കൈയാങ്കളി കേസ്; സ്വന്തം കാലില്‍ വെടിവെയ്ക്കുന്ന ഇടതുപക്ഷം

അതി സമര്‍ത്ഥരായ രാഷ്ട്രീയക്കാര്‍ ആരാണ്? ഏറ്റവും പ്രായോഗിക വാദികള്‍ എന്നു പറയും, അധികാര രാഷ്ട്രീയ മല്‍സരത്തില്‍ പങ്കാളികളാവുന്നവരും അവരെ വാഴ്ത്തുന്നവരും. മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ ജയിക്കുക എന്നതിലപ്പുറം മറ്റൊരു ലോജിക്കിനും പ്രസക്തിയില്ല. അതുകൊണ്ട് പ്രായോഗികതന്നെയാണ് കാര്യം. എന്നാല്‍ അതിസമര്‍ത്ഥര്‍ ചിലപ്പോള്‍ പെട്ടുപോകും. അവരുടെ അതിബുദ്ധി പെടുത്തുന്നതാവും. അത്തരത്തില്‍ ഒന്നിലാണ് ഇപ്പോള്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പെട്ടിരിക്കുന്നത്. നിയമസഭയിലെ കയ്യാങ്കളി കേസ് ഒരു വല്ലാത്ത അവസ്ഥയില്‍ ഈ അതി പ്രായോഗികവാദികളെ എത്തിച്ചിരിക്കുന്നു.

മന്ത്രി വി ശിവന്‍കുട്ടിയാണ് കേസിലെ പ്രതിയെങ്കിലും കേസില്‍ പിണറായി മന്ത്രിസഭ ആകെയാണ് ഇതില്‍ പെട്ടിരിക്കുന്നത്. ആ പെടലിന്റെ ആഴമാണ് ഇപ്പോള്‍ കോടതിയില്‍ എടുത്ത നിലപാടില്‍ തെളിയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബാര്‍ കോഴ കേസില്‍ പെട്ട കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ നടത്തിയ സമരമാണ് ഇപ്പോള്‍ സര്‍ക്കാരിനെ വേട്ടയാടുന്നത്. പ്രതിഷേധ സമരം കൈവിട്ടുപോകുകയും നിയമസഭയില്‍ ആക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു എംഎല്‍എമാര്‍. ഇതിന് നേതൃത്വം നല്‍കിയയാളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടി. അദ്ദേഹം നിയമസഭയിലെ ഉപകരണങ്ങള്‍ പിഴുതുമാറ്റുന്നതിന്റെയും ഡസ്‌കില്‍ കയറി നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്. എന്നാല്‍ കാലം മാറിയതോടെ, കെ എം മാണി, സിപിഎമ്മിന് ഏറ്റവും മഹനായ നേതാവായി, കോഴമാണി വീണ്ടും മാണി സാറായി. എന്റെ വക 500 ഇട്ട് മാണിയെ പരിഹസിച്ചവര്‍ മാണി സാറിന്റെ അപദാനങ്ങള്‍ വാഴ്ത്തി.

എന്നാല്‍ കോടതി വിട്ടില്ല. കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളി. ഇപ്പോള്‍ വിചാരണ നടക്കുന്നു. അതിനിടെയാണ് നിയമസഭയിലെ ആക്രമമെന്ന് പറഞ്ഞു നടക്കുന്ന ദൃശ്യങ്ങള്‍ കൃത്രിമമാണന്ന വാദം ശിവന്‍കുട്ടിയും സംഘവും ഉന്നയിക്കുന്നത്. അവിടെയും കൊണ്ട് നില്‍ക്കുന്നില്ല, അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് പ്രതികള്‍.

സമരങ്ങള്‍ കൈവിട്ടു പോകുകയെന്നതിന് സമര ചരിത്രത്തോളം പഴക്കമുള്ള കാര്യമാണ്. എന്തിന് ചൗരിചൗരാ സമരം കൈവിട്ടുപോയതില്‍ ഗാന്ധിയ്ക്കുണ്ടായ വിഷമം ചരിത്ര പുസ്തകത്തിലുണ്ട്. കൈവിട്ടുപോകല്‍ അംഗീകരിക്കുകയും, സമരത്തെ തള്ളി പറയാതിരിക്കുകയും ചെയ്യുകയെന്നതാണ് വ്യക്തത യുള്ള രാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷത. എന്നാല്‍ ഇവിടെ സംഭവിച്ചത് കോഴ മാണിക്കെതിരായ സമരം, കോടതിയില്‍ അഴിമതിക്കെതിരായ പൊതുവായ സമരമാക്കി അവതരിപ്പിക്കുന്നു, ഇപ്പോഴാകാട്ടെ സമര ദൃശ്യങ്ങള്‍ തന്നെ കളവാണെന്നും പറയുന്നു. ജനങ്ങള്‍ക്ക് ഓര്‍മ്മ കുറയട്ടെ എന്നത് ഭരണാധികാരികളുടെ ആഗ്രഹമാണ്. അത് നടക്കാറുമുണ്ട്. അല്ലെങ്കില്‍ എന്തായേനെ സ്ഥിതി. ആദ്യം എതിര്‍ക്കുകയും പിന്നീട് നടത്തിപ്പിന്റെ ചുമതലയേറ്റെടുക്കുകയും ചെയ്ത എത്ര എത്ര സംഭവങ്ങള്‍ കേരളത്തിലെ ഔദ്യോഗിക അംഗീകാരമുള്ള ഇടതുപക്ഷത്തെക്കുറിച്ച് പറയാനുണ്ട്.

കോണ്‍ഗ്രസിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതുമില്ല. ഇപ്പോള്‍ തന്നെ നോക്കൂ. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യം. പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തതാണ്. ഇപ്പോഴോ, കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് പണി നീട്ടികൊണ്ടുപോകുമ്പോഴും പ്രത്യേകിച്ചൊന്നും പറയാനില്ലാതെ ബിസ്‌നസ് ഫ്രണ്ട്‌ലി ആവാന്‍ നോക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് മറ്റൊരു കാര്യം, കയ്യാങ്കളിയിലേക്ക് തിരിച്ചുവരാം. കേരളത്തിലെ ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ട ഒരു ദൃശ്യങ്ങളെയാണ് ഇപ്പോള്‍ കൃത്രിമത്വം ആണെന്ന് പറയുന്നത്. ഈ പറച്ചിലില്‍ ജോര്‍ജ്ജ് ഓര്‍വല്‍ സൃഷ്ടിച്ച ഡെസ്‌റ്റോപിയന്‍ ലോകത്തിന്റെ ലക്ഷണമാണ് ഉള്ളത്. അനുഭവിക്കുന്നതും കണ്ടതുമല്ല, ഭരണകൂടം പറയുന്നതാണ് യാഥാര്‍ത്ഥ്യം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അവസ്ഥ. ജനതയ്ക്ക് ഓര്‍മ്മകളില്ലാതായി പോകുന്ന കിണാശ്ശേരിയാണ് ഭരണക്കാരുടെ പ്രതീക്ഷ. അത് വലതായാലും ഇടത് പാരമ്പര്യം അവകാശപ്പെടുന്നവരായാലും.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമെന്നതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സവിശേഷതകളിലൊന്ന്. എന്നാല്‍ കേസില്‍നിന്ന് മോചിതനാകാന്‍ വേണ്ടി പിണറായി വിജയന്റെ പൊലീസ് നടത്തിയ അന്വേഷണത്തെയാണ് മന്ത്രി തള്ളി പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു പ്രശ്‌നമാണ്. മന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത അന്വേഷണ സംഘമാണ് കേരളത്തിലുള്ളതെന്നാണ് പറയുന്നത്. കൂട്ടുത്തരവാദിത്തമില്ലാത്തതോ, മുഖ്യമന്ത്രിയുടെ വകുപ്പില്‍ വിശ്വാസമില്ലാത്തതോ ആണ് ഇതെന്ന് പറയാം. ആരും പറയാനിടയില്ല. പക്ഷെ വസ്തുതകള്‍ അതുകൊണ്ട് ഇല്ലാതാകുന്നില്ല.

എന്തായാലും ഇനി കേസില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയില്ല. കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കുമോ, അതോ അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കുമോ എന്നൊക്കെ കാലം പറയും. എന്നാല്‍ അതി പ്രായോഗിക ബുദ്ധി ഇടതുപക്ഷ രാഷ്ട്രീയത്തെ എത്തിച്ച ദുരവസ്ഥ എന്നരീതിയില്‍ ഈ കേസ് ഒരു ചരിത്ര സംഭവമായിരിക്കും.