കാവിയണിയുന്ന ബംഗാള്‍, തൃണമൂലിനൊപ്പം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതല്ലേ സിപിഎമ്മിനേയും

ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിറം മാറ്റം രാജ്യത്തെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണെന്നാണ് പൊതുധാരണ. എന്നാല്‍ ഈ മാറ്റം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നല്ലേ. കണ്ടിട്ടും കണ്ണടച്ച് നിന്നതിന് കിട്ടിയ പ്രഹരം തന്നെയാണ് തൃ്ണമൂലിനും കോണ്‍ഗ്രസിനും എല്ലാറ്റിനുമപരി സിപിഎമ്മിനും കിട്ടിയത് എന്നതില്‍ യാതൊരു സംശയുമില്ല.

ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള ഒഴുക്കുകള്‍ ശക്തമായിത്തുടങ്ങി. പരസ്യ പ്രതികരണവുമായി നേതാക്കള്‍ പലരും രംഗത്ത് വന്നു കഴിഞ്ഞു. ഇത്രനാളും കണ്ണ് തുറന്ന് ഉറങ്ങുകയായിരുന്ന സിപിഎമ്മും അതിന് വലിയ തോതില്‍ ഉത്തരവാദികളാണ്. സിപിഎം അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ സിപിഎമ്മില്‍ നിന്നും തൃണമൂലില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നു്െമല്ലാം നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചത് അവര്‍ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ പ്രധാന ഉത്തരവാദി തൃണമൂല്‍ മാത്രമല്ല, സിപിഎമ്മിനു കൂടി ആ ഉത്തരവാദിത്തം ഉണ്ട്. കാലങ്ങളായുള്ള അവരുടെ സമീപത്തിലെ മാറ്റമില്ലായ്മ എത്തിച്ചത് ബംഗാളില്‍ ബിജെപിക്ക് വലിയ തുണയായി.

തൃണമൂലിനേറ്റ കനത്ത പ്രഹരത്തില്‍ മമത രാജിവെക്കാന്‍ തുനിയുന്നുണ്ടെങ്കിലും എത്രമാത്രം മുന്നോട്ടു പോകുമെന്ന് കാത്തിരിക്കാം. കാരണം മമതയുടെ കടുത്ത നിലപാടുകള്‍ക്കെതിരെ നേരത്തെ തന്നെ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. മമതയുടെ മുന്‍ വിശ്വസ്തനും ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ പുതിയ പ്രസ്താവന ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നു എന്നാണ് ദേശീയ ചാനലിനോട് മുകുള്‍ റോയി പറഞ്ഞിരിക്കുന്നത്. തൃണമൂലില്‍ നിന്ന് സസ്പെന്‍ഡ് ചെയത ബിജ്പൂര്‍ എംഎല്‍എ ശുഭ്രാംശു റോയ് ബിജെപിയില്‍ ചേരുന്നു എന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് പുതിയ വാര്‍ത്ത. പാര്‍ട്ടിവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ആറുവര്‍ഷത്തേക്കാണ് തൃണമൂല്‍ ശുഭ്രാംശുവിനെ തൃണമൂലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ബിജ്പുരില്‍നിന്ന് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട് ശുഭ്രാംശു. സസ്‌പെന്‍ഷന്‍ കാലം നീണ്ടുപോയെന്ന അഭിപ്രായം അപ്പോള്‍ തന്നെ നേതാക്കന്‍മാര്‍ക്കിടയില്‍ മുറുമുറുപ്പിനിടയാക്കി. തനിക്കൊപ്പം ഇനിയും ധാരാളം പേര്‍ ബിജെപിയിലേക്ക് എത്തും എന്ന് ശുഭ്രാംശു പറഞ്ഞതിന് പിന്നാലെയാണ് സാക്ഷാല്‍ മുകുള്‍ റോയ് കൃ്ത്യമായ സംഖ്യാവിവരണം നടത്തിയത്. ആകെയുള്ള 42 സീറ്റില്‍ ബിജെപി 18 സീറ്റ് നേടി. 22 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. 2014ല്‍ രണ്ടു സീറ്റായിരുന്നു ബിജെപിക്ക്. 17 ശതമാനം വോട്ടും. എന്നാല്‍ ഇത്തവ 18 സീറ്റായി വര്‍ദ്ധിച്ചു. മറ്റെല്ലായിടത്തേടെയും പോലെ ഹൈന്ദവ ആശയത്തെ കാണിച്ചാണ് ബിജെപി മുന്നേറുന്നത്. മുസ്ലീം പ്രീണനമാണ് മമതക്കെതിരെയുണ്ടായ പ്രധാന ആരോപണം. എന്നാല്‍ സാമുദായിക പ്രീണനത്തിന് ശ്രമിച്ച മമത വിജയിച്ചില്ല. ശരിക്ക് പറഞ്ഞാല്‍ ഇടതിനേയും കോണ്‍ഗ്രസിനെയും ഒഴിവാക്കിയത് തിരിച്ചടിയായോന്ന് പോലും മമതക്ക് തോന്നിത്തുടങ്ങി.

സിപിഎമ്മിന്റെ രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ബംഗാളില്‍ നിന്ന് പാര്‍ട്ടിക്ക് ലോക്‌സഭാ പ്രാതിനിധ്യം ഇല്ലാതാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരായിട്ടുള്ള ഭരണ വിരുദ്ധ വികാരം മുതലെടുക്കുന്നതില്‍ പാര്‍ട്ടി പരായമായിരുന്നുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ അതാണോ യഥാര്‍ഥത്തില്‍ സംഭവിച്ചത്. സിപിഎമ്മിന്റെ പതനം തുടങ്ങിയിട്ട് നാളേറെയായില്ലേ. ക്ണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനം ഇനിയെങ്കിലും മാറ്റണ്ടേ. ഇല്ലാതായി എന്ന യാഥാര്‍ഥ്യ ബോധം ഈ തെരഞ്ഞെടുപ്പല്ലല്ലോ ബോധ്യപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളൊക്കെ മറന്നു പോയോ സിപിഎം. അതോ ബോധപൂര്‍വം മറന്നതാണോ. 2009 മുതല്‍ പാര്‍ട്ടി നേരിട്ട വെല്ലുവിളികള്‍ സ്വയം വിമര്‍ശം നടത്താനുപയോഗിച്ചോ. ഇപ്പോഴും ചില തട്ടുപൊടിപ്പന്‍ ന്യായങ്ങളുമായിരുന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം പോലും ഇല്ലാതാകും.

ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ കൊമ്പനെപ്പോലെ നിലനിന്നിരുന്ന ബംഗാളിന്റെ ഗരിമയിലാണ് ഇപ്പോഴും സിപിഎം. 1989, 1996, 2004 വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശ്ക്തിയാകാന്‍ കഴിഞ്ഞു എ്ന്നത് ഭൂതകാലമാണ്. വര്‍ത്തമാനകാലമാണെന്നുള്ള വിചാരത്തില്‍ ഉറങ്ങുകയാണെന്ന് തന്നെ പറയേണ്ടി വരും. നന്ദിഗ്രാമും സിംഗൂരും സൃഷ്ടിച്ച വികാരം 2009ല്‍ സിപിഎമ്മിനെ വിഴുങ്ങിക്കളഞ്ഞു. 2011ല്‍ ജനം തക്ക മറുപടി കൊടുത്ത് ഭരണത്തില്‍ നിന്ന് ബംഗാളിനെ മോചിപ്പി്ച്ചു. 2016ല്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയായിരുന്നു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഏറെത്തവണ കേന്ദ്ര കമ്മിറ്റിയില്‍ വിരുദ്ധാഭിപ്രായം ഉയര്‍ന്നെങ്കിലും 2016 ലെ തിരഞ്ഞെടുപ്പ് പരാജയ സമയത്ത് കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സീതാറാം യെച്ചൂരി ഉള്‍പ്പെടെ ഒരു വിഭാഗം പിന്തുണ നല്‍കി. അപ്പോഴും കേരളം, ത്രിപുര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അന്ന് ശക്തമായി എതിര്‍ത്തു. ഈ സംസ്ഥാനങ്ങളില്‍ സിപിഎമ്മിന്റെ ശക്തിയുടെ പിന്‍ ബലത്തിലാണ് അന്നത്തെ അവരുടെ നിലപാട്. ഒടുവില്‍ സഖ്യവും മുന്നണി ബന്ധവും ഒന്നും വേണ്ടെന്നും വെച്ചു. എന്നാല്‍ ചില നീക്കുപോക്കുകള്‍ക്ക് വഴങ്ങാവുന്നതാണെന്ന് മൃദുസമീപനം സ്വീകരിക്കുകയും ചെയ്തു. അവസാനം കേന്ദ്ര കമ്മിറ്റിക്ക് വിരുദ്ധമായി പരസ്യമായിത്തന്നെ കോണ്‍ഗ്രസുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി ലയിച്ചതാണ് പരാജയത്തിന്റെ കാരണമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അത്രയും വലിയ പരാജയത്തില്‍ നിന്ന് തിരികെ വരാന്‍ സിപിഎമ്മിന് വലിയ പ്രയാസം തന്നെയാണ്. ഇത്തവണ കോണ്‍ഗ്രസ് എതിരാളികള്‍ പോലും ഇല്ലാതിരുന്ന സാഹചര്യത്തിലും പിടിച്ചു നില്‍ക്കാനായില്ല എന്നതാണ് ഏറ്റവും ദയനീയം. സിപിഎം എന്നും തൃണമൂലിനെയാണ് പ്രധാന എതിരാളിയായി കണ്ടിരുന്നത്. അപ്പോഴും ബിജെപി മുഖ്യ ശ്ത്രുവായി മാറുന്നത് അറിഞ്ഞിരുന്നതേയില്ല. പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് ഒലിച്ചു പോകുമ്പോഴും തൃണമൂലിനെതിരെയായിരുന്നു സിപിഎമ്മിന്റെ അസ്ത്രം മുഴുവനും. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതറിഞ്ഞിട്ടും മാറ്റത്തിനും സ്വയം ശുദ്ധീകരണത്തിനും തയ്യാറാകാതിരുന്ന സിപിഎമ്മും ബിജെപിയുടെ ജയത്തിന്റെ ഉത്തരവാദികളാണ്.