വസ്ത്ര വിപണിയില്‍ ടാറ്റയുമായി ഏറ്റുമുട്ടാന്‍ ഇഷ അംബാനി; സുഡിയോയ്ക്ക് ബദലായി യുവാക്കള്‍ക്ക് റിലയന്‍സ് 'യൂസ്റ്റ'; വില 499 രൂപയില്‍ താഴെ മാത്രം; ഫാഷനില്‍ മത്സരം മുറുകി

ആയിരം രൂപയ്ക്ക് താഴെ യുവാക്കള്‍ക്കുള്ള വസ്ത്രങ്ങള്‍ക്ക് മാത്രമായി പുതിയ റീട്ടെയ്ല്‍ ബ്രാന്‍ഡ് തുറന്ന് റിലയന്‍സ്. റിലയന്‍സ് ‘യൂസ്റ്റ’ എന്ന പേരിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്. റിലയന്‍സ് റീട്ടെയിലിന്റെ കീഴില്‍ തന്നെയാണ് പുതിയ ഫാഷന്‍ സ്റ്റോര്‍ കമ്പനി ആരംഭിച്ചിരിക്കുന്നത്. യുസ്റ്റായുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് തുറന്നത്.

സ്‌റ്റോറിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 499 രൂപയ്ക്കും 999 രൂപയ്ക്കും ഇടയിലാണ് വില. ഇതിനു മുകളിലുള്ള വസ്ത്രസാധനങ്ങള്‍ സ്‌റ്റോറില്‍ വില്‍ക്കാറില്ല. ക്യുആര്‍- സ്‌ക്രീനുകള്‍, സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, കോംപ്ലിമെന്ററി വൈഫൈ, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ടെക് ടച്ച് പോയിന്റുകള്‍ യൂസ്റ്റാ സ്റ്റോറുകളില്‍ ലഭിക്കും. അജിയോ, ജിയോമാര്‍ട്ട് എന്നിവയിലൂടെ ഓണ്‍ലൈനായും യൂസ്റ്റ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും .

രാജ്യത്തെ യുവാക്കള്‍ക്കൊപ്പം വളരുകയും വികസിക്കുകയും ചെയ്യുന്ന ബ്രാന്‍ഡായിരിക്കും യൂസ്റ്റ എന്ന് റിലയന്‍സ് റീട്ടെയില്‍ ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ മനസിലാക്കാന്‍ കമ്പനി ഇന്ത്യയിലെ യുവതലമുറയ്ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദേഹം പറഞ്ഞു.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ (”ആര്‍ആര്‍വിഎല്‍”) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (”ക്യുഐഎ”) 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നിക്ഷേപം റിലയന്‍സ് റീട്ടെയിലിന്റെ ന്റെ പ്രീ-മണി ഓഹരി മൂല്യം 8.278 ലക്ഷം കോടിയാക്കി. ഈ നിക്ഷേപത്തിലൂടെ ആര്‍ആര്‍വിഎല്ലിന്റെ 0.99% ഓഹരികള്‍ ക്യുഐഎയുടെ സ്വന്തമാകും.

ഈ നിക്ഷേപം റിലയന്‍സ് റീട്ടെയിലിന്റെ ഓഹരി മൂല്യം 8.278 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തും എന്നാണ് സൂചന. മൊത്തം ഓഹരി മൂല്യം അനുസരിച്ച് രാജ്യത്തെ മികച്ച നാല് റീട്ടെയ്ല്‍ കമ്പനികളില്‍ ഒന്നാകും ഇത് എന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020-ല്‍ ആര്‍ആര്‍വിഎല്‍ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു. ‘ക്യുഐഎയുടെ നിക്ഷേപം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്കും റിലയന്‍സിന്റെ റീട്ടെയില്‍ ബിസിനസ് മോഡല്‍, പ്രായോഗിക ആശയങ്ങള്‍, നിര്‍വഹണം എന്നിവയ്ക്കുള്ള അംഗീകാരമാണ് അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ടാറ്റയുടെ ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള ലൈഫ്സ്‌റ്റൈല്‍ ഷോറൂം ശൃംഖലകളായ വെസ്റ്റ്സൈഡും സുഡിയോയുടെയും കുത്തക തകര്‍ക്കാനാണ് റിലയന്‍സ് ‘യൂസ്റ്റ’ സ്‌റ്റോറുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാലങ്ങളായി വസ്ത്രവ്യാപാര രംഗത്ത് ടാറ്റയുടെ മുഖമാണ് വെസ്റ്റ്സൈഡും സുഡിയോയും

റിലയന്‍സ് ട്രെന്റ് , മാക്സ് തുടങ്ങിയവയൊക്കെ ബജറ്റ് വസ്ത്ര ബ്രാന്‍ഡുകളുമായി സാന്നിധ്യം വര്‍ധിപ്പിക്കുന്ന കാലത്താണ് ടാറ്റ സുഡിയോ എത്തുന്നത്. പലിയിടങ്ങളിലും ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലുടെ ഭാഗമായാണ് സുഡിയോ തുടങ്ങിയത് തന്നെ.

തുടര്‍ന്ന് ടാറ്റയുടെ പുതിയ ഐഡന്റിറ്റിയായി സുഡിയോ മാറുകയാണ്. ക്വാളിറ്റിയും കുറഞ്ഞ വിലയും തന്നെയാണ് സുഡിയോയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ച പ്രധാന ഘടകം.

കേരളത്തില്‍ മാത്രം സുഡിയോയ്ക്ക് 27 സ്റ്റോറുകളുണ്ട്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, ഇടുക്കി (തൊടുപുഴ), പത്തനംതിട്ട എന്നിവിടങ്ങളില്‍ അടുത്തിടെ സുഡിയോ സ്‌റ്റോ തുറന്നിരുന്നു. ട്രെന്റിന് കീഴില്‍ വെസ്റ്റ്സൈഡ്, സ്റ്റാര്‍, സുഡിയോ എന്നിവ കൂടാതെ ഉറ്റ്സ, ലാന്‍ഡ്മാര്‍ക്ക്, ബുക്കര്‍ എന്നീ സംരംഭങ്ങളാണ് ടാറ്റയ്ക്ക് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 249.63 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.