കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം

ദേശീയതലത്തില്‍ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,44,702 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. സംരംഭങ്ങളുടെ കാര്യത്തില്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് സംരംഭകവര്‍ഷം പദ്ധതി അവസാനിച്ചിരിക്കുന്നു. പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

2,44,702 സംരംഭങ്ങള്‍ക്കൊപ്പം ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. ഒപ്പം 5,20,945 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാന്‍ സാധിച്ചു എന്നത് സംരംഭക വര്‍ഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ്.

2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പദ്ധതി മികച്ച വിജയം നേടിയതോടെയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലും പദ്ധതി തുടരാന്‍ തീരുമാനിക്കുന്നത്. സംരംഭക വര്‍ഷം 1 പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്.

സംരംഭകവര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നൂതനമായ കൂടുതല്‍ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി. കേരളത്തിലെ എം.എസ്.എം.ഇ കളില്‍ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്‌കെയില്‍ അപ്പ് മിഷന്‍, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷന്‍,

സംരംഭങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്സ്മെന്റ് ആയി നല്‍കുന്ന എം എസ് എം ഇ ഇന്‍ഷുറന്‍സ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ മെയ്ക് ഇന്‍ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇന്‍ഡസ്ട്രീസ് അവാര്‍ഡ്സ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ ചിലതാണ്.

Read more

5 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കി, പതിനഞ്ചായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തി ദൈവത്തിന്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വര്‍ഷം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.