നായകൾ 'ആത്മഹത്യ' ചെയ്യുന്ന ഓവർടൗൺ പാലം !

മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മൃഗങ്ങൾ ആത്മഹത്യ ചെയ്യുന്ന കാര്യം ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരമൊരു വിചിത്രമായ സംഭവത്തിന് സാക്ഷിയാണ് സ്കോട്ട്ലണ്ട്. സ്കോട്ട്ലണ്ടിലെ ഡംബാർട്ടനിലെ ഓവർടൗൺ പാലത്തിൽ നിന്ന് താഴേക്ക് താഴേക്ക് ചാടിയത് 600ലധികം നായകളാണ് എന്നാണ് പറയപ്പെടുന്നത്. ഇതിൽ 50 ലധികം നായകൾ ചത്തതായാണ് കണക്കുകൾ പറയുന്നത്.

ഓവർടൗൺ സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ അൻപതടിയോളം താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരു വശത്തുള്ള ഒരേ പോയിന്റിൽ നിന്നാണ് താഴെയുള്ള പാറയുടെ മുകളിലേക്ക് ചാടി ചാവുന്നത്.

പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായകളുടെ ആഗ്രഹമോ ഒന്നുമല്ല മറിച്ച്, അബദ്ധത്തിൽ ഉയരത്തിൽ നിന്ന് ചാടാനുള്ള ത്വരയാണ് നായകളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ചിലർ പറയുന്നത് മുൻപുണ്ടായിരുന്ന ലേഡി ഓവർടൗണിന്റെ പ്രേതം വളർത്തുമൃഗങ്ങളിലേക്ക് കൈമാറുന്നുവെന്നാണ്. നീണ്ട മൂക്കുകൾ ഉള്ള വർഗത്തിൽപ്പെട്ട നായകൾ ആണ് പാലത്തിൽ നിന്ന് ചാടുന്നതിലേറെയും എന്നതും ഇതിൽ നിഗൂഢത ഉണർത്തുന്നു. ഇതോടെ ഈ പാലം ഡോഗ് സൂയിസൈഡ് ബ്രിഡ്ജ് എന്ന് അറിയപ്പെടാനും തുടങ്ങി.

പ്രഥമദൃഷ്‌ടിയിൽ തന്നെ അസ്വാഭാവികത തോന്നിപ്പിക്കുന്നതാണ് ഓവർടൗൺ പാലം. 1895ൽ ആർക്കിടെക്ട് എച് ഇ മിൽനെർ ആണ് പാലത്തിന്റെ ശില്പി. 1859 ൽ ഓവർടൗൺ ഫാം സ്കോട്ടിഷ് വ്യവസായി ജെയിംസ് വൈറ്റ് ഏറ്റെടുത്തു കെമിക്കൽ നിർമാണ ബിസിനസിന് തുടക്കവുമിട്ടു. മൂന്ന് വർഷത്തിന് ശേഷം 1862 ൽ ഓവർ ടൌൺ ഹൌസ് നിർമിച്ചു.

1884ൽ വൈറ്റ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ജോൺ ക്യാമ്പ്ബെൽ വൈറ്റ് വീടും എസ്റ്റേറ്റും ഏറ്റെടുത്തു. എളുപ്പത്തിൽ വീട്ടിലേക്ക് പ്രവേശിക്കാനായി മലയിടുക്കിലൂടെ ആഴത്തിലുള്ള ഡ്രൈവ് വേ നിർമിക്കാൻ പദ്ധതിയിട്ടു. ലാൻഡ്‌സ്‌കേപ്പ് ആർകിടെക്റ്റും സിവിൽ എഞ്ചിനീറുമായ ഹെൻറി മില്ലറെ പാലം രൂപകൽപന ചെയ്യാൻ അദ്ദേഹം നിയമിച്ചു, അങ്ങനെയാണ് ഈ പാലം നിർമിക്കുന്നത്.

ഇപ്പോൾ ചായമെല്ലാം തേഞ്ഞു പോയ, പായൽ പിടിച്ച ചുറ്റുമതിലും, ഇരുവശവും കാട് കേറിയ നിലയിൽ മരങ്ങളും വള്ളിപ്പടർപ്പുകളും പടർന്നിരിക്കുകയാണ് പാലവും സമീപ പ്രദശങ്ങളും. നിഗൂഢത നിറഞ്ഞ ഈ പാലം അൻപത്തടി ഉയരത്തിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. താഴെ വെള്ളമില്ല. വീണയുടൻ ജീവനെടുക്കാൻ പാകത്തിന് കൂർത്ത കരുത്തുറ്റ പാറക്കല്ലുകൾ മാത്രമാണ് ഉള്ളത്.

ഈ പാലത്തിൽ നായകൾ എത്തുമ്പോൾ ഒരു വിചിത്ര സ്വഭാവവും കാണിക്കുന്നു എന്നാണ് ഉടമകൾ പറയുന്നത്, 2014 ൽ പാലത്തിൽ വച്ച് വളർത്തുനായയെ നഷ്ടപ്പെട്ട ആലിസ് പറയുന്നത് ഇങ്ങനെയാണ് ‘ഞാനും ഞങ്ങളുടെ വളർത്തു നായ കാസിയും പാലത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് എന്തോ കണ്ടത് പോലെ കാസി നിന്നു. പാലത്തിനു മുകളിലേക്കാണ് കാസി നോക്കി നിന്നത്. പെട്ടെന്ന് പാലത്തിന് മുകളിലൂടെ എടുത്തു ചാടുകയും ചെയ്തു. അവൻ അവിടെ എന്തോ കണ്ടു എന്നത് ഉറപ്പാണ്. കാരണം ഒരിക്കലും ഇങ്ങനെയൊന്നും കാണിക്കാത്ത നായയായിരുന്നു അവൻ’.

അതേവർഷം തന്നെ മറ്റൊരു വളർത്തുമൃഗ ഉടമയായ കെന്നത്ത് മൈക്കൾ തന്റെ ഗോൾഡൻ റിട്രീവരുമായി പാലത്തിലൂടെ നടക്കുമ്പോൾ നായ പെട്ടെന്ന് പാലത്തിൽ നിന്ന് ചാടിയെങ്കിലും രക്ഷപെട്ടു. എന്തുകൊണ്ടാണ് നായകൾക്ക് പാലത്തിൽ നിന്ന് എടുത്തു ചാടാൻ തോന്നുന്നത് എന്നതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്തരം അസാധാരണ സംഭവങ്ങൾക്ക് പിന്നിൽ ആരോപിക്കപ്പെടുന്ന പ്രേതബാധ തന്നെയാണ് ഇവിടെയും നാട്ടുകാർ പറഞ്ഞു നടക്കുന്നത്.

ആ കഥ ഇങ്ങനെയാണ്, പതിറ്റാണ്ടുകൾക്കു മുൻപാണ്, 1908ലാണ് വൈറ്റ് ലേഡി ഓഫ് ഓവർ ടൗണിന്റെ ഭർത്താവ് മരണപ്പെടുന്നത്. മുപ്പത് വർഷത്തോളം ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്ത് കഴിഞ്ഞിരുന്ന വൈറ്റ് ലേഡി ഒടുവിൽ ഈ പാലത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് മുതൽ അവരുടെ ആത്മാവ് ഗതികിട്ടാതെ പാലത്തിലൂടെ അലഞ്ഞു നടക്കുകയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഓവർടൗൺ കോട്ടയുടെ ജനാലയിൽ അവരുടെ രൂപം കണ്ടുവെന്നും ചിലരുടെ അവകാശവാദമുണ്ട്. പക്ഷെ എന്തുകൊണ്ടാണ് നായകൾ മാത്രം അവിടെ നിന്ന് ചാടി ആത്മഹത്യ ചെയുന്നത് എന്നതിനുള്ള ഉത്തരം ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്. ഇന്ന് സ്കോട്ട്ലണ്ടിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഓവർടൗൺ പാലം. ഈ അത്ഭുത പാലം കാണാൻ മാത്രമായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഓവർടൗൺ പാലത്തിലൂടെ നായകളുമായി പോകുന്നവർ സൂക്ഷിക്കുക എന്ന ഒരു ബോർഡും ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്.