സോണിയും സീയും തമ്മില്‍ വീണ്ടും അടുക്കുന്നു; ലയന ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു; തിരക്കിട്ട ചര്‍ച്ചകള്‍; പ്രതീക്ഷയോടെ ഓഹരി വിപണി

സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്കും സീ എന്റര്‍ടെയ്ന്‍മെന്റ് ലയനത്തിന് വീണ്ടും വഴിയൊരുങ്ങുന്നു. ജനുവരി 22ന് റദ്ദാക്കിയ 1,000 കോടി ഡോളറിന്റെ (ഏകദേശം83,000 കോടി രൂപ) ലയനം പുനരുജ്ജീവിപ്പിക്കാന്‍ സീ തന്നെ നേരിട്ടിറങ്ങുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ പ്രതീക്ഷയോടെയാണ് ഓഹരി വിപണിയും തുറക്കുന്നത്.

ലയനത്തില്‍ നിന്ന് സോണി പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് ശേഷം സീ ഓഹരി വില തുടര്‍ച്ചയായ ഇടിഞ്ഞിരുന്നു. സോണി-സീ ലയനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്റര്‍ടെയിന്‍മെന്റ് ലോകത്തിന് അപ്രതീക്ഷിത തിരിച്ചടിയുമായാണ് ജനുവരി 22ന് ലയന പദ്ധതി ഉപേക്ഷിച്ചതായി സോണി ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്.

സീ സിഇഒ പുനീത് ഗോയങ്കക്കെതിരേ സെബി നടത്തുന്ന അന്വേഷണമാണ് ലയന ചര്‍ച്ചകളെ വഴിമുട്ടിച്ച പ്രധാന കാരണം. ലയന കമ്പനിയുടെ നേതൃസ്ഥാനത്ത് ഗോയങ്കയെ അംഗീകരിക്കാന്‍ സോണി തയാറായില്ല.

സോണിയുമായുള്ള ലയന ചര്‍ച്ചകള്‍ക്ക് തുരങ്കം വെയ്ക്കുകയാണെന്ന് ആരോപിച്ച് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി സ്ഥാപന നിക്ഷേപകര്‍ മാര്‍ക്കറ്റ് റെഗുലേറ്ററിന് കത്തയച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, അമന്‍സ ഹോള്‍ഡിംഗ്സ്, നിപ്പോണ്‍ ഇന്ത്യ, പ്ലൂട്ടസ് ഗ്രൂപ്പ് എന്നീ നിക്ഷേപകര്‍ കത്ത് കൈമാറിയത്. സീയില്‍ മൊത്തം 23.5 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമാണ് ഈ നിക്ഷേപകര്‍ക്ക് ഉള്ളത്.

ലയനത്തിന് നിശ്ചയിച്ചിരിക്കുന്ന സമയം പൂര്‍ത്തിയാകും മുമ്പ് സീയുടെ സിഇഒ, എംഡി എന്നീ സ്ഥാനങ്ങളില്‍ നിന്ന് പുനിത് ഗോയങ്ക ഒഴിയാന്‍ തയാറാകണമെന്നാണ് സ്ഥാപന നിക്ഷേകര്‍ ആവശ്യം. ഇതിന് ഗോയങ്ക തയാറായില്ലെങ്കില്‍ ഗോയങ്കയെയും മറ്റ് ചില ഡയറക്ടര്‍മാരെയും നീക്കം ചെയ്യുന്നതിനായി അസാധാരണമായ പൊതുയോഗം (ഇജിഎം) വിളിക്കാന്‍ സെബിയെ സമീപിക്കാനാണ് ഇവര്‍ ഒരുങ്ങിയത്. എന്നാല്‍, ഏറ്റെടുക്കലില്‍ നിന്ന് സോണി പിന്നോട്ട് പോയത് ഇവര്‍ക്കും തിരിച്ചടിയായിരുന്നു.