കൊച്ചിയുടെ മുഖം മാറ്റാന്‍ യൂസഫലി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ടടവറുമായി ലുലു; ഐടി വ്യവസായം 'സ്മാര്‍ട്ടാകും'; 30,000 പേര്‍ക്ക് ജോലി; ബെംഗളൂരു കമ്പനികളെ റാഞ്ചാന്‍ ശ്രമം

കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകള്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ലുലു ഐടി ടവര്‍ ഒന്നിന്റെയും രണ്ടിന്റെയും അവസാന മിനുക്കുപണികള്‍ ഇപ്പോള്‍ നടക്കുകയാണ്. കേരളത്തിലെ ഐടി വ്യവസായത്തിന്റെ തലവര ലുലു ടവര്‍ മാറ്റുമെന്നാണ് കരുതുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ് 30 നിലയുള്ള ഐടി ടവറുകള്‍. 1500 കോടി മുതല്‍മുടക്കിലാണ് ക്യാമ്പസ് കൊച്ചിയില്‍ യാഥാര്‍ഥ്യമാകുന്നത്.

1500 കോടി രൂപ മുതല്‍ മുടക്കിയാണ് 12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റര്‍ ഉയരമുള്ള ടവറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ടവറുകളിലും 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്പേസുണ്ട്. ഓഫീസ് സ്പേസ് പാട്ടത്തിന് നല്‍കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ലുലുഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്.

കുറഞ്ഞ വാടക, കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴില്‍ വൈദഗ്ധ്യം, എന്നിവ പുറത്ത് നിന്നുള്ള കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ്. ഇരട്ട ടവറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000-30,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ടവറുകളില്‍ ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, റീടെയ്ല്‍ സ്പേസ്, 100 ശതമാനം പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങളും ഉണ്ടാകും. 4200 കാറുകള്‍ക്കുള്ള പാര്‍ക്കിങില്‍ മൂവായിരത്തോളം കാറുകള്‍ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാര്‍ക്ക് ചെയ്യാം. കെട്ടിടനിര്‍മാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സര്‍ട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ് കെട്ടിടങ്ങളാണ് രണ്ടും.

153 മീറ്റര്‍ ഉയരത്തിലുള്ള ഈ കെട്ടിടം കേരളത്തിന്റെ ഐ.ടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കുമിത്. ലുലു ടവറുകള്‍ക്ക് ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള പ്രാരംഭ അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും. അതിനു ശേഷം കമ്പനികള്‍ക്ക് ആവശ്യമായ ബാക്കി സൗകര്യങ്ങള്‍ കൂടി ലുലു ഗ്രൂപ്പ് ഒരുക്കും.

Read more

സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ഐ.ടി പ്രൊഫഷണലുകള്‍ക്കും ലുലു ടവര്‍ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐ.ടി പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്. ഇതില്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ലക്ഷത്തോളമാണ്.