രണ്ടായിരത്തിന്റെ നോട്ടുകൾ അസാധുവാക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി

രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോൾ വിപണിയില്‍ ഇല്ലെന്നും അവ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. 1000 രൂപയുടെ നോട്ടിനു പകരമായാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത്. നോട്ടു നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ തലേദിവസമാണ് ഗാര്‍ഗിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സ്വയം വിരമിച്ചത്.

‘നോട്ടിന്റെ മൂല്യം കണക്കാക്കുമ്പോൾ വിപണിയില്‍ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നില്‍ ഒരു ഭാഗം രണ്ടായിരം രൂപ നോട്ടുകളാണ്. എന്നാൽ ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്.’- ഗാര്‍ഗ് പറഞ്ഞു.

‘മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധിക്കും. അത് വളരെ ലളിതമാണ്. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഈ പ്രക്രിയ നിര്‍വഹിക്കാന്‍ പറ്റും.’- അദ്ദേഹം പറഞ്ഞു.
ധനമന്ത്രാലയത്തില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ ഊര്‍ജ്ജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതില്‍ അതൃപ്തനായാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് സ്വയം വിരമിച്ചത്.

ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഗാര്‍ഗ്. സാമ്പത്തിക കാര്യ സെക്രട്ടറി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനുമായിരുന്നു ഗാര്‍ഗ്. കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന് പിന്നിലെ മുഖ്യകരങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. രണ്ടാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹത്തെ ഊർജ്ജ വകുപ്പിന്റെ സെക്രട്ടറിയായി സ്ഥലം മാറ്റിയത്.

നേരത്തെ രണ്ടായിരം രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർ ബി ഐ നിർത്തിവെച്ചിരുന്നു. എന്നാൽ നോട്ടുകൾ പിൻവലിക്കുന്നതിന് ഉദ്ദേശമില്ലെന്നും ആർ ബി ഐ വ്യക്തമാക്കിയിരുന്നു.