പെട്രോൾ, ഡീസൽ, മദ്യം, ഭൂമി എന്നിവയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക

അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ എന്നിവയടക്കമുള്ള എല്ലാ പെട്രോളിയം ഉത്പന്നങ്ങൾക്കും ജി എസ് ടി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക. റിയൽ എസ്റ്റേറ്റ്, മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയും ജി എസ് ടിയുടെ പരിധിയിൽ കൊണ്ട് വരും. നിലവിൽ ഈ ഉത്പന്നങ്ങൾക്ക് കേന്ദ്ര നികുതിയും സംസ്ഥാന നികുതികളും ബാധകമാണ്. ഇതിനു പകരം ഇവയെല്ലാം ജി എസ് ടിയുടെ കുടക്കീഴിൽ കൊണ്ടു വരുമെന്നാണ് വാഗ്ദാനം.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏറെ ദോഷം ചെയ്ത ജി എസ്‌ ടി നികുതിവ്യവസ്ഥയെ പരിഷ്കരിക്കുമെന്ന വാദ്ഗാനമാണ് മറ്റൊന്ന്. 18 ശതമാനമായിരിക്കും ആയിരിക്കും ഉയർന്ന നികുതി. നിലവിൽ ഏറ്റവും ഉയർന്ന ജി എസ് ടി 28 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൂടുതൽ ഫണ്ടുകളെത്തിക്കുമെന്ന വാഗ്ദാനവും പത്രികയിലുണ്ട്. ഏഞ്ചൽ ടാക്സ് ഇല്ലാതാക്കും. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത കമ്പനികൾ ഓഹരി വില്‍പനയിലൂടെ സ്വരൂപിച്ച മൂലധനത്തിനു മേലുള്ള നികുതിയാണിത്. നിലവിൽ ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമാണ് വിദ്യാഭ്യാസ ബജറ്റ്. ഇത് ജിഡിപിയുടെ ആറ് ശതമാനമാക്കി ഉയർത്തും. ആരോഗ്യ ബജറ്റ് 1.2 ശതമാനത്തിൽ നിന്നും 3 ശതമാനമാക്കി ഉയര്‍ത്തും.

പ്രത്യേക വ്യവസായ ടൗൺഷിപ്പുകൾ കൊണ്ട് വരുമെന്നതാണ് മറ്റൊരു പ്രഖ്യാപനം
ആരോഗ്യസംരക്ഷണ അവകാശ നിയമം പാസ്സാക്കുമെന്നും പ്രകടനപത്രിക പറയുന്നുണ്ട്. അർധസൈനിക വിഭാഗങ്ങൾ ജോലിക്കിടയിൽ കൊല്ലപ്പെട്ടാൽ രക്തസാക്ഷി പദവി ലഭിക്കാറില്ല. ഇത് പരിഹരിക്കുമെന്നും പ്രകടനപത്രിക പറയുന്നു.