സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചുപണിക്ക് മോദി ഒരുങ്ങുന്നു

ധനമന്ത്രി സ്ഥാനത്ത് അമിത് ഷാ അവരോധിതനാകും എന്ന അഭ്യൂഹങ്ങൾക്കിടെ മോദി സർക്കാർ സാമ്പത്തികരംഗത്ത് സമഗ്ര അഴിച്ചു പണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.

വ്യക്തമായ മേധാവിത്വത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. നോട്ടുനിരോധനവും ജിഎസ്‍ടിയും പോലുള്ള വമ്പന്‍ പരാജയമായി മാറിയ പരിഷ്കാരങ്ങള്‍ക്ക് ശേഷവും എന്‍ഡിഎക്ക് ലഭിച്ച വന്‍ ജനപിന്തുണ സാമ്പത്തിക രംഗത്തെ സമഗ്ര പരിഷ്കരണത്തിന് സര്‍ക്കാറിന് ധൈര്യം പകരും എന്നാണ് കരുതുന്നത്. നികുതി കുറച്ചും നടപടികള്‍ എളുപ്പമാക്കിയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച തിരിച്ചു കൊണ്ടു വരാനുള്ള നടപടികളായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക.

ജൂലൈയില്‍ പുതിയ സര്‍ക്കാറിന്റെ ബജറ്റ് അവതരണമുണ്ടാകും. സ്വകാര്യ നിക്ഷേപവും വിപണിയിലെ ഡിമാൻഡ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് രൂപം നൽകി വരികയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴ് ശതമാനം വളര്‍ച്ചാനിരക്കാണ് പ്രവചിക്കപ്പെട്ടിട്ടുള്ളതെങ്കിലും 2019 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തിലെ വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്നാണ് അനുമാനം. വാഹന വിപണിയിലുണ്ടായ മാന്ദ്യവും കണ്‍സ്യൂമര്‍ ഉപഭോക്തൃരംഗത്തെ പ്രതിസന്ധിയും സർക്കാരിന് പ്രശ്നങ്ങൾ സൃഷ്ടിക്കും.
വിപണിയിലെ ഡിമാൻഡ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികളായിരിക്കും ആദ്യം സ്വീകരിക്കുക. നേരത്തെ ഇടക്കാല ബജറ്റില്‍ വ്യക്തമാക്കിയതു പോലുള്ള വ്യക്തിഗത നികുതി ഇളവുകള്‍ ഇടത്തരക്കാരുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തിക്കുമെന്നും അതുവഴി ചെലവഴിക്കല്‍ വര്‍ദ്ധിപ്പിച്ച് വിപണിയിലെ പ്രതിസന്ധി മറികടക്കാനാവുമെന്നുമാണ് പ്രതീക്ഷ. ഇതോടൊപ്പം പുതിയ വ്യവസായ നയവും സര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മേക്ക് ഇൻ ഇന്ത്യയും വ്യാവസായിക അടിസ്ഥാനസൗകര്യ രംഗവും കൂടുതല്‍ പ്രോത്സാഹിപ്പിക്കും. പരിഷ്കരണ നടപടികൾക്കാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ചരക്ക് സേവന നികുതിയിലെ സമഗ്ര പരിഷ്കാരങ്ങളെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. നികുതി സ്ലാബുകളില്‍ മാറ്റം വരുത്തുകയും പെട്രോളിയം ഉത്പന്നങ്ങൾ പോലുള്ള കൂടുതല്‍ മേഖലകളില്‍ ജിഎസ്ടി വ്യാപിപ്പിക്കുകയും ചെയ്തേക്കും. ഇപ്പോള്‍ 5, 12, 18, 28 എന്നീ ശതമാന നിരക്കുകളിലുള്ള നികുതികള്‍ രണ്ട് നിരക്കുകളിലേക്ക് കൊണ്ടു വരാനാണ് സാധ്യത. സിമന്റും ഓട്ടോമൊബൈല്‍ രംഗവും 28 ശതമാനം നികുതിയില്‍ നിലനിര്‍ത്തിയാവും പരിഷ്കരണം. ഒപ്പം രാജ്യത്ത് നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും.