കാശ്മീരില്‍ 200 കോടി നിക്ഷേപം, ശ്രീനഗറില്‍ 250 കോടി; 1500 പേര്‍ക്ക് ജോലി; വെടിയൊച്ചകള്‍ നിലച്ച വാലിയില്‍ വലിയ പ്രഖ്യാപനങ്ങളുമായി ലുലു ഗ്രൂപ്പ്

ജമ്മു കാശ്മീരില്‍ കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഇതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ശീനഗറിലെ സെംപോറയില്‍ എമാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാള്‍ ഓഫ് ശ്രീനഗറി’ന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

250 കോടി രൂപ നിക്ഷേപത്തിലാണ് മാള്‍ ഓഫ് ശ്രീനഗറ് ഒരുങ്ങുന്നത്. ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തറക്കലിടല്‍ ചടങ്ങ് നടത്തിയത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആഗോള പ്രശസ്തമായ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരാണ് എമാര്‍ ഗ്രൂപ്പ്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാളില്‍ തയാറാക്കുക. കശ്മീരില്‍ നിന്നുള്ള 1500ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദുബൈയില്‍ വെച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരും ലുലു ഗ്രൂപ്പും തമ്മില്‍ ഒപ്പ് വെച്ച ധാരണയുടെയും തുടര്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരില്‍ നിക്ഷേപിക്കുന്നത്. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്.

ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കാശ്മീര്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, ബദാം, വാള്‍ നട്ട് ഉള്‍പ്പെടെ കാശ്മീരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കര്‍കര്‍ഷകര്‍ക്ക് മികച്ച വില നല്‍കി, ലുലു വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.