ദിവസവും 'നെല്ലിക്ക' ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ !

വൈറ്റമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്ക നിരവധി രോഗങ്ങളുടെ ശമനത്തിനായി നമ്മുടെ നാട്ടിൽ ഉപയോഗിച്ചുവരുന്നു. വൈറ്റമിൻ -സി, ആന്‍റി ഓക്‌സിഡന്റുകൾ, വൈറ്റമിൻ-ബി, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും.

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. പൊതുവെ രോഗപ്രതിരോധശേഷി കുറയുന്നവരിലാണ് പലപ്പോഴും രോഗങ്ങൾ കണ്ടുവരുന്നത്. അതിനാൽ രോഗപ്രതിരോധശേഷി നിലനിർത്തേണ്ടത് അനിവാര്യമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയും മറ്റ് ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി വർധിപ്പിക്കും എന്നുമാത്രമല്ല, ജലദോഷത്തിനും ചുമയ്‌ക്കും കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയുടെ എട്ട് ഇരട്ടിയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ ദിവസവും നെല്ലിക്ക കഴിക്കുകയോ നെല്ലിക്കയുടെ ജ്യൂസോ കുടിക്കുന്നത് നല്ലതാണ്.

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെല്ലിക്കയുടെ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ദഹനം മെച്ചപ്പെടുത്തുകയും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കും. മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും നെല്ലിക്കയുടെ നീര് കുടിക്കുന്നത് ആശ്വാസമേകും. അള്‍സര്‍ ഉള്ളവര്‍ക്കും ഇത് വളരെയധികം ഗുണം നൽകും. വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം നിലനിർത്താനും നെല്ലിക്കയ്ക്ക് സാധിക്കും. കൂടാതെ ഹൃദയ ധമനികളുടെ ആരോഗ്യം വർധിപ്പിക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.

ചർമ്മത്തിന്റെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും കാഴ്ചശക്തി മെച്ചപ്പെടുത്താനും നെല്ലിക്ക നല്ലതാണ്. ചർമ്മത്തിന്‍റെ യുവത്വം കാത്തു സൂക്ഷിക്കാനും നെല്ലിക്ക സഹായിക്കും. ഇതിനായി നെല്ലിക്ക കഴിക്കുന്നതിന് പുറമെ നെല്ലിക്ക ഉപയോഗിച്ചുള്ള ഫേസ് പാക്കുകളും ഉപയോഗിക്കാം. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിനാൽ തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിലെ കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഘടകമാണ്. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസേന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് സഹായിക്കും.

വെറുംവയറ്റിൽ നെല്ലിക്കയുടെ നീര് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ, മറ്റ് ഊർജം വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളും നെല്ലിക്കയുടെ നീരിൽ അടങ്ങിയിട്ടുണ്ട്. വെറുംവയറ്റിൽ നെല്ലിക്കയുടെ നീര് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. നെല്ലിക്കയിൽ ധാരാളം ജലാംശമുള്ളതിനാൽ മൂത്രത്തിന്റെ ഉത്പാദനത്തിന് സഹായിക്കും. ഇതിലൂടെ ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനും സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നെല്ലിക്ക ജ്യൂസ് കുടിക്കുന്ന ആളുകളിൽ മൂത്രാശയ അണുബാധ കുറവായിരിക്കും.

നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീമോഗ്ലോബി​ൻ കൂട്ടുകയും ശരീരത്തിലെ വിളര്‍ച്ച തടയുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആരോഗ്യം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഭക്ഷണങ്ങളിലെ മറ്റ് പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്ന ചില പ്രവർത്തനങ്ങളെ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​നും നെ​ല്ലി​ക്ക സഹായിക്കുന്നു. ചെറിയ അളവിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദിവസവും ശരീരത്തിന് ആവശ്യമായ ഊർജവും പോഷണവും നൽകും. ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്തുന്ന നെല്ലിക്ക ജ്യൂസ് ബൂസ്റ്റർ ആയും എനർജി ഡ്രിങ്കായും പ്രവർത്തിക്കുകയാണ് ചെയ്യുക .