ബിസ്‌കറ്റ് വില്‍പ്പന കുറഞ്ഞു; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചു വിടുന്നു

പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ ജി 10,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, ബിസ്‌കറ്റ് വില്‍പ്പന
കുറഞ്ഞതു കൊണ്ട് ഉത്പാദനം വെട്ടിച്ചുരുക്കേണ്ടി വന്നതുമാണ് തൊഴിലാളികളെ പിരിച്ചു വിടാനുളള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലെയുടെ ബിസ്‌കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ കമ്പനി ഉത്പാദനം കുറയ്ക്കേണ്ടി വരുമെന്നും ഇത് 8,000-10,000 പേരെ പിരിച്ചുവിടാന്‍ ഇടയാക്കുമെന്നും പാര്‍ലെ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു. സാഹചര്യം വളരെ മോശമാണെന്നും സര്‍ക്കാര്‍ ഉടനടി ഇടപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ ഈ തസ്തികകള്‍ എടുത്ത് കളയാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1929 -ല്‍ സ്ഥാപിതമായ പാര്‍ലെയ്ക്ക് ഒരു ലക്ഷത്തിനോടടുത്ത്  തൊഴിലാളികളുണ്ട്. അതില്‍ കമ്പനി നേരിട്ട് നിയമനം നടത്തിയവരും കരാര്‍ തൊഴിലാളികളുമാണുള്ളത്. കമ്പനിക്ക് സ്വന്തമായി 10 ഉത്പാദന പ്ലാന്റുകളും 125 കരാര്‍ ഉത്പാദന പ്ലാന്റുകളുമാണുള്ളത്.

2017-ല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയത് മുതല്‍ അഞ്ചും ഏഴും രൂപ ഈടാക്കിയിരുന്ന പാര്‍ലെ ജി പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ആവശ്യം മാര്‍ക്കറ്റില്‍ കുറഞ്ഞുവെന്ന് ഷാ പറഞ്ഞു.

ഉയര്‍ന്ന നികുതികള്‍ ഓരോ പായ്ക്കറ്റിലും കുറച്ച് ബിസ്‌കറ്റ് നല്‍കാന്‍ പാര്‍ലെയെ നിര്‍ബന്ധിതരാക്കി. ഇതുമൂലം ഗ്രാമീണ മേഖലയില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങിക്കുന്നവരുടെ എണ്ണം കുറച്ചു.”ഇവിടത്തെ ഉപഭോക്താക്കള്‍ അങ്ങേയറ്റം വിലയെ കുറിച്ച് സൂക്ഷ്മ ബോധ്യമുള്ളവരാണ്. ഒരു പ്രത്യേക വിലയ്ക്ക് എത്ര ബിസ്‌കറ്റ് ലഭിക്കുന്നുണ്ടെന്ന് അവര്‍ക്ക് അതിയായ ബോധമുണ്ട്,” ഷാ പറഞ്ഞു.

1.4 ബില്യണ്‍ ഡോളറിനു മുകളിലുള്ള വാര്‍ഷിക വരുമാനമുള്ള പാര്‍ലെ, കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ജിഎസ്ടി കൗണ്‍സിലുമായും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും ചര്‍ച്ച നടത്തുകയും നികുതി നിരക്ക് അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു- ഷാ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍നിര ബിസ്‌കറ്റ് ബ്രാന്‍ഡായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ലെ ഗ്ലുക്കോ എന്ന കമ്പനിയെ പുനര്‍നാമകരണം ചെയ്താണ് പാര്‍ലെ-ജി എന്നാക്കിയത്.2003-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായാണ് പാര്‍ലെ ജി അറിയപ്പെട്ടിരുന്നത്.

സാമ്പത്തിക  മാന്ദ്യം ഇതിനകം തന്നെ ഇന്ത്യയുടെ  നിര്‍ണായക വാഹന വ്യവസായത്തിലടക്കം ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഇതും വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ടന്നും ഷാ പറഞ്ഞു.

പാര്‍ലെ ജി മാത്രമല്ല ആവശ്യക്കാര്‍ കുറഞ്ഞ ഏക ഭക്ഷ്യ ഉത്പാദന കമ്പനി. വെറും 5 രൂപ വില വരുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് ഉപയോക്താക്കള്‍ രണ്ടുതവണ ആലോചിക്കുന്നുണ്ടെന്ന് പാര്‍ലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണ്,”” ബെറി വിശകലനക്കാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.