മയക്കുമരുന്നു ഭീഷണി. വിഭാഗീയത പ്രചരിപ്പിക്കാതെ വേണം ജാഗ്രത !

സെബാസ്റ്റ്യന്‍ പോള്‍

അജപാലകര്‍ അജഗണത്തെ കുറിച്ച് ഉത്കണ്ഠയുള്ളവരായിരിക്കും. നൂറിലൊന്നിനെ കാണാതായാല്‍ അതിനെ അന്വേഷിച്ചു പോകുന്നവനാണ് യേശു വിവരിക്കുന്ന നല്ല ഇടയന്‍. അതുകൊണ്ട് പാലാ ബിഷപ് കല്ലറങ്ങാട്ടിന്റെ വിവാദമായ കുറവിലങ്ങാട് പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ അപലപനീയമായി ഒന്നും ഞാന്‍ കാണുന്നില്ല. ജിഹാദ് എന്ന പ്രയോഗം ഒഴിവാക്കി ഭീകരതയിലേക്കും അധോലോകത്തിലേക്കുമുള്ള ക്രൈസ്തവ യുവാക്കളുടെ റിക്രൂട്ട്‌മെന്റില്‍ വിഷയത്തെ പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ പ്രയോജനകരമായ ചര്‍ച്ച നടക്കുമായിരുന്നു. ലവ് ജിഹാദിനു അനുബന്ധമായി നാര്‍കോട്ടിക് ജിഹാദ് എന്ന ആക്ഷേപമുണ്ടായപ്പോഴാണ് മതാതീതമായ വിഷയത്തിന് മതപരമായ മാനമുണ്ടായത്.

പരിവര്‍ത്തനത്തിനു വേണ്ടി ശ്രമിക്കുന്ന രണ്ടു മതങ്ങളാണ് ക്രിസ്തുമതവും ഇസ്‌ലാം മതവും. പ്രചാരണത്തിലൂടെയാണ് പരിവര്‍ത്തനം സംഭവിക്കേണ്ടത്. പ്രചാരണം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്. മതം പ്രചരിപ്പിക്കാനുള്ളതാണ്. അതിനപ്പുറം അനാശാസ്യമായ ചില കൈയേറ്റങ്ങളും അപഹരണങ്ങളും നടക്കുന്നതായി ആക്ഷേപമുണ്ട്. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട് ഐ.എസായി അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷയും സോണിയ സെബാസ്റ്റ്യനും വാര്‍ത്തകളിലുണ്ട്. അഫ്ഗാനിസ്ഥാന്‍ വരെ എത്താത്ത വേറെയും പേരുകളുണ്ട്. കേരളം ഭീകരരുടെ റിക്രൂട്ടിംഗ് കേന്ദ്രമായിരിക്കുന്നുവെന്ന് പറഞ്ഞത് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയാണ്. വിശ്വാസികളുടെ എണ്ണക്കുറവിന് പരിഹാരമായി പ്രസവം വര്‍ദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പിനെ സംബന്ധിച്ച് ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണിതെല്ലാം.
പ്രഘോഷണത്തിലൂടെ ആര്‍ക്കും ആരെയും ആകര്‍ഷിക്കാം. പ്രത്യയശാസ്ത്രപരമായ വശീകരണത്തിലൂടെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കുത്. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറ്റമുണ്ടാകുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് അര്‍ത്ഥവത്താകുന്നത്. പ്രലോഭനത്തിലൂടെയോ നിര്‍ബന്ധം ചെലുത്തിയോ നടക്കുന്ന മതംമാറ്റം അനുവദനീയമല്ല. അത് സംഘര്‍ഷത്തിനു കാരണമാകും. കറുത്തമ്മയെ പരീക്കുട്ടി പ്രേമിച്ചത് ദുരുദ്ദേശ്യത്തോടെയായിരുന്നില്ല. ആ ബന്ധത്തെ അംഗീകരിക്കാതെ തന്നെ ചെമ്പന്‍കുഞ്ഞ് അതിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അതാണ് കേരളം. അതായിരുന്നു കേരളം.

സത്യവേദത്തിലേക്ക് ആത്മരക്ഷാര്‍ത്ഥം ആളുകളെ ആകര്‍ഷിക്കുന്നതാണ് മിഷണറിമാരുടെ ദൗത്യം. വേദങ്ങള്‍ പലതുള്ളപ്പോള്‍ സത്യമായത് ഏതെന്ന് നിര്‍ണയിക്കാനാവില്ല. അതുകൊണ്ടാണ് മതാതീത ഭരണഘടനയില്‍ മന:സാക്ഷി സ്വാതന്ത്ര്യത്തിനൊപ്പം മതസ്വാതന്ത്ര്യം ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ആര്‍ക്കും ആരെയും പ്രബോധനത്തിലൂടെ നിലപാടുകള്‍ മാറുന്നതിന് പ്രേരിപ്പിക്കാം. ഔദ്യോഗികമായി നിഷേധിക്കപ്പെട്ടതും എന്നാല്‍ ഉണ്ടെന്ന് പലരും കരുതുന്നതുമായ ലൗ ജിഹാദ് അനുവദനീയമായ പരിവര്‍ത്തനശ്രമമല്ല. പ്രേമിച്ച് വീടു വിടുമെന്നല്ലാതെ അഫ്ഗാനിസ്ഥാനില്‍ തോക്കെടുക്കാന്‍ ആരും പോവില്ല. അതും അഫ്ഗാനിസ്ഥാന്‍! ലോകത്ത് സ്ത്രീകള്‍ പോകാന്‍ പാടില്ലാത്ത ഒരു രാജ്യമുണ്ടെങ്കില്‍ അത് അഫ്ഗാനിസ്ഥാനാണ്.

ക്രിസ്ത്യാനിയെ മുസ്‌ലിം പ്രേമിക്കുതില്‍ ഒരു തെറ്റും കാണാത്ത ആളാണ് ഞാന്‍. പക്ഷേ അത് പ്രേമമായിരിക്കണം. അനധികൃതവും അനാശാസ്യവുമായ കാര്യങ്ങള്‍ക്കായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള മൂടുപടമായി പ്രണയത്തെ മാറ്റരുത്. ജിഹാദ് എന്ന പദത്തെ അനഭിലഷണീയമായ പ്രവൃത്തികളുമായി ബന്ധപ്പെടുത്തേണ്ടതില്ല. പക്ഷേ പ്രണയച്ചതികള്‍ക്ക് എതിരെ സമൂഹത്തിന് കരുതലുണ്ടാകണം. വീണാല്‍ എഴുന്നേല്‍പ്പ് അസാദ്ധ്യമാണ്. കന്യകാമറിയത്തിന്റെ പെരുന്നാളിനോടു ബന്ധപ്പെട്ട കുര്‍ബാനമദ്ധ്യേ തന്റെ അജഗണത്തിന് മാര്‍ കല്ലറങ്ങാട്ട് ചില മുന്നറിയിപ്പുകള്‍ നല്‍കിയതില്‍ തെറ്റില്ല. മതവും സമുദായവും മാറാതെയുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ ഉണ്ടാകുമ്പോഴും പെണ്‍കുട്ടികള്‍ക്ക് കരുതലും വീണ്ടുവിചാരവും ഉണ്ടാകണം. സൗഹൃദങ്ങളില്‍ അകപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ക്കും ജാഗ്രത വേണം.

ലവ് ജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നുവെന്നാണ് ബിഷപ് പറഞ്ഞത്. ഇവിടെയും ഞാന്‍ ജിഹാദ് എന്ന പദം ഒഴിവാക്കുന്നു. ജിഹാദാകുമ്പോള്‍ ഒരു സമുദായത്തിന് എതിരെയുള്ള കുറ്റാരോപണമാകും. അപകടത്തിന്റെ ചതിക്കുഴികളാണ് പാര്‍ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇടങ്ങള്‍. റെജീനയുടെ കഥയുടെ പശ്ചാത്തലം ഐസ്‌ക്രീം പാര്‍ലറായിരുന്നു. കൗമാരപ്രായക്കാരെ ആകര്‍ഷിക്കുതിനു വേണ്ടി നാര്‍കോട്ടിക് വ്യാപാരികള്‍ പല രൂപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. കറുപ്പിനെ മറയാക്കിക്കൊണ്ടുള്ള മതപ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്. എല്ലാ പ്രവര്‍ത്തനവും മതസംബന്ധിയാകണമെന്നില്ല. ഉദ്ദേശ്യങ്ങള്‍ എല്ലാം നല്ലതാകണമെന്നില്ല. നാര്‍കോട്ടിക് ചെയ്തികള്‍ക്കും ചതികള്‍ക്കും വാണിജ്യോദ്ദേശ്യം മാത്രമല്ല ഉള്ളത്.
നാര്‍കോട്ടിക് വിപത്ത് യാഥാര്‍ത്ഥ്യമായതു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിമുക്തി എന്ന ബൃഹത്പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുത്. അതിന് ഊര്‍ജ്ജം പകരുന്നതിനുള്ള ആഹ്വാനമായി ബിഷപ്പിന്റെ വാക്കുകളെ കണ്ടാല്‍ മതി. ജിഹാദ് എന്ന പദം ഒഴിവാക്കിയിരുന്നെങ്കില്‍ വംശീയ പരാമര്‍ശം എന്ന വിമര്‍ശനം ഉണ്ടാകുമായിരുന്നില്ല. ക്രിസ്ത്യാനി പെണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യുന്ന യുവാക്കള്‍ ക്രിസ്ത്യാനികളായാലും അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് മതവുമായി ബന്ധപ്പെടുത്താതെ ഒരു സാമൂഹിക വിപത്തായി ഈ വിഷയത്തെ കാണണമെന്നു പറയുന്നത്.

ആശയങ്ങളെ പ്രകാശിപ്പിക്കുന്നതിനു മാത്രമല്ല സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ് ഭാഷ. പൗരോഹിത്യത്തിന്റെ ഭാഷ എങ്ങനെയായിരിക്കണമെന്നതിന് നല്ല മാതൃകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കാര്യങ്ങള്‍ അപകടകരമായും ചിലപ്പോള്‍ അസ്വീകാര്യമാകുന്ന രീതിയിലും വെട്ടിത്തുറന്നു പറയുന്നയാളാണ് മാര്‍ കല്ലറങ്ങാട്. അതുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വംശീയമെന്നു മുദ്ര കുത്തി തള്ളിക്കളയാനാവില്ല. യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കാന്‍ ആസൂത്രിതവും സംഘടിതവുമായി നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ കത്തോലിക്കാ കുടുംബങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് മുസ്‌ലിം സംഘടനകളും ഗൗരവമായി കാണണം. മുസ്‌ലിം യുവാക്കളെയും ഈ വിപത്തില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കേസെടുക്കണമെന്ന രീതിയിലുള്ള തീവ്രപരാമര്‍ശങ്ങള്‍ സംശയത്തിനു കാരണമാകും. പ്രണയം ചതിയാകരുത്. മയക്കുമരുന്ന് ഒരു സമൂഹത്തെ നിര്‍വീര്യമാക്കുന്നതിനുള്ള ആയുധമാകരുത്. മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല. ലഹരി പടര്‍ത്തിയാല്‍ അത് മുസ്‌ലിങ്ങളെയും അമുസ്‌ലിങ്ങളെയും ഒരുപോലെ ബാധിക്കും. ജിഹാദും ക്രൂസേഡും പേറി അപകടത്തെ പ്രതിരോധിക്കാന്‍ കഴിയില്ല.