ഉത്പാദനം വീണ്ടും കുറച്ച് മാരുതി, ജൂലൈയിൽ 25 ശതമാനം പ്രൊഡക്ഷൻ കട്ട്

കാർ വിപണിയിലെ മാന്ദ്യത്തിന്റെ രൂക്ഷത വെളിവാക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി ഉത്പാദനം വീണ്ടും വെട്ടിക്കുറച്ചു. ജൂലൈ മാസത്തിൽ കമ്പനി ഉത്പാദനത്തിൽ 25.15 ശതമാനത്തിന്റെ കുറവ് വരുത്തി. തുടർച്ചയായ ആറാം മാസമാണ് മാരുതി ഉത്പാദനത്തിൽ കുറവ് വരുത്തുന്നത്. ജൂലൈ മാസത്തിൽ 133,625 കാറുകളാണ് മാരുതി നിർമ്മിച്ചത്. കഴിഞ്ഞ വർഷം ജൂലായിൽ ഇത് 178,533 യൂണിറ്റുകളായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്പനി ഈ വിവരങ്ങൾ വ്യക്തമാക്കിയത്. എല്ലാ മോഡലുകളുടെയും ഉത്പാദനത്തിൽ ഗണ്യമായ വെട്ടിക്കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

ജൂലൈയിൽ മാരുതിയുടെ വിൽപന 33.5 ശതമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വീണ്ടും കുറിച്ചിരിക്കുന്നത്. മറ്റു കമ്പനികളും ഉത്പാദനം കുറയ്ക്കുകയാണ്.