സ്വര്‍ണമാലയും കൂളിംഗ് ഗ്ലാസും വെച്ച് 'റാപ്പ് കുര്‍ബാന'യുമായി ജർമ്മൻ വികാരി

നീലത്തൊപ്പിയും, വയലറ്റ് നിറത്തിലുള്ള കൂളിങ് ഗ്ലാസും, വലിയ കട്ടിയുള്ള സ്വര്‍ണ മാലയും അണിഞ്ഞ് റാപ്പ് താളത്തിൽ കുർബാന അർപ്പിക്കുന്ന ഒരു വികാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ അടക്കം ഇപ്പോൾ താരമായി മാറിയിരിക്കുന്നത്. ജര്‍മ്മന്‍ നഗരമായ ബവാരിയയിലെ ഹമ്മല്‍ബര്‍ഗിലെ ഒരു പള്ളിയിലെ തോമസ് എഷൻബാചർ എന്ന വികാരിയാണ് വ്യത്യസ്തമായ ഞായറാഴ്ച്ച കുര്‍ബാന അര്‍പ്പിച്ച് വൈറലായിരിക്കുന്നത്. റോമന്‍ രീതിയിലോ സിറിയന്‍ രീതിയിലോ അല്ലാതെ റാപ്പിന്റെ താളത്തിൽ കൂളിംഗ് ഗ്ലാസും തൊപ്പിയും അണിഞ്ഞാണ് വികാരി കുർബാന അർപ്പിച്ചത്.

വീഡിയോ ട്വിറ്ററിൽ പങ്കുവച്ചതോടെ പിന്നീട് വൈറലായി മാറുകയായിരുന്നു. ലാറ്റിൻ കുർബാനയ്‌ക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജർമ്മൻ പുരോഹിതൻ അൾത്താരയിൽ നിന്ന് റാപ്പ് ചെയ്യുന്നു എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കാത്തലിക്ക് അരീന എന്ന ട്വിറ്റര്‍ അക്കൗണ്ട് കുറിച്ചത്. നിരവധി ആളുകൾ വിഡിയോയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം വീഡിയോയെ എതിർത്ത് രംഗത്തെത്തി. കൂള്‍ ആന്‍ഡ് ക്രിയേറ്റീവ് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം പറഞ്ഞത് വിശ്വാസത്തെ കളിയാക്കുകയാണ് എന്നാണ്.

എന്നാൽ പുരോഹിതന്‍ പുതിയ കാലത്തേക്ക് വിശ്വാസത്തെ ഉയര്‍ത്തുകയാണെന്നായിരുന്നു ചിലര്‍ വീഡിയോയുടെ താഴെ കുറിച്ചത്. ഇതിനു മുൻപും ഇടവകകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള വികാരിയാണ് ഫാ. എഷൻബാചർ. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ ഞായറാഴ്ച്ച കുർബാന വ്യത്യസ്തമാക്കിയെന്നാണ് ഫാ. എഷൻബാഹറിന്റെ വിശദീകരണം. കൂടാതെ താന്‍ റാപ്പ് സംഗീതമൊന്നും കേള്‍ക്കുന്ന വ്യക്തിയല്ലെന്നും വികാരി പ്രതികരണം അറിയിച്ചു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.