ഒരു ഗതിയുമില്ല, രക്ഷിക്കണം; പത്രത്തിൽ പരസ്യം നൽകി തുണി മില്ലുടമകൾ

Advertisement

ഇന്ത്യയിലെ തുണി വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണെന്നും മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഭ്യർത്ഥിച്ച് വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ ഇന്ന് പത്ര പരസ്യം നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് പരസ്യം നല്‍കിയത്.വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അത് തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സംഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു.

മൊത്തം 10 കോടിയോളം പേര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇതെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. സർക്കാർ ഇടപെട്ട് തൊഴില്‍ നഷ്ടം സംഭവിക്കാതെ നോക്കാനും നിഷ്‌ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

വിൽപന കുറഞ്ഞതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം വന്‍പ്രതിസന്ധിയിലാണ് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികള്‍ അടച്ചിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

അശോക് ലെയ് ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികളാണ് നിര്‍മ്മാണ യൂണിറ്റുകള്‍ താത്കാലികമായി അടച്ചത്. വാഹനനിര്‍മ്മാണ മേഖലയില്‍ താത്കാലിക ജീവനക്കാരെ വന്‍കിട കമ്പനികളടക്കം കൂട്ടത്തോടെ പിരിച്ചു വിടുകയാണ്. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.