ലോക്ഡൗണില്‍ 15 കോടിയുടെ നഷ്ടം; വണ്ടര്‍ലാ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

  • ലോക്ഡൗണില്‍ പ്രവര്‍ത്തനം നിലച്ചത് ബിസിനസ്സിന് കനത്ത ആഘാതം ഏല്‍പ്പിച്ചു

വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ് – ഇന്ത്യയിലെ ലീഡിംഗ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഓപ്പറേറ്റര്‍ 202-2021 സാമ്പത്തിക വര്‍ഷത്തിലെ, സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം ത്രൈമാസത്തിലെ ഫൈനാന്‍ഷ്യല്‍ റിസല്‍ട്ട് പ്രഖ്യാപിച്ചു.

വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ വരുമാനം നിലച്ചത് ബിസിനസ്സിനെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചു. അതുമൂലം 2020 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1579.62 ലക്ഷം രൂപയുടെ നഷ്ടമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ കമ്പനി നികുതി കഴിഞ്ഞ് 16.02 ലക്ഷം രൂപ ലാഭം പ്രഖ്യാപിച്ച സ്ഥാനത്താണ് ഇത്.

നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 2020 മാര്‍ച്ച് മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. കോവിഡ്-19 വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയ സുരക്ഷാ, മുന്‍കരുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ തീരുമാനം എടുത്തത്. കൊച്ചി പാര്‍ക്ക് 2020 മാര്‍ച്ച് 11 നാണ് അടച്ചത്. ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും പാര്‍ക്കുകളും റിസോര്‍ട്ടും യഥാക്രമം മാര്‍ച്ച് 14 ഉം 15 ഉം മുതലും അടച്ചിട്ടു.

കമ്പനിക്ക് നിലനിര്‍ത്തല്‍ ചെലവ് ഈ വര്‍ഷം ആദ്യ ത്രൈമസത്തില്‍ 11.90 കോടി രൂപ ആയിരുന്നത് ലോക്ഡൌണ്‍ വേളയില്‍ 9.32 കോടി രൂപയായി നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു.

പേറോള്‍, പരസ്യം, മാര്‍ക്കറ്റിംഗ് മുതലായവയുടെ ചെലവും മറ്റ് ചെലവുകളും കുറച്ച് മൊത്തത്തിലുള്ള ചെലവ് നിയന്ത്രിക്കാനുള്ള വിവിധ നടപടികളും, മാറ്റിവെക്കാവുന്ന പ്രവര്‍ത്തന ചെലവുകള്‍ മാറ്റിവെച്ചുകൊണ്ടുള്ള യുക്തിസഹമായ നടപടികളും എടുത്തുകൊണ്ട്, പണച്ചെലവ് ഗണ്യമായി കുറച്ചുനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞു.

ആദ്യ ത്രൈമാസത്തില്‍ കമ്പനി ബാംഗ്ലൂരില്‍ ”വണ്ടര്‍ കിച്ചന്‍” എന്ന പേരില്‍ ഒരു ടേക്ക്എവേ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ യഥാക്രമം ഓരോന്ന് വീതം 3 ഔട്ട്‌ലെറ്റുകള്‍ കൂടി ആയപ്പോള്‍, അതേ ത്രൈമാസത്തില്‍ തുറന്ന മൊത്തം ഔട്ട്‌ലെറ്റുകളുടെ എണ്ണം 4 ആയി. അതിലൂടെ Q1 ല്‍ 18 ലക്ഷം രൂപക്കുള്ള കുക്ക്ഡ് ഫുഡ് സെയില്‍ നടത്തി.

”മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ പാര്‍ക്ക് അടച്ചു. വേനല്‍ക്കാലത്തെ വരുമാനത്തിനുള്ള അവസരം നഷ്ടമായി.എങ്കിലും ബാംഗ്ലൂര്‍ പാര്‍ക്ക് നവംബര്‍ 13 മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ സജ്ജമാണ്. കോവിഡിന് മുമ്പുള്ള തോതിലേക്ക് തിരികെ വരാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരുകയും ചെയ്യും,” വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.