ബൈജൂസിന്റെ കള്ളത്തരം ഇഡി കൈയോടെ പിടികൂടി ; ഫ്‌ളിപ്കാര്‍ട്ട് മോഡല്‍ യൂണികോണ്‍ തട്ടിപ്പ്; 9,363 കോടി പിഴ അടയ്ക്കണം; കഴുത്തറ്റം കടത്തില്‍ മുങ്ങി കമ്പനി

കോടികളുടെ കടബാധ്യതയില്‍ നിന്നും അതിജീവനത്തിന് ശ്രമിക്കുന്നതിനിടെ ബൈജൂസിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തിരിച്ചടി. ബൈജൂസിന്റെ എജ്യുക്കേഷന്‍ പ്ലാറ്റ്ഫോമിനു പിന്നിലുള്ള കമ്പനികള്‍ക്ക് 9,363 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് ഇഡി കൈമാറി.

ബൈജൂസിന്റെ കീഴിലുള്ള ഉപകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) നിയമം ലംഘിച്ചതിന് കോടികളുടെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലെ നിയമങ്ങള്‍ തെറ്റിച്ചുവെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ബൈജൂസ് പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് നടത്തിയ കയറ്റുമതി വരുമാനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. കമ്പനിയിലേക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തി എന്നിവയിലൂടെയും എഡ്ടെക് കമ്പനിയും രവീന്ദ്രനും ഫോറെക്സ് നിയമങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്. ബൈജൂസിന് 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ലഭിച്ചതെന്നും ഇഡി പറയുന്നു.

2011 നും 2023 നും ഇടയില്‍ ‘നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പേരില്‍’ കമ്പനി വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ അയച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

ഫോറെക്സ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുന്ന ഏതൊരു കക്ഷിക്കും കമ്പനിക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടി പിഴ ചുമത്താമെന്നാണ് ഫോറെക്സ് നിയമങ്ങള്‍. നേരത്തെ, ഫോറെക്സ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2021 ല്‍ ഫ്ളിപ്കാര്‍ട്ടിന് 10,600 കോടി രൂപയുടെ നോട്ടീസ് നല്‍കിയിരുന്നു. അതിനുശേഷം ഒരു യൂണികോണിന് ലഭിക്കുന്ന വലിയ കാരണം കാണിക്കല്‍ നോട്ടീസാണ് ബൈജൂസിന് ലഭിച്ചിരിക്കുന്നത്.

2017ലാണ് ബൈജൂസ് യുണീകോണ്‍ പട്ടം സ്വന്തമാക്കിയത്. 8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2020 ജനുവരിയില്‍ 65,500 കോടി രൂപയായിരുന്ന ബൈജൂസിന്റെ മൂല്യം 2021 ഏപ്രിലില്‍ 1.23 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് ബൈജൂസ് നിരവധി കമ്പനികളെ സ്വന്തമാക്കിയത്. ഇതില്‍ പലതും വിദേശ കമ്പനികളുമാണ്. ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, അധികകാലം ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ബൈജൂസിനായില്ല.

2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ വിദ്യാര്‍ഥന എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലുകള്‍ക്ക് തുടക്കമിട്ടത്. 2022 വരെയുള്ള കാലയളവിലായി എഡ്യുടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ അടക്കം ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്‌സ്, ഒസ്‌മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്‌ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങി ഇരുപതിലധികം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്.