കുടുംബത്തില്‍ ഭര്‍ത്താവ് മാത്രമാണോ സമ്പാദിക്കുന്നത്? പണമിടപാടുകളുടെ കാര്യത്തില്‍ അയാള്‍ക്ക് ഒന്നുമറിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക് സഹായിക്കാം- ഇതാ ചില നിര്‍ദേശങ്ങള്‍

പുരുഷാധിപത്യ വ്യവസ്ഥ പിന്തുടരുന്ന സമൂഹത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയ ചില ഉത്തരവാദിത്തങ്ങളുണ്ട്, ഭര്‍ത്താവ് സാമ്പത്തിക കാര്യങ്ങളും ഭാര്യ വീട്ടുകാര്യങ്ങളും നോക്കുകയെന്നത്. കുടുംബത്തില്‍ രണ്ടുപേരും സമ്പാദിക്കേണ്ട ആവശ്യകത വര്‍ധിക്കുകയും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്തതോടെ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ട്. എങ്കിലും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ വ്യവസ്ഥയില്‍ വലിയൊരു വിഭാഗം കുടുംബങ്ങളിലും ഇപ്പോഴും ആണുങ്ങള്‍ തന്നെയാണ് സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ മിക്ക ആണുങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ വലിയ കഴിവൊന്നുമുണ്ടാകില്ല എങ്കിലും അവര്‍ അധികാര സ്ഥാനത്ത് തുടരുകയാണ്.

മിക്കപ്പോഴും സാമ്പത്തിക മേധാവിത്വം നിലനിര്‍ത്താനും തന്റെ ചിലവിലാണ് കഴിയുന്നത് എന്ന ഇമേജ് നിലനിര്‍ത്താനോ ഒക്കെയാണ് പുരുഷന്മാര്‍ ഈ പെടാപാട് പെടുന്നത്. അല്ലെങ്കില്‍ ഭാര്യയ്ക്ക് ഇതുപോലുള്ള കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തതോ കഴിവില്ലാത്തതോ കൊണ്ട് സാമ്പത്തിക ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുന്നവരുമുണ്ട്. സാഹചര്യം എന്തായാലും സാമ്പത്തിക കാര്യങ്ങളില്‍ വലിയ പിടിയില്ലാത്തത് നീക്കിവെപ്പിന്റെയും നിക്ഷേപങ്ങളുടെയുമൊക്കെ കാര്യത്തില്‍ തെറ്റായ തീരുമാനങ്ങള്‍ക്ക് വഴിവെക്കാം. ഒരു ഭാര്യയെന്ന നിലയില്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ബോധമുണ്ടെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇടപെട്ടുകൂടാ? നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളിതാ.

ചര്‍ച്ചകള്‍ വേണം

സാമ്പത്തിക കാര്യങ്ങളില്‍ തുടര്‍ന്നുപോരുന്ന സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആദ്യം ചെയ്യേണ്ടത് ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്തുകയെന്നാണ്. ഭാര്യയുടെ സഹായവും പിന്തുണയുമൊന്നും വേണ്ടയെന്ന് ഭര്‍ത്താവ് പറയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചിലപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ആശയത്തെ പിന്തുണയ്ക്കാനും ഇടയുണ്ട്. ഇനി അഥവാ അയാള്‍ പിന്തുണച്ചില്ലെങ്കിലും കുടുംബം കടക്കെണിയിലാവുകയെന്ന ദുരവസ്ഥയൊഴിവാക്കാന്‍ നിങ്ങള്‍ ഉറച്ചതീരുമാനമെടുക്കണം.

ഒരു ടീം ആയി സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കാം. ഇന്ന ഉത്തരവാദിത്തങ്ങള്‍ ഞാന്‍ ചെയ്യാം എന്നു പറഞ്ഞ് നിങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കണം.

ഒരു ഫിനാന്‍ഷ്യല്‍ റോള്‍ തെരഞ്ഞെടുക്കുക:

നിങ്ങളുടെ കഴിവും, അക്കാദമിക പശ്ചാത്തലവും താല്‍പര്യവും കണക്കിലെടുത്ത് നിക്ഷേപം, നികുതിയടക്കല്‍, ഇന്‍ഷുറന്‍സ്, മൊത്തത്തിലുള്ള സാമ്പത്തിക പ്ലാനിങ്, ലക്ഷ്യങ്ങള്‍ നേടിയെടുക്കല്‍ തുടങ്ങിയ ചുമതലകള്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കാം. ഉദാഹരണത്തിന് സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നത് ഭര്‍ത്താവാണെങ്കില്‍ നിങ്ങള്‍ ഒരു ബജറ്റ് തയ്യാറാക്കുകയും ഭാവിയിലേക്കുവേണ്ടി സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും വേണം. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഭര്‍ത്താവിന് അത്ര സാമര്‍ത്ഥ്യം പോരെങ്കില്‍ ആ ചുമതല നിങ്ങള്‍ ഏറ്റെടുക്കണം. ജീവിതത്തിലുള്ള അപ്രതീക്ഷിത അപകടങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കേണ്ടത് എങ്ങനെയെന്ന് അയാള്‍ക്ക് അറിയില്ലെങ്കില്‍ കുടുംബത്തിന് അനുയോജ്യമായ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ മുന്നോട്ടുവരണം.

സാമ്പത്തിക കാര്യങ്ങളില്‍ സ്വയം അവബോധമുണ്ടാക്കുക

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മതിയായ അറിവില്ലെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണം. നിക്ഷേപ വിഷയത്തിലായാലും, മാര്‍ക്കറ്റിനെക്കുറിച്ചോ നികുതിയെയോ ഇന്‍ഷുറന്‍സിനെയോ കുറിച്ചായാലും അടിസ്ഥാന കാര്യങ്ങള്‍ പുസ്തകങ്ങളിലൂടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും വായിച്ചും പഠിച്ചും അതിനെക്കുറിച്ച് മനസിലാക്കുക. കാര്യങ്ങള്‍ പഠിക്കുന്നത് അനുസരിച്ച് സാമ്പത്തിക ഇടപാടുകളിലും നിക്ഷേപകാര്യങ്ങളിലും ഭര്‍ത്താവ് എടുക്കുന്ന തീരുമാനങ്ങളില്‍ താല്‍പര്യം കാണിക്കുകയും നിങ്ങളുടെ അഭിപ്രായം തുറന്ന് പറയുകയും വേണം. മനസിലാവാത്ത കാര്യങ്ങള്‍ ഭര്‍ത്താവിനോട് ചോദിച്ച് മനസിലാക്കാനും മടി കാട്ടരുത്.

നിക്ഷേപം തുടങ്ങുക:

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ സഹായം വേണ്ടെന്നു പറയുന്നയാളാണ് ഭര്‍ത്താവെങ്കില്‍, ഇത്തരം കാര്യങ്ങളൊന്നും അയാള്‍ നിങ്ങളോട് പങ്കുവെക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് സ്വയം എന്തെങ്കിലും കരുതിവെയ്ക്കാന്‍ തുടങ്ങണം. ജോലി ചെയ്യാത്തവരാണെങ്കില്‍ വീട്ടാവശ്യങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്നോ മറ്റെന്തെങ്കിലും വാങ്ങാനായി നല്‍കുന്ന പണത്തില്‍ നിന്നോ എന്തെങ്കിലും മാറ്റിവെച്ച് തുടങ്ങാം. ഇതുകൊണ്ട് രണ്ട് കാര്യമുണ്ട്: പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അറിവുണ്ടാക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചിലവഴിക്കാനോ കുടുംബബന്ധങ്ങള്‍ തകരുന്ന വേളയില്‍ സ്വന്തം കാലില്‍ നില്‍ക്കാനോ ഒക്കെ ഇത് നിങ്ങളെ സഹായിക്കും.

ബാഹ്യസഹായം തേടുക:

ഇനി ഭര്‍ത്താവിനും നിങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലയെങ്കില്‍ ഒരു പ്രഫഷണല്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം തേടുന്നത് നല്ലതായിരിക്കും.