ഇനി പേടിഎമ്മില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനാവില്ല; വിലക്കേര്‍പ്പെടുത്തി ആര്‍.ബി.ഐ

പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്. കമ്പനിയുടെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് വിലക്കി. ഇക്കാര്യം ആര്‍.ബി.ഐ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി. ഒരു ഐ.ടി ഓഡിറ്റ് കമ്പനിയെ ഏല്‍പിച്ച് സ്ഥാപനത്തിലെ ഐ.ടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ് നടത്താനും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.ടി ഓഡിറ്റര്‍മാരില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവിലെ നിയന്ത്രണത്തില്‍ തുടര്‍നടപടിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആശങ്കകളെത്തുടര്‍ന്നാണ് നടപടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2016ലാണ് പേടിഎം പേയ്മെന്റ് ബാങ്ക് നിലവില്‍ വരുന്നത്. 2017 മെയില്‍ നോയ്ഡയിലെ ശാഖയിലൂടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്.