വിലക്കയറ്റം; സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍

ക്രമാതീതമായി കുതിച്ചുയരുന്ന സവാളയുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡ് വഴി നാസിക്കില്‍ നിന്ന് 50 ടണ്‍ സവാള എത്തിക്കാനാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി ,കോഴിക്കോട് സംഭരണ ശാലകളിലാണ് സവാള എത്തിക്കുക. സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കില്‍ നല്‍കാനാണ് തീരുമാനം.

വില കുതിച്ചുയരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. എല്ലാത്തരം ഉള്ളി കയറ്റുമതിയും പ്രാബല്യത്തില്‍ നിരോധിച്ചിരിക്കുകയാണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളപ്പൊക്ക ദുരിതബാധിതരായ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണ തടസ്സത്തെ തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ചില്ലറ വില്‍പ്പന വില കിലോയ്ക്ക്  60-80 രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികള്‍ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് അമ്പത് രൂപ നല്‍കണ്ട അവസ്ഥയാണ്