പ്രഭാത സവാരിക്കിറങ്ങി; കഞ്ചാവടിച്ച് ബോധരഹിതനായി വളര്‍ത്തുനായ

വാര്‍ത്തകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് കഞ്ചാവ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി പല സ്ഥലങ്ങളിലും കഞ്ചാവ് കടത്തല്‍ നടക്കുന്നതായും പലതും പിടിച്ചെടുക്കുന്നതുമായ നിരവധി വാര്‍ത്തകള്‍ അടുത്ത കാലാത്തായി നാം കാണുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിചിത്രമായി കഞ്ചാവ് കഴിച്ച് ഒരു നായക്ക് ബോധം പോയ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ഇംഗ്ലണ്ടിലാണ് സംഭവം. നോട്ടിംഗ്ഹാംഷെയറിലെ ടക്സ്ഫോര്‍ഡിന് സമീപം പ്രഭാത നടത്തത്തിന് ഇറങ്ങിയ വളര്‍ത്തുനായയാണ് ബോധം കെട്ട് വീണത്. വെറ്റിനറി സര്‍ജനായ ജാനിസ് ഡിക്സനിന്റെ ബോര്‍ഡര്‍ ടെറിയര്‍ പ്രിങ്കിള്‍ എന്ന വളര്‍ത്തുനായ നടത്തത്തിനിടയില്‍ ക്ഷീണിതനായി വീണു. തുടര്‍ന്ന് പ്രിങ്കിളിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് അത് കഞ്ചാവ് കഴിച്ചിട്ടുണ്ടെന്നും അതിനാലാണ് ബോധം നഷ്ടപ്പെട്ടത് എന്നും മനസ്സിലായത്.

പിന്നീട് നടക്കാനിറങ്ങിയ വഴിയില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തി. അതില്‍ കഞ്ചാവും ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി ജാനിസ് ഡിക്സന്‍ പറഞ്ഞു. ആറ് മാസം പ്രായമുള്ള നായയാണ് കഞ്ചാവ് കഴിച്ച് ബോധരഹിതനായത്. വളര്‍ത്തു മൃഗങ്ങളുമായി പുറത്ത് പോകുന്നവര്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

Read more