തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ടു നൽകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. ഈ മാസം 15- ന് നടക്കുന്ന നീതി ആയോഗിന്റെ യോഗത്തിൽ വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിമാനത്താവളം ആരും കൊണ്ടു പോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു .

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വെച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്ഐഡിസിയുടേത് 135 കോടിയുടേതുമായിരുന്നു. കൂടിയ പ്രതിഫലം ഓഫർ ചെയ്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളം 50 വർഷത്തേക്ക് വിട്ടു നല്‍കാൻ നടപടികൾ തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് വന്നത്. എന്നാൽ ഇക്കാര്യം ജൂലൈയിൽ സർക്കാർ വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ഉൾപ്പടെ ആറ് വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറാനാണ് നീക്കം.

അതിനിടെ, എയർപോർട്ടുകളിൽ ജീവനക്കാരോട് അദാനി എന്റർപ്രൈസസിന്റെ ജീവനക്കാരായി മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ താല്‍പര്യം ഇല്ലാത്തവർക്ക് എയർ പോർട്ട് അതോറിറ്റിയിൽ തുടരാനും അവസരമുണ്ടാകും. രാജ്യത്തിൻറെ തെക്കേ അറ്റത്തുള്ള അതീവ നിർണായകമായ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം സ്വാകാര്യ കമ്പനിക്ക് നൽകുന്നതിൽ എതിർപ്പ് രൂക്ഷമാണ്. എന്നാൽ മോദിയുടെ അടുപ്പക്കാരനായ അദാനിക്ക് അനുകൂലമായിരിക്കും കേന്ദ്ര സർക്കാർ തീരുമാനം എന്നത് ഉറപ്പാണ്.