ലീല ഗ്രൂപ്പിന് തിരിച്ചടി, നാല് ഹോട്ടലുകൾ വിൽക്കുന്നത് സെബി തടഞ്ഞു

ലീല ഗ്രൂപ്പിന് കീഴിലുള്ള നാലു ഹോട്ടലുകൾ കാനഡ ആസ്ഥാനമായ കമ്പനിക്ക് വിൽക്കുന്നതിന് തിരിച്ചടി. വിൽപ്പന തടഞ്ഞു കൊണ്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ [ സെബി] ഉത്തരവ് നൽകിയതായി ലീല ഗ്രൂപ്പ് അറിയിച്ചു. ലീല ഹോട്ടൽസിനെതിരായി കമ്പനി ലോ ട്രിബുണലിൽ തങ്ങൾ പരാതി നൽകിയിരിക്കുകയാണെന്ന് കമ്പനിയുടെ ഓഹരി ഉടമകളായ ഐ ടി സി സെബിയെ അറിയിച്ച സാഹചര്യത്തിലാണ് വിൽപ്പന തടഞ്ഞിരിക്കുന്നത്.

ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ഹോട്ടലുകൾ കാനഡ ആസ്ഥാനമായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന് കൈമാറിയതായി ലീല വെഞ്ചുഴ്സ് മാർച്ച് 18നു പ്രഖ്യാപിച്ചിരുന്നു. ബംഗളുരു, ചെന്നൈ, ഡൽഹി , ഉദയ്പുർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ 3950 കോടി രൂപ വില നിശ്ചയിച്ചാണ് കൈമാറാൻ കരാറായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ഹോട്ടലുകൾ വിൽക്കാൻ ഗ്രൂപ്പ് തീരുമാനിച്ചത്. മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായരാണ് ലീല ഹോട്ടലുകൾക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയിൽ പല നഗരങ്ങളിലും പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ശ്രമത്തിലാണ് ബ്രൂക്ഫീൽഡ്.