സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസങ്ങളില്‍; പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി യുജിസി

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം അടച്ചുപൂട്ടിയ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമായി വാര്‍ഷിക പരീക്ഷാ വിശദാംശങ്ങളും പുതിയ അക്കാദമിക് കലണ്ടറും പുറത്തിറക്കി യുജിസി. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈയില്‍ പരീക്ഷകള്‍ നടത്തിയേക്കും.

വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് ഒന്നു മുതലും പുതുതായി ചേരുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതലും അക്കാദമിക് സെക്ഷന്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദേശിച്ചു. ഇടയിലുള്ള വിദ്യാര്‍ഥികളെ (ഇന്റര്‍മീഡിയേറ്റ് സെമസ്റ്റര്‍) ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളില്‍ പരീക്ഷ ജൂലൈയില്‍ നടത്തുകയോ ചെയ്യാം. ആഴ്ചയില്‍ ആറ് ദിവങ്ങള്‍ പ്രവൃത്തി ദിനങ്ങളായി വന്നേക്കാം.

എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ആറുമാസത്തേക്ക് കോഴ്‌സ് നീട്ടി നല്‍കാനും ആലോചനയുണ്ട്. വാര്‍ഷിക പരീക്ഷകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും യുജിസി നിര്‍ദേശിച്ചു. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താമെന്നും യുജിസി വ്യക്തമാക്കി.