തീരുവ ഉയർത്തിയ നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ട്രംപ്

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തോതിലുള്ള നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്ന് ഇന്ത്യ പിന്തിരിയണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഉയർന്ന തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയും തീരുവ കൂട്ടിയത്. ഇന്ത്യയെ വ്യാപാര സൗഹൃദ രാജ്യം എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കിയതും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ സന്ദർശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോട് ഇന്ത്യ ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറാണ് ഈ ആവശ്യം ഉന്നയിച്ചത്.

ജപ്പാനിലെ ഒസാക്കയില്‍ ജി – 20 ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ട്വിറ്ററിലൂടെ നികുതിയുടെ കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്.  അടുത്തിടെ ഈ താരിഫ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. താരിഫ് വർദ്ധന പിന്‍വലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നേരത്തെ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യ അമിത നികുതി ചുമത്തുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ജപ്പാനിൽ ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കളുമായി മോദി ചര്‍ച്ച നടത്തും. ഒകാസയില്‍ ജൂണ്‍ 28-29 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

അതിനിടെ, ഇറാക്കിൽ നിന്നും എണ്ണ വാങ്ങരുതെന്ന യു. എസ് നിർദേശം ഇന്ത്യ തള്ളി. ഇറാക്കിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ മോശമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.