പളുങ്ക് പോലെ മുഖകാന്തി വേണോ..? എങ്കില്‍ കൊറിയന്‍ സ്‌റ്റൈലില്‍ സുന്ദരിയാകാം, പണച്ചെലവില്ലാതെ

കുറേ നാളുകളായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് കൊറിയന്‍ ബ്യൂട്ടി ടിപ്‌സ് എന്നത്. സുന്ദരിമാരും സുന്ദരന്മാരുമാകാന്‍ പലരും കൊറിയന്‍ സൗന്ദര്യവര്‍ദ്ധക  ഉത്പന്നങ്ങള്‍ക്ക് പുറകേ ഓടുന്നുമുണ്ട്. എന്നാല്‍ കൊറിയക്കാര്‍ സൗന്ദര്യം സംരക്ഷിക്കുന്നതിനായി സൗന്ദര്യവര്‍ദ്ധക വസ്തുക്കളേക്കാള്‍ നിരവധി രീതികള്‍ സ്വീകരിക്കുന്നവരാണ്. ചെറിയപ്രായത്തില്‍ തന്നെ ചര്‍മ്മസംരക്ഷണത്തെ കുറിച്ച് അവര്‍ പഠിച്ചും പഠിപ്പിച്ചും തുടങ്ങും. പാടുകളോ ചുളിവുകളോ ഇല്ലാത്ത കൊറിയന്‍ സ്ത്രീകളുടെ ചര്‍മ്മം കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ അങ്ങനെ ആകണമെന്ന്.

ചിട്ടയായ ഡയറ്റും മികച്ച പരിചരണവും വഴിയാണ് അവര്‍ ഇത് കൈവരിക്കുന്നത്. കൊറിയന്‍ സുന്ദരികള്‍ പിന്തുടരുന്ന ചില രീതികള്‍ നമ്മളും സ്വായക്തമാക്കുകയാണെങ്കില്‍ നല്ല പളുങ്കു പോലെ തിളങ്ങുന്ന മുഖകാന്തി നേടിയെടുക്കാം. ക്രീമുകള്‍ക്കും ഫേയ്‌സ്പാക്കുകള്‍ക്കും പിന്നെ കുറെ ബ്യൂട്ടി പാര്‍ലറുകളിലും കൊടുക്കുന്ന പണത്തിന്റെ പകുതി ചെലവ് വരുന്നില്ല ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്കൊന്നും. സാധാരണ സൗന്ദര്യ സംരക്ഷണ രീതികളില്‍ നിന്ന് വ്യത്യസ്തവും വളരെ വേഗത്തില്‍ ഫലം നല്‍കുന്നതുമായ ഈ രീതികള്‍ ഏറെ പ്രശസ്തവുമാണ്.

മുഖ വ്യായാമം

ശരീരത്തിന്റെ ആകാരവടിവുകളും ഷേയ്പ്പുമെല്ലാം കൈവരിക്കാന്‍ നമ്മള്‍ വ്യയാമം ചെയ്യാറുണ്ട്. അതുപോലെ സൗന്ദര്യത്തിന്റെ അഴകളവുകളില്‍ മുഖത്തിന്റെ ആകൃതിയും വളരെ പ്രധാനമാണ്. വ്യായാമമില്ലാത്ത മുഖം വ്യായാമമില്ലാത്ത ശരീരം പോലെ തന്നെയിരിക്കും. ഈ പ്രശ്‌നം മറികടക്കാനാണ് കൊറിയന്‍ സുന്ദരികള്‍ പതിവായി മുഖവ്യായാമം ചെയ്യുന്നത്. ചുളിവുകള്‍ വീഴാതെ തിളക്കമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ അതുവഴി സാധിക്കും. പല കൊറിയന്‍ സുന്ദരികളേയും കണ്ടാല്‍ നമുക്ക് പ്രായം കണക്കാക്കാനാവില്ല. 50 വയസുള്ള സ്ത്രീയും ഇരുപതുകാരിയെ പോലെ ഇരിക്കുന്നുണ്ടെങ്കില്‍ അവര്‍ പതിവായി ചെയ്യുന്ന മുഖവ്യായാമമാണ് കാരണം. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അവ മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിന് പകരം വിരലുകള്‍ കൊണ്ട് ചൂടാക്കിയതിന് ശേഷം മുഖത്ത് മസാജ് ചെയ്ത് പിടിപ്പിക്കുന്നതാണ് കൊറിയന്‍ രീതി. ഈ മസാജിലൂടെ മുഖത്തെ പേശികള്‍ മൃദുവാവുകയും ചുളിവുകള്‍ വിഴാതെ ഇരിക്കുകയും ചെയ്യും.

Korean Skin Care: The 10-step Korean skin-care routine

ആവി പിടിക്കല്‍

ബ്യൂട്ടി പാര്‍ലറില്‍ ചെല്ലുമ്പോള്‍ മുഖത്തെ സുഷിരങ്ങള്‍ തുറക്കാനും അടിഞ്ഞുകൂടി കിടക്കുന്ന അഴുക്കുകളെ ഇല്ലാതാക്കാനും നമ്മുടെ മുഖം ആവി കൊള്ളിക്കാറില്ലേ. സംഭവം അതുതന്നെ. ഈ പരിപാടി ശരിക്കും കൊറിയാക്കാര്‍ ആണ് പഠിപ്പിച്ചത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും നിര്‍ബന്ധമായും ആവി പിടിക്കണമെന്നാണ് കൊറിയന്‍ പക്ഷം. ഇങ്ങനെ ചെയ്യുന്നത് മൂലം ചര്‍മ്മ സുഷിരം വൃത്തിയായി സൂക്ഷിക്കുന്നതിനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും വളരെ നല്ലതാണ്.വീട്ടില്‍ തന്നെ നമുക്ക് ആവി പിടിക്കാം. ചൂടുവെള്ളത്തില്‍ ഒരല്‍പ്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ആവി പിടിയ്ക്കുകയാണെങ്കില്‍ ചര്‍മ്മം എപ്പോഴും ഫ്രഷായും മൃദുവായും നിലനിര്‍ത്താം.

ചൂടുവെള്ളത്തിലെ കുളി

മുഖം മാത്രമല്ല ശരീരം മുഴുവനും കാത്തുസൂക്ഷിക്കുന്നവരാണ് കൊറിയാക്കാര്‍. പുരുഷന്‍മാര്‍ പോലും ഭയങ്കര ഹെല്‍ത്ത്‌ കോണ്‍ഷ്യസുള്ളവരാണ്. മുഖത്തിന് ആവി കൊള്ളുന്നതു പോലെ തന്നെ ചൂടുവെള്ളത്തിലെ കുളിയും കൊറിയന്‍ ചര്‍മ്മസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ വല്ലപ്പോഴും ചെയ്യുന്നതു പോലെയല്ല. ദിവസവും ചൂടുവെള്ളത്തിലാണ് ഇവരുടെ കുളി. ഇതുമൂലം ചൂടുവെള്ളം ശരീരചര്‍മ്മ സുഷിരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ശരീരത്തിന് ഉണര്‍വും ഊര്‍ജ്ജവും നല്‍കുന്നു.ചര്‍മ്മം നന്നായി വൃത്തിയാക്കുന്നതോടൊപ്പം മൃദുവാക്കി മാറ്റാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് എന്നും ചൂടുവെള്ളത്തില്‍ കുളിക്കാന്‍ സാധിച്ചില്ലെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇത് തുടരാന്‍ ശ്രമിക്കാം.

Cream Skin Is The New Korean Beauty Trend For 2020

ചായ കുടിച്ച് സൗന്ദര്യം കൂട്ടാം

ചായ കുടിച്ചാല്‍ എങ്ങനെ മുഖസൗന്ദര്യം വര്‍ദ്ധിക്കുമെന്നാണോ ചിന്തിക്കുന്നത്. എങ്കില്‍ സാദാ ചായ കുടിച്ചാല്‍ പോരാ, അതിനാണ് ഗ്രീന്‍ ടി പോലെയുള്ളവ.ഗ്രീന്‍ ടീ, റോസ്റ്റഡ് ബാര്‍ലി ടീ എന്നിങ്ങനെ നിരവധി തരത്തിലുള്ള ചായകള്‍ കൊറിയന്‍ സ്ത്രീകള്‍ സൗന്ദര്യ വര്‍ദ്ധനയ്ക്ക് ഉപയോഗിക്കാറുണ്ട്. മുഖക്കുരു, ചര്‍മ്മത്തിലെ ചുളിവുകള്‍ തുടങ്ങി നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവ സഹായിക്കുന്നു. ഇത്തരം ചായകള്‍ ചര്‍മ്മം തിളങ്ങാനും വണ്ണം കുറയ്ക്കാനും അനുയോജ്യമാണ്. ഗ്രീന്‍ ടി ശീലമാക്കിയാല്‍ മുഖസൗന്ദര്യത്തോടൊപ്പം ശരീരവടിവ് നിലനിര്‍ത്താനും അമിതവണ്ണം കുറയ്ക്കാനുമെല്ലാം സാധിക്കും.

കവിളില്‍ തലോടലല്ല, തട്ടിക്കൊടുക്കണം

നമ്മളൊക്കെ സാധാരണ ക്രീമുകളും മോയിസ്ച്യൂറസൈറും ടോണറുമെല്ലാം മുഖത്ത് തേച്ചു പിടിപ്പിക്കുകയാണല്ലോ ചെയ്യാറ്. എന്നാല്‍ ഇവ ചര്‍മ്മത്തില്‍ നന്നായി ചേര്‍ന്ന് ഫലം ലഭിക്കണമെങ്കില്‍ ടാപ്പ് ചെയ്യുകയാണ് വേണ്ടതെന്ന് കൊറിയക്കാര്‍. ടാപ്പ് ചെയ്യുക എന്നു വെച്ചാല്‍ കൈവിരല്‍ കൊണ്ട് മുഖത്ത് തട്ടിക്കൊടുക്കണമെന്ന്.ചര്‍മ്മ സംരക്ഷണ ലേപനങ്ങള്‍ മുഖത്ത് പുരട്ടിയ ശേഷം ചെറിയ തോതില്‍ ടാപ്പ് ചെയ്ത് കൊടുത്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന് അവര്‍ പറയുന്നു.

7 Korean Makeup Tips and Tricks To Look Younger | Be Beautiful India

നൈറ്റ് ഫെയ്‌സ് മാസ്‌കുകള്‍

ഇപ്പോള്‍ വിപണിമായില്‍ പലതരത്തിലുള്ള ഫെയ്‌സ്മാസ്‌കുകള്‍ ലഭ്യമാണ്. കൊറിയന്‍ രീതിയില്‍ രാത്രി മോയ്‌സ്ച്യുറൈസിങ്ങ് മാസ്‌കുകള്‍ ധരിച്ചു കിടക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളൊക്കെ ഒരു പരിധി വരെ മാറുന്നതും കോശങ്ങള്‍ പുനരുജ്ജീവിക്കുന്നതും രാത്രിയിലാണല്ലോ. അതുകൊണ്ട് നല്ലൊരു ഫെയ്‌സ്മാസ്‌ക് തിരഞ്ഞെടുക്കാം. രാത്രിയില്‍ അത് ധരിച്ച് കിടന്നുറങ്ങി നോക്കു. ഫലം നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാനാകും.

വളരെ എളുപ്പത്തിലും അധികചെലവുമില്ലാതെ ചെയ്യാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. ജീവിതത്തില്‍ ചില ചിട്ടകള്‍ കൊണ്ടുവന്നാല്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കും. ഇത്തരത്തിലുള്ള പല മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം കൃത്യമായ സമയങ്ങളിലെ ഭക്ഷണവും പോഷകാഹാരങ്ങളും ആവശ്യത്തിന് വെള്ളവും ശരീരത്തിന് ലഭിച്ചാല്‍ മുഖകാന്തിയും സൗന്ദര്യവും വര്‍ദ്ധിക്കും.