പ്രതിദിനം അഞ്ഞൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം; കൊച്ചിയുടെ വയര്‍ നിറയ്ക്കുന്ന 'ഫെയ്‌സി'ന് പുതിയ ആസ്ഥാന മന്ദിരം

കൊച്ചി നഗരത്തിലെ തെരുവോരങ്ങളില്‍ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേര്‍ക്ക് ദിവസേന സൗജന്യ ഭക്ഷണം നല്‍കുന്ന ഫെയ്‌സ് ഫൗണ്ടേഷന്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഗാന്ധിനഗറില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫീസിന് സമീപമാണ് പുതിയ ഓഫീസും ഊട്ടുപുരയും ആരംഭിച്ചത്. ദിവസേന അഞ്ഞൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രൊഫ. എം.കെ സാനുവാണ് ഫെയ്‌സ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്.

പുതിയ മന്ദിരത്തിന്റെയും ഊട്ടുപുരയുടെയും ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. ജനങ്ങളുടെ ആശാ കേന്ദ്രമായി ഫെയ്‌സ് മാറണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സത്യസന്ധമായും ആത്മാര്‍ഥമായുമുള്ള പ്രവര്‍ത്തനങ്ങളാണ് ഫെയ്‌സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് ഓഫീസിന് മുന്നില്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുഡ് ബോക്‌സും സ്ഥാപിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍ മുഖ്യാതിഥിയായിരുന്നു. ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി ടി.ആര്‍ ദേവന്‍ അധ്യക്ഷത വഹിച്ചു. ലൈറ്റ് ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് സേഠ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പഠന സഹായ വിതരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.വി ഷാജി നിര്‍വഹിച്ചു.

ഫെയ്‌സ് സെക്രട്ടറി സുഭാഷ് ആര്‍ മേനോന്‍, സീഫി ഡയറക്ടര്‍ ഡോ. മേരി അനിത, റസിഡന്റ്‌സ് അപക്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.എസ് മാധവന്‍, ആര്‍.ഗിരീഷ്, അഡ്വ.എ.സാലിഷ്, രത്‌നമ്മ വിജയന്‍, കടവന്ത്ര ഈസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എസ്.മോഹന്‍, കുമ്പളം രവി, എം.എന്‍ ഗിരി, എം.ആര്‍ ആശിഷ്, കാവ്യ അന്തര്‍ജനം പി.ആര്‍.ഒ വിനു വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

ഫെയ്‌സ് വൈസ് ചെയര്‍മാന്‍ ഡോ.ടി.വിനയ് കുമാര്‍ സ്വാഗതവും ഓഡിറ്റര്‍ എ.എസ് രാജന്‍ നന്ദിയും പറഞ്ഞു.