ശാലിനി രഘുനന്ദനൻ     

                മഹാമാരികളുടെ കാലത്ത് അടച്ചുപൂട്ടലും, ജീവന്മരണ പോരാട്ടങ്ങളുമൊക്കെയായി  സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ കടന്നു പോകുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി കാലാവസ്ഥാ വ്യതിയാനങ്ങളേയും കാണേണ്ടതുണ്ട്. ചുഴലിക്കാറ്റുകളും, പേമാരിയും, പ്രളയവും, ഉരുൾ പൊട്ടലും, കടലാക്രമണവുമെല്ലാം ഇപ്പോൾ സംസ്ഥാനത്ത് സാധാരണയാണ്. നാശനഷ്ടങ്ങളാകട്ടെ പരിഹരിക്കാവുന്നതിലുമേറെയും. പലപ്പോഴും   പ്രവചനങ്ങളെപ്പോലും മറികടന്നെത്തുന്ന പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളാണ്  കുറച്ചു നാളുകളായി നാം നേരിടുന്നത്. കേരളം മാത്രമല്ല മുന്‍കാലങ്ങളെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളും ഈ പ്രതിസന്ധിയോട് ഏറ്റുമുട്ടുകയാണ്.

ഏറ്റവും അടുത്തിടെ  റിപ്പോർട്ട് ചെയ്ത പ്രഭാവമാണ് ടൗട്ടേ ചുഴലിക്കാറ്റ്. ആഗോളതാപനം,  കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെല്ലാം തന്നെ  പടിഞ്ഞാറൻ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റിന് കാരണമായി കേരളത്തിന്റെ തീരങ്ങളിലും ഇതുമൂലം ഉണ്ടായ പ്രത്യാഘാതങ്ങൾ കനത്തതാണ്.  എന്നാൽ  തീരങ്ങൾ ഇല്ലാതാകുന്നതിൽ കാലാവസ്ഥയെന്നതു പോലെതന്നെ മാനുഷികമായ ഇടപെടലുകളും  കാരണമായെന്നു വേണം പറയാൻ. വലിയ തോതിലുള്ള ഭൂമി വീണ്ടെടുക്കൽ, മെഗാ തുറമുഖ വികസനം, ചെമ്മീൻ കൃഷി, നദി വഴിതിരിച്ചുവിടൽ, ഡ്രെഡ്ജിംഗ്, മണൽ ഖനനം എന്നിവയെല്ലാം ആ കാരണങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്. നിർമ്മാണ പ്രവൃത്തികൾ നിലവിലെ സന്തുലിതാവസ്ഥയെ തകർക്കുന്നതോടെ കടൽ തീരം കയറിത്തുടങ്ങും. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ രാക്ഷസ തിരമാലകൾ ജീവനും ജീവിതവും തുടച്ചെടുക്കും. രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നു വരികയാണ്.  കിഴക്കൻ തീരത്തെ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ തീരപ്രദേശം കടലെടുത്തതെന്ന്  പഠനങ്ങൾ സ്ഥിരീകരിച്ചിരുന്നു.  ഇന്ന്  കേരളം ബംഗാളിനെ മറികടക്കുമെന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ തീരപ്രദേശത്തിന്റെ 63 ശതമാനവും കടൽക്ഷോഭത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ നിരീക്ഷണം.  590 കിലോമീറ്റർ വരുന്ന കേരളത്തിന്റെ തീരപ്രദേശമല്ലാതെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരം പ്രാഥമികമായി സുസ്ഥിരമാണെന്ന് മറ്റ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.  ചുഴലിക്കാറ്റു പോലുള്ള പ്രതിഭാസങ്ങളാണ് കടലിനെ ആശാന്തമാക്കുന്നത്. കാറ്റിന്റെ വേഗത്തിനനുസരിച്ച് തിരകളും തീവ്രമാകുന്നു.

കേരളത്തിന്റെ തീരപ്രദേശങ്ങൾ  ഇപ്പോൾ ഉയർന്ന അപകടസാദ്ധ്യതയിലാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കണമെന്നുമാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. വ്യാപകമായി നടക്കുന്ന  , അനധികൃതവും അശാസ്ത്രീയവുമായ ഇടപെടലുകൾ  തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ അടുത്തിടെയുണ്ടായ കടലേറ്റത്തിൽ ഏറെ തീവ്രമായ ഒന്നാണ്  ചെല്ലാനത്തേത്. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള ഒരു തീരദേശ ഗ്രാമപഞ്ചായത്തായ ചെല്ലാനം എന്ന സ്ഥലത്ത് ഇന്ന് തളം കെട്ടി നൽക്കുന്ന നിശ്ശബ്ദതയാണ്. മെയ്  മാസം പകുതിയോടെ ആഞ്ഞടിച്ച ടൗട്ടേ ചുഴലിക്കാറ്റിൽ ഈ തീരം കവർന്നത് അപകടകരമായ തരത്തിലായിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ വീടികളിലേക്കാണ് കാറ്റും തിരകളും കടന്നു ചെന്നത്. 2017- ലെ ഓഖി ചുഴലിക്കാറ്റിനു ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ കടൽ ആക്രമണത്തിൽ ഗ്രാമത്തിലെ അഞ്ഞൂറിലധികം വീടുകൾ വെള്ളത്തിൽ മുങ്ങി, അതിശക്തമായ കാറ്റും മഴയും സമ്മാനിച്ച നാശനഷ്ടങ്ങൾ വേറെയും.

കേരള തീരത്ത് നിന്നും മെയ് 18 ചൊവ്വാഴ്ച ചുഴലിക്കാറ്റ് വിട്ടകന്നെങ്കിലും അതവശേഷിപ്പിച്ച നഷ്ടങ്ങൾ ചെറുതല്ല അതും മഹാമാരിയുടെ കാലത്ത്. ചെല്ലാനം  പഞ്ചായത്തിലെ കണ്ടക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം പൂർണമായും  വെള്ളത്തിൽ മുങ്ങിപ്പോയി. അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് അവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും ഉപകരണങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞു എന്നതാണ് ഏക ആശ്വാസം, അവയിൽ പലതും  കോവിഡ് -19 ചികിത്സയ്ക്ക് ആവശ്യമായവയായിരുന്നു. ചെല്ലാനം പഞ്ചായത്തിലെ 21 വാർഡുകളിലും ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ വർദ്ധിച്ചത് പ്രദേശത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടിയാണ്.  പഞ്ചായത്ത് പ്രദേശത്ത് 601 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്ത്, കരയിലാഞ്ഞടിച്ച തിരമാലകളിൽ രോഗികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ പോലും നശിപ്പിക്കപ്പെട്ടു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദാണ് ഇക്കാര്യം  അറിയിച്ചത്.

കേരളത്തിൽ നിന്നും  ഗുജറാത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് വിട്ടിട്ടും കടലോരങ്ങളിൽ ഉയർന്ന തിരമാലകൾ ഇവിടെ തീരദേശവാസികളെ കണ്ണീരിലാഴ്ത്തി.മിക്ക വീടുകളും കാൽമുട്ട്  വരെ വെള്ളത്തിലാണ്. പ്രദേശത്ത് കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ കർശനമായതിനാൽ, രക്ഷാപ്രവർത്തനത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വലിയ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളും സർക്കാർ ഇടപെടലും ആകർഷിക്കാൻ  ഓൺലൈൻ പ്രതിഷേധം സംഘടിപ്പിക്കേണ്ടി വന്നതായും പ്രദേശ വാസികൾ വെളിപ്പെടുത്തിയിരുന്നു.

“കടൽത്തീരത്തെ റോഡുകൾ പോലും  വെള്ളത്തിനടിയിലായതിനാൽ  ചെല്ലാനത്തിലെ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും ഇത്തവണ കഠിനമായിരുന്നു.  മിക്ക പ്രദേശങ്ങളിലും കടലും വീടുകളും ഒന്നായിത്തീർന്നിരിക്കുന്നു, ഉയർന്നു പൊങ്ങിയ കടൽത്തിരകളിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള  പരക്കം പാച്ചിലിനെ  നടുക്കത്തോടെ ഓർത്തെടുക്കുകയാണ്   കുടുംബത്തോടൊപ്പം മലകപടി തീരദേശ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത നാട്ടുകാരനായ  ”വി ടി സെബാസ്റ്റിനും, കണ്ണമാലിയിലെ 52 കാരിയായ ജോയ്സ് മേരിയുമെല്ലാം. കാലാവസ്ഥാ വ്യതിയാനം വളരെക്കാലമായി അറബിക്കടലിന്റെ സ്വഭാവത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. 2004 ലെ സുനാമി മുതൽ കടൽ പ്രക്ഷുബ്ധമാണെന്നും, ഓഖി വന്നതോടെ സ്ഥിതി കൂടുതൽ  വഷളായതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.

“ചെല്ലാനത്തിന് പുറത്തുള്ള ആളുകൾക്ക്, കാലാവസ്ഥാ വ്യതിയാനം പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ പ്രതിഭാസമായിരിക്കാം കടലേറ്റവും തീര ശോഷണവുമെല്ലാം എന്നാൽ തീരദേശവാസികൾക്ക്  ഇത് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആശങ്കയാണ്.  കൊച്ചി കപ്പൽശാലയിലേക്ക് ഒരു ഷിപ്പിംഗ് റൂട്ട്  നിർമ്മിച്ചതോടെയാണ് തുടക്കം. പിന്നീട് വന്ന ആലപ്പുഴ തീരദേശ ഹൈവേയുടെ നിർമ്മാണമുൾപ്പെടെയുള്ള പദ്ധതികൾ പോലും സമീപ തീരപ്രദേശങ്ങളെ ദോഷകരമായി ബാധിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.  ഒരു സാധാരണ പ്രതിഭാസമായി മാറിയ ചുഴലിക്കാറ്റുകൾ നമ്മുടെ ജനങ്ങൾക്ക് കടുത്ത ഭീഷണിയാണ്. പ്രതിവിധിയായി അധികാരികൾ കടൽ ഭിത്തി നിർമ്മാണമാണ് കണ്ടെത്തിയത് എന്നാൽ അദ്യ ഘട്ടത്തിൽ ആരംഭിച്ച സിന്തറ്റിക്  ജിയോ നിർമ്മാണങ്ങളെല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമൂഹിക പ്രവർത്തകനായ തുഷാർ നിർമ്മൽ ശരധി.

ചെല്ലാനം മാത്രമല്ല ആഞ്ഞടിക്കുന്ന കാറ്റും ഉയരുന്ന തിരമാലകളും വിഴുങ്ങുന്ന പ്രദേശങ്ങൾ ഏറെയാണ് സംസ്ഥാനത്ത്. തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി വാസസ്ഥലങ്ങളായ ബീമാപ്പള്ളി, വിഴിഞ്ഞം, അഞ്ചുതെങ്ങ്, മുത്തലപ്പൊഴി, പരുത്തിയൂർ, കൊച്ചുത്തോപ്പ് എന്നിവിടങ്ങളിലും സ്ഥിതി ഏതാണ്ട് സമാനമാണ്. പ്രശസ്തമായ ശംഖുമുഖം ബീച്ച് വഴി പ്രാദേശിക വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലുമായി തിരുവനന്തപുരം നഗരത്തെ ബന്ധിപ്പിക്കുന്ന റോഡ് ഇതിനോടകം തന്നെ കടൽ വിഴുങ്ങിക്കഴിഞ്ഞു. കേരളത്തിൽ ചുഴലിക്കാറ്റിൽ റിപ്പോർട്ട് ചെയ്തത് രണ്ടു മരണമാണ്. എന്നാൽ ജീവനുകളല്ല മറിച്ച് ജീവിതങ്ങളാണ് ഏറെ കവർന്നത് എറണാകുളം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസർഗോഡ് എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ.

കാലാവസ്ഥാ വ്യതിയാനം മൂലം വരുംദിവസങ്ങളിൽ, പ്രത്യേകിച്ച് വരുന്ന മഴക്കാലത്തിന്റെ അവസാനഘട്ടത്തിൽ ,  അറേബ്യൻ കടൽ കൂടുതൽ ശക്തമായ കൊടുങ്കാറ്റുകൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് ടൗട്ടേ ചുഴലിക്കാറ്റിന്റെ  സ്വഭാവവും കാഠിന്യവും സൂചിപ്പിക്കുന്നത്. 2014 വരെ നിലോഫർ ചുഴലിക്കാറ്റ് ഉണ്ടായതു വരെ അറേബ്യൻ കടൽത്തീരങ്ങളിൽ ചുഴലിക്കാറ്റുകളൊന്നും ഉണ്ടായിരുന്നില്ല  അറബിക്കടലിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മഴക്കാലത്തിനു മുമ്പുള്ള കാലഘട്ടത്തിലും വികസിച്ച നാലാമത്തെ ചുഴലിക്കാറ്റാണ് തക്തേ  2018 മുതലുള്ള ഈ ചുഴലിക്കാറ്റുകളെല്ലാം ‘കടുത്ത ചുഴലിക്കാറ്റ്’ അല്ലെങ്കിൽ അതിന് മുകളിലുള്ളവയായി വർഗ്ഗീകരിച്ചിരിക്കുന്നു. 2018 ൽ ഒമാനിൽ ആഞ്ഞടിച്ച മെകാന ചുഴലിക്കാറ്റിന് ശേഷം അറേബ്യൻ കടൽ 2019 ൽ വായു ചുഴലിക്കാറ്റ് രൂപം കൊണ്ടു, അത് ഗുജറാത്ത് തീരത്തെയാണ്  ലക്ഷ്യം വച്ചത്. 2020 ൽ നിസാർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയെ ബാധിച്ചു. പിന്നീട്  2021 മെയ് മാസത്തിലാണ് ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കേരള തീരത്തെ വിറപ്പിച്ച് ടൗട്ടേ ഗുജറാത്ത് തീരത്തേക്കാണ് നീങ്ങിയത്.

എന്നാൽ നിലവിലെ ആശങ്കകൾ അണയാൻ അനുവദിക്കാതെയായിരുന്നു  ബംഗാൾ ഉൾക്കടലിൽ യാസ ചുഴലിക്കാറ്റിന്റെ ഉത്ഭവം. പക്ഷെ കേരള തീരം  സഞ്ചാര പദത്തിലുൾപ്പെടാത്തതിനാലാകണം യാസ വെല്ലുവിളി ഉയർത്തിയില്ല. പക്ഷെ ഇത് താത്കാലിക ആശ്വാസമെന്നേ പറയാനാകൂ എന്നാണ് നിരീക്ഷകരുടെ വാദം.

ആഗോളതാപനം, , കാലാവസ്ഥാ വ്യതിയാനം എന്നിവ ഈ മേഘലയിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.  കേരള തീരത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ പല ഇടപെടലുകളും ചുഴലിക്കാറ്റുകളെ കഠിനമാക്കുന്നു അതിലൂടെ കടലിനെ പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നു.ഈ വിഷയത്തിൽ ശാസ്ത്രീയമായ നിരീക്ഷണങ്ങൾ ഏറെയാണ്; പ്രകൃതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ കൂടി ചെല്ലാനം പോലെ കേരളത്തിന്റെ വിവിധ തീരദേശങ്ങളിൽ നാശം വിതയ്ക്കുന്നതിന് കാരണമായി കാണാവുന്നതാണ്. ഇപ്പോൾ ചുഴലിക്കാറ്റും എത്തിയതോടെ  തീരശോഷണം ശക്തമായി, കൂടാതെ സാമൂഹികവും പാരിസ്ഥിതികവുമായ  തീരദേശത്തിന്റെ ഇടപെടലുകളെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ochin University of Science and Technology (CUSAT) ശസ്ത്രജ്ഞനായ എസ് അഭിലാഷ്  പറയുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്  അടുത്ത കാലത്തായി കുറഞ്ഞു വരികയാണെങ്കിലും മൺസൂണിന്റെ ആരംഭഘട്ടത്തിൽ അറബിക്കടലിൽ ഇവ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിഭാസങ്ങളെല്ലാം കൂടുതൽ പഠനവിധേയമാക്കണെന്നും,  അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും താപനില വർധിക്കുന്നതും , സൂക്ഷ്മമായി പരിശോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.കേരളത്തിലെ തീരദേശങ്ങളെക്കുറിച്ച്  മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന  ജയറാം രമേശ് തയ്യാറാക്കിയ  പഠന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ അവഗണിക്കാനാവില്ല ”വൈവിദ്ധ്യം നിറഞ്ഞതും സങ്കീർണവും ആയ സ്വാഭാവിക വ്യതിയാനങ്ങൾ തീരദേശത്തെ ഭൗതികമായും, ജൈവികമായും മാറ്റങ്ങൾക്ക് വിധേയമാക്കും. പ്രത്യേകിച്ചും ലോലമായ പരിസ്ഥിതി പ്രദേശങ്ങളിൽ ഇത് കൂടുതൽ ആയിരിക്കും. ഇന്ത്യൻ തീരദേശം മനുഷ്യന്റെ ഇടപെടൽ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുന്ന കാലമാണിത്. തീരദേശത്തെ സംബന്ധിച്ചടത്തോളം അതിന്റെ പാരിസ്ഥിതിക വ്യതിയാനങ്ങൾ ഭരണാതിർത്തികൾ  പരിഗണിച്ചു കൊണ്ട് ആയിരിക്കില്ല. സ്ഥിരമായ കാറ്റ്, തിര, കടലിൻ്റെ കയറ്റിറക്കം തുടങ്ങിയവയും ഒപ്പം നിർമ്മാണ പ്രവർത്തങ്ങളും ഈ തീരദേശ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. അതുകൊണ്ട് തന്നെ മാറി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ തീരദേശം നേരിടുന്ന ദ്രവീകരണം ഹ്രസ്വ കാല അടിസ്ഥാനത്തിലും ദീർഘ കാല അടിസ്ഥാനത്തിലും നാം മനസ്സിലാക്കേണ്ടതുണ്ട്.പാരിസ്ഥിതിക വ്യതിയാനങ്ങളും മനുഷ്യൻ്റെ ഇടപെടലും ചേർന്ന് തീരദേശം ചിലയിടങ്ങളിൽ ദ്രവീകരണവും അതേസമയം മറ്റ് ചിലയിടത്ത് നിക്ഷേപവും ഉണ്ടാവുന്നത് പ്രകടമാണ്. (വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനം ശംഖുമുഖത്ത് ദ്രവീകരണമായി പ്രതിഫലിക്കുന്നത് കേരളത്തിലെ പ്രകടമായ ഉദാഹരണമാണ്)കേരളത്തിൽ ഏതാണ്ട് 590 കിലോമീറ്റർ തീരദേശം 9 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. തെക്കേ അറ്റം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു, വടക്കേ അറ്റത്ത് കർണാടകയുമായി അതിർത്തി പങ്കിടുന്നു. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച് തീരദേശത്തെ ബാധിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങൾ പ്രധാനമാണ്. ഒരു വലിയ സമൂഹത്തിന്റെ  തൊഴിലിനെയും സ്വാധീനിക്കാൻ കെൽപ്പുള്ളതാണ് തീരദേശത്തിന്റെ  വ്യതിയാനം.”   എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.തീരശോഷണത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിലും സ്ഥിരീകരിക്കുന്നതിലും നാം ഏറെ മുന്നിലാണ് എന്നാൽ പരിഹാര മാർഗങ്ങളിൽ എത്രത്തോളം നടപ്പാക്കാൻ സാധിക്കുന്നു. നടപ്പാക്കിയവയിൽ എത്രയെണ്ണം തന്നെ ഫലപ്രദമായി എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കൃത്യമായ പഠനത്തിലൂടെ ആസൂത്രണത്തിലൂടെ തയ്യാറാക്കുന്ന പദ്ധതികൾ മാത്രമേ ദീർഘ കാലാടിസ്ഥാനത്തിൽ ഫലം ചെയ്യൂ. അല്ലാത്തവ വളരെ പെട്ടെന്നു തന്നെ ഇല്ലാതാകും.കേരള തീരമേഖല മാനേജ്മെന്റ് അതോറിറ്റി (കെസിഇഎസ്എംഎ) എല്ലാ തീരദേശ ജില്ലകളിലെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ തീരമേഖല മാനേജ്മെന്റ് പദ്ധതിയുടെ കരട് രൂപം ചർച്ചയ്ക്കായി നൽകിയിരുന്നു. കേരളത്തിൽ ഒൻപത് ജില്ലകളെ കടൽക്ഷോഭം ബാധിക്കുന്നുവെങ്കിൽ  അവയിൽ പരമാവധി (23 ശതമാനം) തിരുവനന്തപുരത്ത് നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.  തലസ്ഥാനത്തിന്റെ 35 കിലോമീറ്റർ ദൂരത്തോളം കടൽ‌ത്തീരമാണ്.തീര സംരക്ഷണം മുഖ്യ അജണ്ടയാക്കി നിരവധി പ്രവർത്തനങ്ങൾക്ക് മുൻകയ്യെടുക്കുന്നുമുണ്ട്.”എല്ലാ വർഷവും കടൽ കരയോട്  കൂടുതൽ അടുക്കുന്നു. വിശാലമായ ബീച്ചുകൾ ചെറുതാകുന്നു.ടൗട്ടേ ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. തീരപ്രദേശത്ത് വളരെക്കാലമായി തുടരുന്ന ദുരിതങ്ങളുടെ വിപുലീകരിച്ച രൂപമാണ്. ഇതുമായി ബന്ധപ്പെട്ട കാരണങ്ങൾ പരിശോധിക്കുമ്പോൾ തീര ശോഷണത്തിൽ മനുഷ്യന്റെ ഇടപെടലുകൾ   പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നാണ്, ”കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന  ജോസഫ് ജൂഡ് അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അറബിക്കടലിൽ മത്സ്യ സമ്പത്തിൽ അപകടകരമായ കുറവുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരങ്ങൾ നഷ്ടപ്പെടുന്നതിനാൽ,  വലകൾ വരണ്ടതാക്കുന്നതിനും ചെറിയ മത്സ്യങ്ങളെ വെയിലിൽ ഉണക്കുന്നതിനും, വള്ളങ്ങളും ബോട്ടുകളും സൂക്ഷിക്കുന്നതിനുമെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്.

“ചുഴലിക്കാറ്റിന്റെ ആഘാതം കേരളത്തിലെ കടലോരങ്ങളിലെ  എല്ലാ പ്രധാന നിർമാണങ്ങളെയും സാരമായി ബാധിച്ചിരുന്നു.  വടക്കൻ ഭാഗങ്ങളിൽ പ്രധാനമായും തുറമുഖങ്ങളിലും പുലിമുട്ടുകളിലും ആ നാശം  പ്രകടമാണ്. തീരദേശമേഖലകളിൽൽ  അതിക്രമിച്ചുള്ള ഇടപെടലുകളും,  തണ്ണീർതടങ്ങൾ ഇല്ലാതാകുന്നതുമെല്ലാം ആ നാശനഷ്ടങ്ങളുടെ തീവ്രത വർധിക്കാൻ കാരണമായതായി കണ്ടെത്താം.. കേരളത്തിന്റെ തീരപ്രദേശങ്ങൾ ഇപ്പോൾ വലിയ അപകടസാധ്യതയിലാണ് നിലനിൽക്കുന്നത്., കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനാകണം ഇനി ഗവേഷണങ്ങളെന്നാണ് , ”തെക്കൻ കേരളത്തിലെ തീരദേശവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനം നടത്തുന്ന മാക്സ് മാർട്ടിൻ നിരീക്ഷിക്കുന്നത്.

തിരുവനന്തപുരത്തെ തീരദേശങ്ങളിലെ മാറ്റങ്ങളെക്കുറിച്ച്   2017 ൽ നടത്തിയ പഠനമുണ്ട്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിലെ (NCCR) പ്രോജക്റ്റ് സയന്റിസ്റ്റായ  ഡോ. നൗജാസ് വി. ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.  തീരശോഷണത്തിന് പ്രധാന കാരണങ്ങളിലൊന്ന്  അനധികൃത നിർമ്മാണം തന്നെയെന്ന് പOനത്തിൽ പറയുന്നുണ്ട്.   ഗവേഷണം നടന്ന കാലയളവിൽ തലസ്ഥാനത്തെ തീരദേശത്ത് പ്രധാനമായും രണ്ട് നിർമ്മാണങ്ങളാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞം ഹാർബറും,  മുതലപ്പൊഴി ഹാർബറും, ഇതിൽ കൃത്യമായ പഠനവും ആസൂത്രണവും നടന്നതിനാൽ വിഴിഞ്ഞം ഫിഷിംങ് ഹാർബർ അക്കാലയളവിൽ  വലിയതോതിൽ ദോഷകരമായി തീരദേശത്തെ ബാധിച്ചിരുന്നില്ല. എന്നാൽ മുതലപ്പൊഴി ഹാർബർ നേരെ വിപരീതമായിരുന്നു. നിർമ്മാണത്തെ തുടർന്ന് മണ്ണിന്റെ ദ്രവീകരണത്തിലും, നിക്ഷേപത്തിലും വന്ന മാറ്റങ്ങൾ ചില പ്രദേശത്ത് തീര ശോഷണത്തിനും ചിലയിടങ്ങളിൽ കടലിറക്കത്തിനും കാരണമായതായി കാണാം. എന്നാൽ തലസ്ഥാനത്തെ തന്നെ കോവളം, വിഴിഞ്ഞം, വർക്കല ക്ലിഫ് തുടങ്ങിയ ഇടങ്ങളിൽ  കാര്യമായ ഭീഷണിയല്ലെന്നു വേണം പറയാൻ.

പീന്നീട് വിഴിഞ്ഞം ഇന്റർ നാഷണൽ  സീ പോർട്ട്  പദ്ധതി വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദാനി ഏറ്റെടുത്ത പദ്ധതി നിർമ്മാണം ആരംഭിച്ചതോട് കൂടിയാണ് കടൽ മുൻപില്ലാത്തവിധം തലസ്ഥാനത്തെ പ്രധാന തീരത്തെ വിഴുങ്ങാനാരംഭിച്ചതെന്ന് പറയാം. വിമാനത്താവളത്തിന്റെ  ആഭ്യന്തര ടെർമിനലിനെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വലിയൊരു ഭാഗമുൾപ്പെടെ ഇതിനോടകം പൂർണമായും കടലെടുത്തുകഴിഞ്ഞു.  പാരിസ്തിതിക ആഘാത മാർഗരേഖയിൽ(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 2010 ൽ പുറത്തിറക്കിയത്) പുലിമുട്ടിന്റെ നിർമ്മാണം മാത്രമല്ല. അനധികൃതമായി സമുദ്രപ്രദേശത്ത്  ആഴത്തിൽ കുഴിയെടുക്കുന്നതടക്കമുള്ള പ്രവർത്തികൾ മൂലം ശക്തമായ കടൽക്ഷോഭം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഉയർന്നരീതിയിൽ കടലേറ്റം ഉണ്ടാകുന്ന പ്രദേശമാണ് വിഴിഞ്ഞം.  കോസ്റ്റൽ റെഗുലേഷൻ സോൺ  വിജ്ഞാപന പ്രകാരം, ഉയർന്ന കടലേറ്റ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ തുറമുഖങ്ങളുടെ നിർമ്മാണം അനുവദനീയമല്ല.  എന്നാൽ ഈ നിയന്ത്രണങ്ങളൊന്നും തന്നെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാകില്ല എന്നതാണ് നിലവിലെ വിചിത്രമായ സാഹചര്യം.

എന്നാൽ പലപ്പോഴും തീരസംരക്ഷണത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ തീരത്തിന് ദോഷകരമാകുന്നതുപോലെ മറ്റു ഭൂവിഭാഗങ്ങളേയും ഇല്ലാതാക്കുന്നുണ്ട്. ഉദാഹരണമായി  കടൽ ഭിത്തികളും പുലിമുട്ടുകളും നിർമ്മിക്കുന്നതിനുള്ള പാറകളു മറ്റും ശേഖരിക്കാൻ  ക്വാറികൾ പോലുള്ള സംവിധാനങ്ങൾ പ്രവർത്തുക്കുന്നു. ഇത്തരം ഇടപെടലുകൾ  പശ്ചിമഘട്ടത്തിലെ കുന്നിൻ പ്രദേശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തൽഫലമായി, മലയോര ജില്ലകളായ വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഒരു വാർഷിക പ്രതിഭാസമായി മാറിക്കഴിഞ്ഞതായി ജോസഫ് വിജയൻ ചൂണ്ടിക്കാട്ടുന്നു.

“കേരള തീരത്ത്, നിർമ്മാണ രീതികൾ കാറ്റിനെ പ്രതിരോധിക്കുന്നവയല്ല, അതിന്റെ ഫലമായി മേൽക്കൂരകൾ പൊട്ടി വൈദ്യുത തൂണുകളും മരങ്ങളും വീടുകളിൽ വീഴുന്നു. കാലാവസ്ഥാ വ്യതിയാനവും അമിത മത്സ്യബന്ധനവും മത്സ്യത്തിൽ കുറവുണ്ടാക്കുന്നു സമുദ്ര പരിസ്ഥിതിയുടെ തകർച്ചയും സമുദ്രതാപനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടാതെ തുടരുന്നു.

തീര സംരക്ഷണത്തിനായി നിലവിലുള്ളതും വിപുലീകരിക്കേണ്ടതുമായ പദ്ധതികൾ, നിർദ്ദേശങ്ങൾ.

ബീച്ചുകൾ  പരിപോഷിപ്പിക്കുന്ന രീതി വിദേശരാജ്യങ്ങളിൽ കൂടുതലായി കണ്ടു വരുന്നുണ്ട്.  കടലെടുക്കുന്ന തീരങ്ങളിൽ കൂടുതൽ മണ്ണ് നിറച്ച് വീണ്ടും ഒരുക്കിയെടുക്കുന്ന രീതിയാണിത്. പലപ്പോഴും സസ്യങ്ങളും ജീവജാലങ്ങളും ചേർന്ന മറ്റൊന്ന്  മണ്ണൊലിപ്പ് തടയാൻ മരങ്ങളും ചെടികളും നട്ടുവളർത്തുകയെന്നതാണ്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഈ രീതി പരീക്ഷിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. ശാശ്വത പരിഹാരമല്ലെങ്കിലും കടൽ ഭിത്തികളും മികച്ച രീതിയിൽ നിർമ്മിച്ചാൽ ഒരു പരിധിവരെ ഫലപ്രദമാണ്. എന്നാൽ ശാസ്വത പരിഹാരമായി കടൽ ഭിത്തി കാണാനാകില്ല. വിദഗ്ധമായ നിർമ്മിതിയെങ്കിൽ ആടിയന്ത്ര സാഹചര്യങ്ങളിൽ ഫലം ചെയ്യുന്നവയാണ് കടൽ ഭിത്തികൾ. നിലവിലെ കണക്കനുസരിച്ച് കേരള തീരത്തിന്റെ 60 ശതമാനത്തോളം കടൽ ഭിത്തികൾ നിർമ്മിച്ചതായാണ് വിവരം.

ചിലയിടങ്ങളിൽ ആർട്ടിഫിഷൽ റീഫുകളിലൂടെ( നിർമ്മിച്ചെടുക്കുന്ന പുറ്റുകൾ, പാറക്കൂട്ടം) കടലേറ്റത്തെ പ്രതിരോധിക്കാൻ ശ്രമിക്കാവുന്നതാണ്.  ഏറ്റവും പ്രധാനമായ കാര്യം പരിസ്ഥിതി ലോല പ്രദേശങ്ങളിലും, തീരങ്ങളിലും അനധികൃത നിർമ്മാണ പ്രവർത്തികൾ നിരോധിക്കുക എന്നതാണ്  പ്രധാന പ്രതിവിധികളിലൊന്ന്.

നിലവിലെ നിരീക്ഷണങ്ങളും, പഠന റിപ്പോർട്ടുകളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 2018 മുതൽ തുടർച്ചയായി  നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ കണക്കിലെടുത്ത് പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക്  കൂടുതൽ പരിഗണന നൽകുക എന്ന തീരുമാനം പൂർണമായും നടപ്പാക്കേണ്ടിരിക്കുന്നു. ലഭ്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ച് ജാഗ്രത പുലർത്തുകയും അവശ്യമായ മുൻകരുതൽ എടുക്കേണ്ടതും അനിവാര്യമാണ്. തീരദേശങ്ങൾ നിലവിലെ സാഹചര്യത്തിൽ അപകടാവസ്ഥയിലാണെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.  ഒരു ജനതയുടെ ഉപജീവന മാർഗവുമായി കടലും, മത്സ്യ ബന്ധനവും  ബന്ധപ്പെട്ട് കിടക്കുന്നിടത്തോളം ജനങ്ങളെ തീരദേശങ്ങളിൽ നിന്ന പൂർണമായും മാറ്റി നിർത്തി ഒരു പരിഷ്കരണ പദ്ധതി നടപ്പാക്കുക എന്നത് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാകും.

590 കിലോമീറ്റർ  തീരപ്രദേശമുള്ള കേരളംപോലെ ഒരു സംസ്ഥാനത്തിന്   “തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് വ്യക്തമായ നയപരമായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് ,” കേരള മത്സ്യത്തൊഴിലാളി ഫോറം നേതാവായ ചാൾസ് ജോർജ് പറയുന്നു. പുതിയ സർക്കാരിൽ നിന്നും ഇക്കാര്യത്തിൽ അടിയന്ത്ര ഇടപെടൽ തന്നെ ആവശ്യമാണ്.    ദീർഘ വീക്ഷണത്തോടെ, കൃത്യമായ ആസൂത്രണത്തിലൂടെ  തീര സംരക്ഷണ പദ്ധതികളും, നിർമ്മാണ വികസന  പ്രവർത്തികളും നടപ്പാക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ നിലവിലെ അപകടാവസ്ഥയെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാകുമെന്ന് പ്രതീക്ഷിക്കാം.