ഈ ജനാധിപത്യത്തിന് എന്തു ചെലവ് വരും ?

പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നാൽ കുഞ്ഞുകളിയല്ല. കോടികളുടെ കിലുക്കം അതിനുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഈ മാമാങ്കത്തിന് ചെലവഴിക്കുന്നത് എത്ര ആയിരം കോടികളാണെന്നതിന്റെ ചിത്രം വ്യക്തമാവുക അത്ര എളുപ്പമല്ല. എന്നാൽ, ഖജനാവിൽ നിന്നു വരുന്ന ചെലവിന്റെ കണക്കുകൾക്ക് വ്യക്തമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഏപ്രിൽ , മെയ് മാസങ്ങളിൽ നടക്കുന്ന പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്കുകൾ ഇപ്പോൾ പറയാനാകില്ല. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ ചെലവുകളിലേക്ക് ഒന്ന് എത്തിനോക്കാം.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായിരുന്നു ഇന്ത്യയിലെ ഏറ്റവും ചെലവ് വന്നത്. അതിന്റെ മൊത്തം ചെലവ് – 3870.35 കോടി രൂപ. അതായത് ഒരു വോട്ടർക്ക് വേണ്ടി വന്ന ശരാശരി ചെലവ് 46.4 രൂപ. 1957ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെലവായ തുക കേട്ടാൽ ഞെട്ടരുത്, വെറും 5 .9 കോടി. ഓരോ വോട്ടർക്കും വേണ്ടി വന്ന ശരാശരി ചെലവ് മുപ്പത് പൈസ മാത്രം.

ഇനി ഓരോ തിരഞ്ഞെടുപ്പിലെയും ചെലവ് കണക്ക് ഒന്ന് നോക്കാം.

വർഷം      ചെലവ്

1952 – 10 .45 കോടി

1957 –  5.9

1962  –  7.32

1967  – 10.8

1971-  11.62

1977 –  23.04

1980  – 54.77

1984 –  81.51

1989 –  154.22

1991  –  359.1

1996  –   597.34

1998  –   666.22

1999  –   947.68

2004   –   1016.09

2009  –    1114.38

2014   –   3870.35

2014ലെ തിരഞ്ഞെടുപ്പിൽ ഒരു വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ തോതിൽ ചെലവുകൾ ഉയർന്നാൽ ഇത്തവണ 5000 കോടി രൂപ കടക്കുമെന്നത് ഉറപ്പാണ്. ശരാശരി ചെലവിൽ മൂന്നിരട്ടിയുടെ വർധന രേഖപ്പെടുത്തി. 2009ൽ ഒരു വോട്ടർക്ക് ശരാശരി 15.54 രൂപ ചെലവ് വന്നപ്പോൾ 2014 സംഭവിച്ചത് വമ്പൻ കുതിപ്പാണ് – 46.4 രൂപ. വോട്ടർമാരുടെ എണ്ണത്തിൽ വന്ന വർധനയാണ് ചെലവ് ഏറുന്നതിന് മുഖ്യകാരണം. 1952ൽ വോട്ടർമാരുടെ എണ്ണം 17.32 കോടി ആയിരുന്നുവെങ്കിൽ ഇക്കുറി 90 കോടിയിലേറെയാണ്. 2014ൽ  83.14 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.