ഐ.ഐ.ടികളും എന്‍.ഐ.ടികളും കൗണ്‍സിലിംഗ് റൗണ്ടുകള്‍ ചുരുക്കുന്നു

ഐഐടി, എന്‍ഐടി, ഐഐഐടി, ഐഐഇഎസ്ടി എന്നിവയുള്‍പ്പെടെ 100 ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 40,000 സീറ്റുകള്‍ക്കുള്ള കൗണ്‍സിലിംഗ് ഈ വര്‍ഷം ആറ് റൗണ്ടുകളായി നടക്കും. എല്ലാ കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലും ഏഴ് റൗണ്ട് ജോയിന്റ് കൗണ്‍സിലിംഗ് നടത്തിയായിരുന്നു സാധാരണയായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നത്.

ഈ വര്‍ഷം ഒരു റൗണ്ട് കൗണ്‍സിലിംഗ് ഉപേക്ഷിക്കാനുള്ള നിര്‍ദേശം ഐഐടി- ഡല്‍ഹി അവതരിപ്പിക്കുകയും സംയുക്ത നടപ്പാക്കലിനായി സമിതിക്ക് അയക്കുകയും ചെയ്തിരുന്നു. എല്ലാ ഐഐടികളുടെയും ജെഇഇ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടുന്നതാണ് ജോയിന്റ് പാനല്‍.

എല്ലാ ഐഐടികളും അംഗീകരിക്കുകയാണെങ്കില്‍ എന്‍ഐടികള്‍, ഐഐടികള്‍, ഐഐഎസ്ടി എന്നിവയിലേക്കുള്ള പ്രവേശനം ഏകോപിപ്പിക്കുന്ന സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡുമായി ഈ നിര്‍ദ്ദേശം പങ്കിടും. ഒരു റൗണ്ട് കൗണ്‍സിലിംഗ് ഉപേക്ഷിക്കുന്നതിനൊപ്പം പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ അഖിലേന്ത്യാ റാങ്കോ, ഫലങ്ങളോ പ്രഖ്യാപിക്കണമെന്നും ഐഐടി- ഡല്‍ഹി നിര്‍ദേശിച്ചിട്ടുണ്ട്.