സാമ്പത്തിക കാര്യങ്ങളില്‍ ഈ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ മനോഹരമാക്കാം ഗര്‍ഭകാലവും മാതൃത്വവും

ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിയുന്നതോടെ മിക്ക മാതാപിതാക്കളെയും സംബന്ധിച്ച് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ രണ്ടാമത്തേതാകും. കുഞ്ഞിന്റെ കാര്യത്തിനായിരിക്കും പ്രാമുഖ്യം നല്‍കുക. പലരും കുഞ്ഞിന്റെ ശൈശവകാലത്തെ ചെലവുകളെയും പ്രാഥമിക വിദ്യാഭ്യാസത്തെയും എന്തിന് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുവരെ ആലോചനകള്‍ നടത്തും. പല കോഴ്‌സുകളും പൂര്‍ത്തിയാക്കാനുളള ചെലവ് കണക്കാക്കിയാല്‍ ഇത്തരത്തില്‍ തുടക്കത്തിലേയുള്ള ആലോചനകള്‍ നല്ലതുമാണ്.

എന്നിരിക്കിലും അമ്മയാകാന്‍ പോകുന്ന സ്ത്രീകള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് കൂടി ചിലത് കരുതി വെക്കണം. അപ്രതീക്ഷിത ഗര്‍ഭമായാല്‍ കൂടി നിങ്ങള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒമ്പതുമാസക്കാലം മുമ്പിലുണ്ട്. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോയാല്‍ മതി.

എന്തൊക്കെ ചെലവുകള്‍ വരുമെന്ന് ലിസ്റ്റ് തയ്യാറാക്കുക, അതിനുവേണ്ട ബജറ്റും കണക്കാക്കുക:

ബജറ്റിന്റെ വലിയൊരു ഭാഗം ആശുപത്രി ചെലവുകള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് പറയേണ്ടതില്ലല്ലോ. പല തൊഴിലിടങ്ങളിലും തൊഴിലാളികള്‍ക്കുവേണ്ടി ഗ്രൂപ്പ് ഹെല്‍ത്ത് കവര്‍ ഉണ്ടായിരിക്കും. ഇനി അതില്ലെങ്കില്‍ പ്രസവകാലത്തെ ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്ന പേഴ്‌സണല്‍ ഹെല്‍ത്ത് പോളിസികളുമുണ്ട്. എന്നാല്‍ ഇത്തരം ഹെല്‍ത്ത് കവറുകള്‍ക്ക് നാലുവര്‍ഷത്തെ വെയ്റ്റിങ് പിരീഡ് ഉണ്ടായിരിക്കുമെന്നതിനാല്‍ അത്യാവശ്യത്തിന് ഉപകരിക്കില്ല.

എന്നാല്‍ നിങ്ങളോ പങ്കാളിയോ തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഹെല്‍ത്ത് കവറുകള്‍ക്ക് കീഴില്‍ വരുന്നവരാണെങ്കില്‍ വെയ്റ്റിങ് പിരീഡെന്ന തടസമുണ്ടാവില്ല. എന്നിരിക്കിലും, ഗ്രൂപ്പ് കവര്‍ ആയാലും വ്യക്തിയ്ക്കുവേണ്ടിയുള്ള കവര്‍ ആയാലും പ്രസവ ആവശ്യത്തിന്റെ കാര്യത്തില്‍ സാധാരണ പ്രസവത്തിന് 35,000 രൂപവരെയും സിസേറിയന് 50000 രൂപവരെയുമാണ് നല്‍കുന്നത്. ഈ പോളിസിയ്ക്കു കീഴിലുള്ള ക്ലെയിം പെട്ടെന്ന് നല്‍കാമെങ്കിലും ആശുപത്രി ചെലവകുള്‍ മാത്രമേ ലഭിക്കുകയുള്ളൂ. അപ്പോഴും ഇടവിട്ടുള്ള ചെക്കപ്പിനും മരുന്നുകള്‍ക്കും, ഭക്ഷണക്രമങ്ങള്‍ക്കും, മറ്റും മാസ ശമ്പളം തന്നെ ആശ്രയിക്കേണ്ടിവരും.

അടുത്തകാലത്തായി, ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടുകള്‍ക്കും, ബേബി ഷവറിനും മറ്റും പണം ചെലവഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അത്തരം ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ബഡ്ജറ്റ് കണക്കാക്കുമ്പോള്‍ അതിനുള്ള ചെലവുകളും ഉള്‍പ്പെടുത്തണം.

നിങ്ങള്‍ക്കുവേണ്ടി കുറച്ച് തുക സ്വരൂപിച്ചുവെയ്ക്കുക

പല സ്ത്രീകള്‍ക്കും പ്രസവശേഷം ശമ്പളം കൈപ്പറ്റാവുന്ന പ്രസവാവധിക്ക് പുറമേ വീണ്ടും അവധിയെടുക്കേണ്ടിവരാറുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും ശമ്പളമില്ലാതെ മുന്നോട്ടുപോകേണ്ടിവരുമെന്ന് കണക്കാക്കി അല്പം മിച്ചംവെയ്ക്കണം. അത് എത്രവേണമെന്നത് കുടുംബത്തില്‍ ഓരോരുത്തരും വഹിക്കുന്ന ഉത്തരവാദിത്തം അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, നിങ്ങളും ഭര്‍ത്താവും ചേര്‍ന്ന് ഹോം ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ഇ.എം.ഐയില്‍ നിങ്ങളുടെ പങ്ക് അടയ്ക്കാനുള്ള തുക കണ്ടുവെയ്ക്കണം. ഭര്‍ത്താവ് ചെലപ്പോള്‍ സഹായിച്ചെന്നുവരും. പക്ഷേ എല്ലാ ചെലവുകളും അദ്ദേഹത്തിന് തനിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം കൂടി മനസില്‍ കാണണം.

എല്ലാമാസവും കുറച്ചുതുക മാറ്റിവെച്ച് അത് ഏതെങ്കിലും നിക്ഷേപ പദ്ധതികളിലോ മറ്റോ നിക്ഷേപിക്കുന്നത് നന്നായിരിക്കും. ബോണസുകളും മറ്റും ഇത്തരത്തില്‍ മാറ്റിവെയ്ക്കാം. കൂടാതെ ആരോഗ്യം അനുവദിക്കുന്നവരാണെങ്കില്‍ ഒഴിവു സമയങ്ങളിലേക്ക് പാര്‍ട്ട് ടൈം ആയി ജോലി ചെയ്തുകൊണ്ടും വരുമാനം കണ്ടെത്താം.

തടസമില്ലാത്ത ഭാവിയ്ക്ക് മികച്ച സാമ്പത്തിക പിന്തുണയൊരുക്കാം:

പ്രസവമെന്നത് വളരെ പ്രയാസമേറിയ അവസ്ഥയാണ്. പല അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകേണ്ടിവരും. അതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് അല്പമെങ്കിലും ആശ്വാസമായിരിക്കും. സാമ്പത്തികമായി മികച്ച മുന്നൊരുക്കം നടത്തുകയാണെങ്കില്‍ കുറേക്കൂടി മനോഹരമായി നിങ്ങളുടെ ഗര്‍ഭകാലം കഴിച്ചുകൂട്ടാം. മികച്ച സാമ്പത്തിക പിന്തുണയൊരുക്കുന്നത് അമ്മയ്ക്ക് സ്വാതന്ത്ര്യവും ചിന്തിക്കാനുള്ള സമയവും പുതിയ ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ ചെയ്തുതീര്‍ക്കാനുള്ള മനസും നല്‍കും.