ഒരുപിടി ചെറുപയറുണ്ടോ? മുഖവും മുടിയും വെട്ടിത്തിളങ്ങും

നിറയെ പ്രോട്ടീനുള്ള ചെറുപയർ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ചെറുപയർപൊടി മുഖവും തലമുടിയും കഴുകാനും ഉപയോഗിക്കാറുണ്ട്.പക്ഷേ മുഖത്തിനും മുടിയ്ക്കും വേണ്ട പരിരക്ഷണം ഏതൊക്കെ വിധത്തിൽ ചെറുപയറിന് നൽകാൻ കഴിയുമെന്ന് എത്രപേർക്കറിയാം.
മങ്ങിയതും വരണ്ടതുമായ ചര്‍മ്മം, സണ്‍ ടാന്‍, മുഖക്കുരു എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായും മുടി വളരാനുള്ള വഴിയായും ചെറുപയര്‍ പായ്ക്കുകള്‍ ഉപയോഗിക്കാം. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തിന് പ്രകൃതിദത്തമായ തിളക്കം ഉറപ്പാക്കാനും മുടിയുടെ അവസ്ഥ മെച്ചപ്പെടുത്താനും മുടിപൊട്ടല്‍ കുറയ്ക്കാനും വളരെ ശക്തിയുള്ള ഘടകമാണ് ചെറുപയര്‍. മുടിയെയും മുഖത്തെയും ചെറുപയർ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നും ഇനി അറിയാം.

ചര്‍മ്മത്തിന് ചെറുപയർ

ചെറുപയറിന്റെ ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍ പണ്ടുമുതല്‍ക്കേ പേരുകേട്ടതാണ്. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ചെറുപയര്‍. മാത്രമല്ല ചര്‍മ്മത്തില്‍ നിന്ന് സണ്‍ ടാന്‍ നീക്കംചെയ്യാനും മുഖക്കുരു നീക്കംചെയ്യാനും മറ്റു പലതിനും ഇത് ഉത്തമമാണ്. ചെലവ് കുറഞ്ഞ രീതിയില്‍ നിങ്ങള്‍ക്ക് ഒരു ഫെയ്‌സ് പാക്ക് ആയി ചെറുപയര്‍ ഉപയോഗിക്കാം.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മം ഉള്ളവരാണ് നിങ്ങളെങ്കില്‍ അതില്‍ നിന്ന് രക്ഷനേടാന്‍ ചെറുപയര്‍ സഹായിക്കും. പാലില്‍ മുക്കിയെടുത്ത ചെറുപയര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ് മാസ്‌ക് തയാറാക്കി ഉപയോഗിക്കാം. രാത്രിയില്‍ ഒരു പാത്രത്തില്‍ പാലെടുത്ത് അതില്‍ ചെറുപയര്‍ മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ ചെറുപയര്‍ പൊടിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തുടനീളം പുരട്ടി അല്‍പനേരം കഴിഞ്ഞ് നനഞ്ഞ തൂവാല കൊണ്ട് തുടച്ചുകളയുക.

മുഖക്കുരുവിന്

ഒരു രാത്രി ചെറുപയര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. രാവിലെ ഇതെടുത്ത് അരച്ച് ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് മുഖത്ത് പുരട്ടുക. കൈകൊണ്ട് മുഖം മസാജ് ചെയ്യുക. അതിനുശേഷം പായ്ക്ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയണം. ആഴ്ചയില്‍ മൂന്നുതവണ ഈ മാസ്‌ക് പുരട്ടുക. സ്വാഭാവികമായും മിനുസമാര്‍ന്നതും മുഖക്കുരു ഇല്ലാത്തതുമായ ചര്‍മ്മം ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

 

മുഖത്തെ രോമം ഒഴിവാക്കാന്‍

നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ചില രോമങ്ങള്‍ നിങ്ങളുടെ മുഖത്തുണ്ടാവും. അങ്ങനെയെങ്കില്‍ ഈ ഫെയ്‌സ് മാസ്‌ക് പരീക്ഷിക്കുന്നത് നല്ലതാണ്. കുറച്ച് ചെറുപയര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് പൊടിച്ചെടുത്ത് പേസ്റ്റ് ഉണ്ടാക്കുക, തുടര്‍ന്ന് കുറച്ച് ഓറഞ്ച് തൊലി പൊടിയും ചന്ദനപ്പൊടിയും ചേര്‍ക്കുക. ഈ ചേരുവകള്‍ ചേര്‍ത്ത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം പേസ്റ്റ് നീക്കം ചെയ്യുക. ആഴ്ചയില്‍ മൂന്നുതവണ ഈ മാസ്‌ക് പ്രയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കും.

മുടിക്ക് ചെറുപയര്‍

ചെറുപയര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സംഭവിക്കും. അതിനാലാണ് പല കേശസംരക്ഷണ ഉത്പന്നങ്ങളിലും ചെറുപയര്‍ ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ തലയോട്ടി ആരോഗ്യകരമാക്കുകയും മുടിക്ക് ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യും.

ചെറുപയര്‍ ഹെയര്‍ മാസ്‌ക്

ചെറുപയര്‍ ഒരുരാത്രി വെള്ളത്തിലിട്ട് കുതിർക്കുക.രാവിലെ ചെറുപയറെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. മുടിയുടെ നീളം അനുസരിച്ച് 1 അല്ലെങ്കില്‍ 2 മുട്ടകള്‍ ചേര്‍ക്കുക. ഈ പേസ്റ്റിലേക്ക് 2 ടേബിള്‍സ്പൂണ്‍ തൈരും 1 നാരങ്ങ നീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. എല്ലാ ചേരുവകളും മുടിക്ക് നീളത്തില്‍ പുരട്ടുക, മസാജ് ചെയ്യുക. മാസ്‌ക് 15 മിനിറ്റ് നേരം കഴിഞ്ഞ് മൃദുവായ ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകുക.