മനുഷ്യര്‍ എന്ന മാലിന്യം

മാലിന്യത്തെക്കുറിച്ച് ഒരു കുഞ്ഞ് കഥ ആയാലൊ??

എന്താണ് / ഏതാണ് ഭൂമിയിലെ ഏറ്റവും വലിയ മാലിന്യം എന്ന് കഴിഞ്ഞ ഏതാനും ദിവസമായി പലരോടും ചോദിച്ചിരുന്നു. പലരും പ്രതികരിച്ചെങ്കിലും ശരിയായ ഉത്തരത്തിലേക്ക് എത്താനായത് ഏതാനും പേര്‍ക്ക് മാത്രമായിരുന്നു.

ഭൂമിയിലെ ഏറ്റവും വലിയ മാലിന്യം തീര്‍ച്ചയായും 800 കോടിയിലധികമായ മാനവ സമൂഹം ആണ്. കാരണം മറ്റ് എല്ലാ ജീവജാലങ്ങളും പ്രകൃതിയില്‍ നിന്ന് ഉണ്ടായി തിരിച്ച് പ്രകൃതിയിലേക്ക് തന്നെ തിരിച്ച് പോകുന്നവയും ആ ജീവകാലഘട്ടത്തില്‍ ഒരിക്കല്‍ പോലും പ്രകൃതിക്ക് ദോഷകരമായ ഒന്നും ഉണ്ടാക്കാത്തവയുമാണ്. എന്നാല്‍ നമ്മള്‍ മനുഷ്യര്‍ അവരവരുടെ ജനനത്തിനും മരണത്തിനുമിടയില്‍ ഒരു പാട് മാലിന്യം പ്രകൃതിയിലേക്ക് നേരിട്ടും പരോക്ഷമായും പുറംതള്ളുന്നുണ്ട്. ആയതില്‍ പലതും പ്രകൃതിയെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നവയുമാണ്.


ആധുനീക മനുഷ്യ സമൂഹം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഉപേഷിക്കപ്പെടുന്ന വസ്തുക്കളെ മാലിന്യം ആയി പരിഗണിക്കുമ്പോള്‍ അതില്‍ 4 വിഭാഗത്തില്‍ ജൈവമാലിന്യം, അജൈവമാലിന്യം – മിക്കവരും അറിയുന്നതാണ്. രാസമാലിന്യവും, ആണവ മാലിന്യവും പൊതു സമൂഹത്തിന് അറിയാത്തതും ആണ്.
ജൈവ മാലിന്യം:
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മുതല്‍ അഴുകിയൊ അലിഞ്ഞൊ തിരികെ പ്രകൃതിയിലേക്ക് സ്വാഭാവികമായി ചേരുന്ന മാലിന്യത്തെ ജൈവ മാലിന്യം എന്ന് പറയാം.

അജൈവ മാലിന്യം:
ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക്ക് തുടങ്ങി സ്വാഭാവിക മാര്‍ഗത്തില്‍ പ്രകൃതിയിലേക്ക് വേഗത്തില്‍ ചേരാത്ത വസ്തുക്കളാണിവ.

രാസമാലിന്യങ്ങള്‍, ആണവ മാലിന്യങ്ങള്‍ എന്നിവ മനുഷ്യരാല്‍ പ്രകൃതിയിലേക്ക് തള്ളപ്പെടുന്ന വിനാശകാരി ആയവയില്‍ പ്രഥമ ഗണനീയം. അതി ദീര്‍ഘകാലം നിണ്ടുനില്‍ക്കുന്ന ആപത്തുണ്ടാക്കുന്നവയാണ് രാസമാലിന്യങ്ങളും, ആണവ മാലിന്യവും. പലതും തലമുറകള്‍ മാറിയാലും നശീകരണ ശക്തി ക്ഷയിക്കാതെ നിലനില്‍ക്കുന്നവയാണ്.
ആധുനീക ലോകത്ത് മറ്റൊരു വിനാശകാരിയായ മാലിന്യമാണ് മെഡിക്കല്‍ മാലിന്യം – മെഡിക്കല്‍ ലാബുകള്‍ തുടങ്ങി, ചെറുതും വലുതുമായ ആശുപത്രികള്‍ പുറം തള്ളുന്ന മാലിന്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെങ്കിലും മിക്ക രാജ്യങ്ങളും തീര്‍ത്തും അശ്രദ്ധയോടെയാണ് മെഡിക്കല്‍ വേസ്റ്റിനെ കൈകാര്യം ചെയ്യാറുള്ളത്.

കൊച്ചിയിലെ ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരം രണ്ടാഴ്ച്ചയോളം നീണ്ട് നിന്ന് കത്തിയത് തീയ്യണച്ചെങ്കിലും മാധ്യമങ്ങളിലും മറ്റും ഇപ്പോഴും ആളിക്കത്തിരിക്കയാണ്. വാട്സ് ആപ്പ് ശാസ്ത്രജ്ഞരും, പരിസ്ഥിതി സംരക്ഷണക്കാരും, കക്ഷിരാഷ്ട്രിയ സംഘങ്ങളും കൊച്ചിയെ വിഷപ്പുക നിറച്ച ഗ്യാസ് ചേമ്പറും, കേരളത്തിലെ മെട്രോ നഗരത്തെ ജനസമൂഹം പ്രാണരക്ഷാര്‍ത്ഥം വിട്ടിട്ട് പോന്ന മരുപ്പറമ്പും ആക്കി വിവരിക്കുന്നു, ചിലരാകട്ടെ വിഷപ്പുക ശ്വസിച്ചവരുടെ DNA യില്‍ വരെ മാറ്റം വന്ന് വന്ധ്യതയും, പാരമ്പര്യ രോഗികളും ആയി മാറിയതിന് തെളിവ് നിരത്തുന്നു.
മാലിന്യ കൂമ്പാരങ്ങള്‍ തീ പിടിക്കുന്നത് ലോകത്ത് ആദ്യമായിട്ടാണെന്ന് കേട്ടറിഞ്ഞ പോലെ രാജ്യത്തെ ഹരിത ട്രിബ്യൂണല്‍ കൊച്ചില്‍ കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. പോയ വര്‍ഷങ്ങളിലും ഈ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചിരുന്നെന്നും, മറ്റു പലയിടങ്ങളിലും ഇത്തരം തീപിടുത്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും, ഇപ്പോഴും ചിലതെല്ലാം കെടാതെ കത്തുന്നുണ്ടെന്നും പൊതുവേദിയിലെ ചര്‍ച്ചക്കാര്‍ക്ക് അറിയാമൊ ആവൊ.


മനുഷ്യനിര്‍മിതമായ മാലിന്യക്കൂമ്പാരം ലോകത്ത് എല്ലായിടത്തും ഉണ്ട്. വികസിത രാജ്യങ്ങള്‍ ആണവ മാലിന്യങ്ങള്‍ അടക്കടലില്‍ തള്ളുന്നതും, ഇ-മാലിന്യവും, നിര്‍മാണമേഖലയിലെ മാലിന്യങ്ങളും മറ്റ് വികസ്വര, അവികസിത രാജ്യങ്ങളിലേക്കും ഒഴിവാക്കാറുണ്ട്. ഭൂമിക്ക് പുറത്ത് ബഹിരാകാശത്ത് പോലും ഇപ്പോള്‍ മനുഷ്യ നിര്‍മിത മാലിന്യം കൂടി വരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഒഴിവാക്കുന്നതു മുതല്‍, നിയന്ത്രണം നഷ്ടപ്പെട്ടതും, കാലഹരണപ്പെട്ടതും, തകര്‍ന്നതുമായ കൃത്രിമ ഉപഗ്രഹങ്ങളുടെ അവശിഷ്ട മരുപറമ്പായി മാറ്റപ്പെട്ടിട്ടുണ്ട്.

റോഡിലെ വാഹനങ്ങളുടെ പുകയും, വീടുകളില്‍ ചപ്പ് ചവറ് മാലിന്യം കൂട്ടികത്തിക്കുന്നതുമാണ് പലര്‍ക്കും ഏറ്റവും വലിയ മലിനീകരണം. അവക്ക് പിഴ ചുമത്താന്‍ തിരക്ക് കൂട്ടുന്ന അധികാരികള്‍ അമേരിക്കയിലെ ട്വിന്‍ ടവര്‍, ഭീകരര്‍ സ്‌ഫോടനത്തില്‍ തകര്‍ത്തതിന്റെ മാലിന്യം – സംസ്‌ക്കരണത്തിനെന്ന പേരില്‍ ഗുജറാത്തില്‍ സ്വീകരിച്ചത് അറിയാത്തവരാകില്ല, വികസിത രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കാറുള്ള ഇലട്രോണിക്ക് മാലിന്യം വലിയ തോതില്‍ രാജ്യത്ത് എത്തുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനാല്‍ അറിയില്ല. വികസിത രാജ്യങ്ങളില്‍ വലിയ ബ്രാന്‍ഡ് കമ്പനികളുടെ ഉത്പനങ്ങള്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ഗുണനിലവാരത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ഇവിടുത്തെ ഭരണവര്‍ഗം വലിയ വ്യവസായിക നേട്ടമായി ആഘോഷിക്കുമ്പോള്‍ ആ രാജ്യങ്ങള്‍ അവരുടെ സമൂഹത്തിന് അത്തരം വസ്തുക്കളുടെ നിര്‍മാണത്താലുണ്ടാകാവുന്ന മാലിന്യത്തിനെ ഒഴിവാക്കാനും, അവിടെ നിലവിലുള്ള ശക്തമായ നിയമ നിബന്ധനകള്‍ക്കനുസരിച്ച് മാലിന്യ സംസ്‌ക്കരണത്തിന് വലിയ ചിലവ് വരുന്നത് ഒഴിവാക്കുകയുമാണെന്ന് തിരിച്ചറിയാത്തവരാണ് ഇവിടെ ഏറ്റ് വാങ്ങാന്‍ മത്സരിക്കുന്നത്.
വായുവിലെ മാലിന്യത്തില്‍ വാഹനങ്ങളില്‍ നിന്ന് ഉള്ള പുക ഒഴിവാക്കാന്‍ ആധുനീക സമൂഹം കൊണ്ടു പിടിച്ച് പ്രയത്‌നിക്കുന്നത് ലോകം മോത്തം ഇപ്പോള്‍ കാണാം. വാഹനങ്ങള്‍ ഇലട്രിക്ക് ആക്കി ബാറ്ററിയില്‍ ഓടുന്നതിനാല്‍ പുക ഉണ്ടാകില്ല എന്ന വിവരക്കേട് പരത്തുന്നവര്‍ ഈ വാഹനങ്ങള്‍ ഓടിക്കുന്നതിനായി ഇലട്രിസിറ്റി ഉണ്ടാക്കുന്നതിനായി വലിയതോതില്‍ കല്‍ക്കരിയും ഡീസലും (രണ്ടും ഫോസില്‍ ഇന്ധനം) ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന താപവൈദ്യുതനിലയങ്ങളുടെ വന്‍ മലിനീകരണത്തെ കാണുന്നില്ല?? 2006 ല്‍ ചൈനയില്‍ ആണ് ലോകത്തെ ഏറ്റവും രൂക്ഷമായ ആസിഡ് മഴ പെയ്തിറങ്ങിയത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 2009 ല്‍ ചൈനയില്‍ ഉണ്ടായ വലിയ ഒരു മണ്ണിടിച്ചിലും മേല്‍ സൂചിപ്പിച്ച ആസിഡ് മഴയാല്‍ ആണെന്നും അത്തരത്തില്‍ രൂക്ഷമായ ആസിഡ് മഴക്ക് വഴി ഒരുക്കിയത് വര്‍ദ്ധിച്ചതോതിലുള്ള കല്‍ക്കരി ഉപഭോഗത്തിലെ മലിനീകരണം ആയിരുന്നെന്നും പഠനങ്ങളുണ്ട്.


ഇലട്രിക്ക് വാഹനങ്ങളിലെ ബാറ്ററികളുടെ നിര്‍മ്മാണത്തിനും, ഇലട്രോണിക്ക് ഉപകരണങ്ങളിലെ ic (ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്) ചിപ്പുകളിലും ഉപയോഗിക്കുന്ന സിലിക്ക/സിലിക്കണ്‍ മാരകമായ വിഷ മലിനീകരണം ഉണ്ടാക്കുന്നവയാണെന്നും പൊതു സമൂഹത്തിന് വേണ്ടത്ര അറിവില്ല.

വായുമണ്ഡലത്തിലെ പൊതു സമൂഹം അറിയാത്ത വലിയ മലിനീകരണം എന്നത് ലോകത്തെ എയര്‍ട്രാഫിക്കിംഗ് സംഭാവന ചെയ്യുന്നതാണ്. ലോകത്താകമാനം ലക്ഷക്കണക്കായ വിമാനങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് രാപകലില്ലാതെ പറക്കുന്നതിലൂടെ അവ പോകുന്ന പാതയില്‍ തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, നൈട്രജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ജലബാഷ്പം, സള്‍ഫര്‍ കോംബൗണ്ട്കള്‍, ഹെഡ്രോകാര്‍ബണ്‍ അവശിഷ്ടങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ അധികം ആരും അറിയാതെ മൂടിവെക്കപ്പെട്ടിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ആണ് ക്രമാതീതമായ ചൂട് രേഖപെടുത്തി വാര്‍ത്തകളില്‍ വന്നത്. വിശാലമായ വിമാനത്താവളങ്ങളില്‍ മരങ്ങളൊ മറ്റ് തണല്‍ മാര്‍ഗങ്ങളൊ ഇല്ലാത്തതിനാലൊ, അവിടങ്ങളില്‍ താപ വ്യതിയാനം അളക്കുന്ന സംവിധാനം ഉണ്ടായത് കൊണ്ടും മാത്രമല്ല ഈ രീതിയില്‍ അവിടുത്തെ ചൂടിനെ ശ്രദ്ധിക്കാനിടയായത്. ഒരോ അന്തര്‍ദേശിയ വിമാനത്താവളങ്ങളും നിശ്ചിത വിമാന റൂട്ടുകളാകുന്ന ഒരു അദൃശ്യ പാതയാല്‍ പരസ്പരം ബന്ധിക്കപ്പെട്ടതിനാല്‍ അതിലൂടെയുള്ള വിമാന സഞ്ചാരത്തിന്റെ ഫലമായി ആ റൂട്ടിലെ മാലിന്യങ്ങള്‍ വിമാന സഞ്ചാര ചലനങ്ങളാല്‍ ഇവിടങ്ങളില്‍ കൂടുതലായി എത്താന്‍ സാധ്യതയുണ്ട്.

വായുവിലെ രാസമാലിന്യങ്ങളേക്കാള്‍ ഏറെ അപകടകരമാണ് ദ്രവമാലിന്യങ്ങള്‍. ജനസാന്ദ്രത ഏറിയ നമ്മുടെ കൊച്ചു സംസ്ഥാനത്ത് ഒരു ചെറിയ ഭാഗത്ത് നിറയെ വീടുകള്‍ ആകുമ്പോള്‍ ആ പ്രദേശത്തെ ജലം വന്‍തോതില്‍ മലിനമാകും. ദൈനംദിന ഉപഭോഗത്തിലൂടെ അടുക്കള, കുളിമുറി, കക്കൂസ് മാലിന്യം പ്രത്യേകം കുഴികളില്‍ എത്തിക്കുന്നതോടെ മാലിന്യ സംസ്‌ക്കരണത്തിന്റെ സ്വന്തം ഉത്തരവാദിത്വം കഴിഞ്ഞെന്ന് കരുതുന്നവര്‍ കുടിവെള്ളത്തെ ആശ്രയിക്കുന്ന കിണറുകളിലേക്ക് മണ്ണിലൂടെ രാസമാലിന്യം എത്തുന്നത് അറിയാറില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും ക്ലോറിനേഷനും, തിളപ്പിച്ച് ഉപയോഗിക്കാനും പറഞ്ഞ് അവരുടെ വഴിപാട് ഉത്തരവാദിത്വം കഴിക്കുന്നു. ക്ലോറിനേഷനും, തിളപ്പിക്കലും ആ സമയം വെള്ളത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാം എന്നല്ലാതെ അപകടകരമായ സൂക്ഷ്മ രാസഘടനയെ മാറ്റുന്നില്ല. വലിയ ജല സ്രോതസുകളില്‍ എത്തുന്ന ഫാക്ടറികളിലേയും വന്‍കിട ആശുപത്രികളിലേയും രാസമാലിന്യങ്ങള്‍ അവ കടന്നു പോകുന്നയിടങ്ങളിലെല്ലാം വിഷം വ്യാപിക്കാനിടയാക്കുന്നു. തികച്ചും നേരിയ തോതില്‍ സ്ഥിരമായി ഈ വിഷമാലിന്യം ജീവ ശരീരത്തില്‍ എത്തുന്നതോടെ പെട്ടെന്നുള്ള മരണത്തേക്കാള്‍ മാറാരോഗങ്ങളും പ്രയാസങ്ങളും പിടികൂടാം.
കൊച്ചി ബ്രഹ്‌മപുരത്തെ പുക മാലിന്യത്തെ ആഘോഷമാക്കുന്നവര്‍ നൂറ്റി ചില്ലറനം ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന വിവിധ മാലിന്യങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ മഴവെള്ളത്തിനോടൊപ്പവും, ആ പ്രദേശത്തെ ചതുപ്പിലൂടെയും ഊര്‍ന്നിറങ്ങി വീടുകളിലേക്ക് വര്‍ഷങ്ങളായി വെര് പടര്‍ത്തുന്നത് പിഴ ചുമത്തുന്നവരും പഴി പറയുന്നവരും കാണുന്നില്ല എന്നതും മാലിന്യ സംസ്‌ക്കരണം എന്നത് ഒരോ വ്യക്തിയുടേയും ഉത്തരവാദിത്വവും കടമയുമാണെന്ന കാര്യം ഉറപ്പിക്കുന്നതാണ്.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പല പദ്ധതികളും ലോകത്ത് പലയിടത്തും ഉണ്ടെങ്കിലും അവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വിജയകരമല്ല. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നത് ഖരമാലിന്യത്തെ കത്തിച്ച് ആ ചൂടില്‍ വാതകം/ നീരാവി എന്നിവയാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ആണ്. രാജ്യത്ത് 5690 MW വൈദ്യുതി ഇത്തരത്തില്‍ മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കാനുള്ള സൗകര്യം നിലവില്‍ ഉണ്ട്. ഭാരിച്ച ചിലവും ഖരമാലിന്യത്തിന്റെ സ്ഥിര ലഭ്യത കുറവും, മലിനീകരണം തീരെ ഇല്ലാതാക്കുന്നില്ല എന്നതും ഈ സംവിധാനത്തിന്റെ താള പിഴക്ക് കാരണമാകും.