പണപ്പെരുപ്പ നിരക്ക് കൂടി, എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

ചില്ലറ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പ നിരക്ക് മേയ് മാസത്തില്‍ 3.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിട്ടെയില്‍ പണപ്പെരുപ്പ നിരക്കാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയത്.

റിസര്‍വ് ബാങ്ക് വായ്പ പലിശനിരക്ക് നിര്‍ണയിക്കാന്‍ ഇപ്പോള്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കിനെയാണ് മാനദണ്ഡമാക്കുന്നത്. പ്രധാനമായും ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് വഴിവെച്ചത്. 2018 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ 4.87 ശതമാനമായിരുന്നു പണപ്പെരുപ്പം. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തില്‍ നിന്ന് 2.99 ശതമാനത്തിലേക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. നിരക്ക് കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് തുടർച്ചയായി നാല് തവണ പലിശ നിരക്കിൽ ഇളവ് വരുത്തിയത്.

2019 മേയ് മാസത്തിലെ കണക്കുകള്‍ അനുസരിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് 1.83 ശതമാനം വിലക്കയറ്റമുണ്ടായി. ഏപ്രിലില്‍ ഇത് 1.1 ശതമാനമായിരുന്നു. കഴിഞ്ഞ നാല് പണനയ അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു. എന്നാല്‍, റിട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നാല്‍ റിപ്പോ നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കും.