ഇദ്ദേഹംതന്നെ നമ്മുടെ പ്രസിഡന്റ്

ഡോ.സെബാസ്റ്റ്യന്‍ പോള്‍ (എഡിറ്റര്‍ ഇന്‍ ചീഫ്)

എത്ര ചിരിച്ചാലും മതിവരാത്ത ചില വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കാന്‍ കഴിയുന്നത് ജീവിതത്തിലെ സൗഭാഗ്യമാണ്. കേരള ഹൈക്കോടതി അഭിഭാഷക സംഘടനയുടെ അധ്യക്ഷനായ സൈബി ജോസ് കിടങ്ങൂര്‍ കുപ്പായമഴിച്ചുവച്ച് ലോക്കപ്പിലും പ്രതിക്കൂട്ടിലും നില്‍ക്കുന്ന കാഴ്ചയുടെ സങ്കല്പമാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ആരുടെ ദുര്യോഗത്തിലും സന്തോഷിക്കുന്ന ആളല്ല ഞാന്‍. ഹിറ്റ്‌ലറുടെ ആത്മഹത്യപോലും സിനിമയില്‍ കണ്ട് ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. ഞാന്‍ ആജീവനാന്ത അംഗമായ അസോസിയേഷന്റെ പതനത്തില്‍ ഞാന്‍ സന്തോഷിക്കുന്നത് ആ സംഘടന എന്നെ അത്രയ്ക്ക് സങ്കടപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്.

ആറു വര്‍ഷമാണ് അസോസിയേഷന്‍ എന്നെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയത്. തൊഴില്‍പരമായ തടസങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ കാരണമായി. തൊഴില്‍തന്നെ ഇല്ലാതായി എന്നു പറഞ്ഞാലും തെറ്റില്ല. സസ്‌പെന്‍ഷന്‍ നീക്കിക്കിട്ടുന്നതിന് ഹൈക്കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന അഭിഭാഷകന്‍ തുടക്കമിട്ട പ്രശ്‌നത്തില്‍ ഞാന്‍ അഭിഭാഷകരെ ന്യായീകരിച്ചില്ലെന്നതായിരുന്നു എനിക്കെതിരെയുള്ള ചാര്‍ജ്. പ്രസിഡന്റിനൊപ്പം നിന്നില്ലെന്ന കാരണത്താല്‍ ഇനിയും ഒരു സസ്‌പെന്‍ഷന്‍ വന്നുകൂടായ്കയില്ല.

1956ല്‍ ഹൈക്കോടതിയോടൊപ്പം സ്ഥാപിതമായ അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു സമാദരണീയനായ മാത്യു മുരിക്കന്‍. അസോസിയേഷന്‍ ഹാളിലെ ചുവരില്‍ എല്ലാ പ്രസിഡന്റുമാരുടെയും ചിത്രമുണ്ട്. തൈക്കാട് എന്‍ സുബ്രഹ്‌മണ്യ അയ്യര്‍, എസ് ഈശ്വരയ്യര്‍, ടി പി കേളു നമ്പ്യാര്‍ തുടങ്ങിയവരുടെ ചിത്രം കാണുമ്പോള്‍ നാം അറിയാതെ ശിരസ് നമിക്കും. കെ പി രാധാകൃഷ്ണ മേനോനും കെ പി ദണ്ഡപാണിയും ഉള്‍പ്പെടെ പല പ്രസിഡന്റുമാരും ജഡ്ജിയായിട്ടുണ്ട്. മുരിക്കനില്‍നിന്ന് കിടങ്ങൂരിലേക്കെത്തുമ്പോള്‍ ഒരു വൃത്തം അര്‍ത്ഥവത്തായി പൂര്‍ത്തിയാകുന്നു.

സദാചാരവും സത്യസന്ധതയും ലവലേശമില്ലാത്ത കൊള്ളക്കാരുടെ സങ്കേതമായിരിക്കുന്നു അസോസിയേഷനുകള്‍. ഫീസെന്ന പേരില്‍ കക്ഷിയുടെ പോക്കറ്റ് കീറി കൈക്കലാക്കുന്ന തുകയ്ക്കു പുറമേ കുടുംബ കോടതികളില്‍ നടക്കുന്ന ബ്‌ളാക്‌മെയ്‌ലിങ്, വാഹനാപകടക്കേസുകളിലും ഭൂമി ഏറ്റെടുക്കല്‍ കേസിലുമുള്ള നഷ്ടപരിഹാരത്തുകയുടെ അപഹരണം എന്നിവ പുതുമയില്ലാത്ത വാര്‍ത്തയായി മാറിയിരിക്കുന്നു. പുതുമയ്ക്കാണ് കമ്പോളത്തില്‍ പ്രിയം.

ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന മാന്യദേഹം നടത്തിയ വെട്ടിപ്പില്‍ അത്ര പുതുമയില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം. ചേംബറില്‍ കയറി പ്രിസൈഡിങ് ഓഫീസറോട് കുശലം പറഞ്ഞതിനുശേഷം പുറത്തു കാത്തുനില്‍ക്കുന്ന കക്ഷിയോട് എല്ലാം ശരിയാക്കി എന്നു പറഞ്ഞ് പണം പിടുങ്ങുന്ന കഥയില്‍ ആവര്‍ത്തനവിരസതയുണ്ട്. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ 25 ലക്ഷം രൂപ വാങ്ങിയ കിടങ്ങൂര്‍ വിരസതയൊഴിവാക്കാന്‍ തിരക്കഥയില്‍ പുതുമ വരുത്തിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും പ്രതിയായ സിനിമാ നിര്‍മാതാവിനെ വിശ്വസിപ്പിക്കാന്‍ കിടങ്ങൂരിനു കഴിഞ്ഞു. ഇപ്രകാരം മണ്ട•ാരായ കക്ഷികള്‍ എന്നെത്തേടി വന്നിട്ടില്ലല്ലോ എന്നതാണ് ഇപ്പോള്‍ എന്റെ സങ്കടം.

വിശ്വാസവും വിശ്വാസ്യതയുമാണ് കോടതിയുടെ മൂലധനം. രണ്ടും സംരക്ഷിക്കുന്നതില്‍ ന്യായാധിപര്‍ക്കൊപ്പം അഭിഭാഷകര്‍ക്കും പങ്കുണ്ട്. ഈ ഉത്തരവാദിത്വം മറന്നുകൊണ്ട് ഏറ്റവും മ്‌ളേച്ഛമായ പ്രവൃത്തിയാണ് സൈബി ജോസ് കിടങ്ങൂര്‍ നടത്തിയത്. അടുത്ത കാലത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ശ്രേഷ്ഠരും സമാദരണീയരുമായ ഹൈക്കോടതി അഭിഭാഷകര്‍ ഈ മാന്യദേഹത്തെ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ 25 ലക്ഷത്തിന്റെ കഥ പുറത്തുവന്നിട്ടും ആര്‍ക്കും അത് പ്രശ്‌നമായില്ല. ഇഷ്ടപ്പെടാത്ത അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്റെ സന്നത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയ അസോസിയേഷനാണിത്. ഇരുനൂറ് അഭിഭാഷകര്‍ ഒപ്പിട്ട പ്രമേയമാണ് അന്ന് അസോസിയേഷന്‍ അടിയന്തരമായി ചര്‍ച്ചയ്‌ക്കെടുത്തത്. ഇപ്പോള്‍ അഭിവന്ദ്യനായ പ്രസിഡന്റിന്റെ നഗ്നത മറയ്ക്കാന്‍ എത്ര അഭിഭാഷകര്‍ ഒപ്പിട്ട ആലില വേണ്ടിവരും?

Read more

ആരോപണമുണ്ടായാലുടന്‍ ആരോപണവിധേയന്‍ രാജിവയ്ക്കണം എന്ന ആവശ്യം പ്രതിപക്ഷനേതാവ് ഉന്നയിക്കാറുണ്ട്. സജി ചെറിയാന്‍ എന്ന മന്ത്രി രാജിവയ്‌ക്കേണ്ടിവന്നത് അങ്ങനെയാണ്. അദ്ദേഹം സദാചാരവിരുദ്ധമായ പ്രവൃത്തിയോ സാമ്പത്തിക ക്രമക്കേടോ നടത്തിയിരുന്നില്ല. ഇവിടെ ജുഡീഷ്യറിയെയും തദ്വാര ജനാധിപത്യ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഹീനവൃത്തിയാണ് കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട പദവിയില്‍നിന്നൊഴിയാന്‍ ധര്‍മനിഷ്ഠനായ പ്രതിപക്ഷനേതാവ് അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍കൂടിയായ സൈബി ജോസ് കിടങ്ങൂരിനോട് ആവശ്യപ്പെടണം. അതിനു കാത്തുനില്‍ക്കാതെ സ്വന്തം നിലയിലുളള രാജി ഉണ്ടായാല്‍ അത് ഏറെ അഭികാമ്യമാകും.