്കുന്നത്. ഇത് സാധാരണയായി പ്രകൃതിദത്ത നീരുറവകളിൽ നിന്ന് ലഭിക്കുന്നതും ഗുണകരമായ ധാതുക്കളാൽ സമ്പന്നവുമായിരിക്കും. സൾഫർ, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ നിറഞ്ഞിരിക്കുന്നു. മാത്രമല്ല, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. നമ്മുടെ ശരീരത്തിന് സ്വന്തമായി സൃഷ്ടിക്കാൻ കഴിയാത്ത ധാതുക്കൾ നൽകുന്നു.
പച്ച അടപ്പുള്ള കുപ്പിവെള്ളം ഫ്ലേവർ ചെയ്ത വെള്ളത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് രുചി വർദ്ധിപ്പിക്കുകയും കുടിക്കാൻ സുരക്ഷിതവുമാണ്. പക്ഷേ ഇത് മിനറൽ വാട്ടർ പോലെ ശുദ്ധമല്ല. ചിലപ്പോൾ ധാതുക്കൾ ചേർത്ത വെള്ളത്തെയും സൂചിപ്പിക്കാറുണ്ട്.
വെളുത്ത അടപ്പുള്ള കുപ്പിവെള്ളം മെഷീൻ ഫിൽട്ടർ ചെയ്ത അല്ലെങ്കിൽ RO (റിവേഴ്സ് ഓസ്മോസിസ്) വെള്ളത്തെ സൂചിപ്പിക്കുന്നു. ഇത് കുടിക്കാൻ സുരക്ഷിതമാണ്. പക്ഷേ അവശ്യ ധാതുക്കളുടെ കുറവുണ്ടാകാം.
കറുത്ത അടപ്പുള്ള കുപ്പിവെള്ളം ആൽക്കലൈൻ വെള്ളത്തിനെ സൂചിപ്പിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ധാതുക്കളും pH ഉം അടങ്ങിയിരിക്കുന്നു. ഇത് പലപ്പോഴും കായികതാരങ്ങളും ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരും ഇഷ്ടപ്പെടുന്നു. ഇതിന് സാധാരണയായി വിലയും കൂടുതലാണ്.
മഞ്ഞ അടപ്പുള്ള കുപ്പിവെള്ളം വിറ്റാമിനുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വെള്ളത്തെയാണ് സൂചിപ്പിക്കുന്നത്. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുമായി സഹായിക്കുന്നവയുള്ളതുമാണ് ഈ കുപ്പിയിലെ വെള്ളം.
ചുവന്ന അടപ്പുള്ള കുപ്പിവെള്ളം കാർബണേറ്റഡ് വെള്ളത്തെ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ, പുനർജലീകരണത്തിന് സഹായിക്കുന്നതിന് ഇലക്ട്രോലൈറ്റുകൾ ചേർത്ത വെള്ളത്തെയും സൂചിപ്പിക്കാം. ഇതിൽ നിങ്ങളുടെ ആരോഗ്യത്തിന് കാര്യമായ ഗുണം ചെയ്യുന്ന ആവശ്യമായ ധാതുക്കൾ ഒന്നും തന്നെയില്ല. മാത്രമല്ല അവ സാധാരണ വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെലവേറിയതുമാണ്.
ലേബലിലെ ചെറിയ അക്ഷരങ്ങൾ വായിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വെള്ളത്തിന്റെ തരം പെട്ടെന്ന് തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമാണ് ഈ കളർ-കോഡിംഗ് സംവിധാനം സഹായിക്കുന്നത്. കളർ-കോഡ് ചെയ്ത അടപ്പുകളുടെ ഉപയോഗം വെറുമൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമല്ല. വേഗത്തിലുള്ള തിരിച്ചറിയൽ നിർണായകമായ വ്യവസായങ്ങളിൽ ഇതിന് ചരിത്രപരമായ വേരുകളുണ്ട്. വൈദ്യശാസ്ത്രം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ രീതികളിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
ഉദാഹരണത്തിന്, ആശുപത്രികളിൽ, സിറിഞ്ചുകളിലോ കുപ്പികളിലോ ഉള്ള വ്യത്യസ്ത നിറങ്ങളിലുള്ള അടപ്പുകൾ മെഡിക്കൽ പ്രൊഫഷണലുകളെ തെറ്റുകൾ പറ്റാതിരിക്കാനും മരുന്നുകൾ തമ്മിൽ പെട്ടെന്ന് വേർതിരിച്ചറിയാനും സഹായിക്കുന്നു. ആരോഗ്യ മേഖലയിൽ മാത്രമല്ല, വ്യാവസായിക സാഹചര്യങ്ങളിൽ വയറുകൾ മുതൽ ഗ്യാസ് സിലിണ്ടറുകൾ വരെയുള്ള എല്ലാത്തിലും അവയുടെ പ്രവർത്തനത്തെയോ അവയിൽ അടങ്ങിയിരിക്കുന്നവയെയോ സൂചിപ്പിക്കാൻ ഈ കളർ-കോഡിംഗ് ഉപയോഗിക്കുന്നു.
എന്നാൽ ഇത്തരം കാര്യങ്ങൾ തെറ്റാണെന്നും കുപ്പിയുടെ പാക്കേജിങ് ഡിസൈൻ നോക്കിയും കമ്പനികൾ മൂടിക്ക് നിറം നൽകാറുണ്ടെന്നും വാദങ്ങളുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ ഒരുപോലെയല്ല എന്നുമാണ് ചിലർ പറയുന്നത്.







