ബൈജൂസ് ജീവനക്കാരെയും ചതിച്ചു; അനുകൂല്യങ്ങള്‍ നല്‍കാതെ പറ്റിച്ചു; പോര്‍മുഖം തുറന്ന് തൊഴിലാളികള്‍; വന്‍ പ്രതിസന്ധിയില്‍ എഡ്യൂടെക്ക് ഭീമന്‍; നിലനില്‍പ്പ് തന്നെ ഭീഷണിയില്‍

എഡ്യൂടെക്ക് ഭീമനായ ബൈജൂസില്‍ മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂഷമായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കാത്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ജീവനക്കാരുടെ പ്രൊവിഡന്‍ഫ് ഫണ്ട് (പി.എഫ്) വിഹിതവും കമ്പനി അടച്ചിട്ടില്ലെന്നാന് ഇവര്‍ പറയുന്നത്.

ട്യൂഷന്‍ സെന്റര്‍ വിഭാഗത്തിലെ ജീവനക്കാരുടെ ആനുകൂല്യ വിതരണം മുടങ്ങിയിട്ടുണ്ട്. പ്രകടനം അടിസ്ഥാനമായുള്ള വേരിയബിള്‍-ഇന്‍കം നല്‍കാന്‍ സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ല.

ബൈജൂസ് ട്യൂഷന്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നല്‍കാറുള്ളത്. 2022 സെപ്റ്റംബര്‍ പാദം മുതല്‍ ഇത് മുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം കുടിശികയടക്കം ആനുകൂല്യവും വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ജൂലൈയില്‍ കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ഇതേക്കുറിച്ച് കമ്പനിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിസന്ധികള്‍ക്കിടെ ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നതും തുടരുകയാണ്. ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രഡിസന്റും മലയാളിയുമായ ചെറിയാന്‍ തോമസ്, ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുകുത് ദീപത് എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു.

വായ്പാദാതാക്കളുമായി 120 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കല്‍ സംബന്ധിച്ച് ചര്‍ച്ചകളിലാണ് ബൈജൂസ്. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ബൈജൂസ് പ്രവര്‍ത്തനഫലവും പുറത്തുവിട്ടിട്ടില്ല.

പ്രവര്‍ത്തനഫലം പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ്, ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതലയും ഒഴിഞ്ഞിരുന്നു. ഇതോടെ വന്‍ പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്.

ബൈജൂസിന്റെ അനുബന്ധ സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ സിഇഒ അനന്യ ത്രിപാഠിയും രാജി വെച്ചിരുന്നു. മിന്ത്രയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന അനന്യ കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ബൈജൂസിലെത്തിയ്.കഴിഞ്ഞ മേയ് മുതല്‍ പ്രസവാവധിയിലായിരുന്ന അനന്യ രാജി വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. കോഡ് ലേണിങ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റിനെ 2020ല്‍ ആണ് ബൈജൂസ് ഏറ്റെടുക്കുന്നത്. വൈറ്റ്ഹാറ്റ് സ്ഥാപകന്‍ കരണ്‍ ബജാജ് 2021ല്‍ തന്നെ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്നതോടെ ബൈജൂസ് ആപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡുകള്‍ നടന്നത്.

ഇഡിയുടെ കണക്ക് അനുസരിച്ച് 2011-നും 2023-നും ഇടയില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ 9,754 കോടി രൂപ വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.

പരസ്യം, മാര്‍ക്കറ്റിംഗ് എന്നിവയുടെ പേരില്‍ 944 കോടിയാണ് കൈമാറിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക രേഖകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇഡി നടത്തും. എടുത്ത കടത്തിന്റെ പലിശ തിരിച്ചടയ്ക്കാന്‍ പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബൈജൂസിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പ്രത്യക്ഷവും പരോക്ഷവുമായി ജോലി ചെയ്യുന്ന ആറായിരത്തില്‍ അധികം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.