റെക്കോഡിട്ട് സ്വര്‍ണവില: ഒറ്റദിവസം കൊണ്ട് വര്‍ദ്ധിച്ചത് 520 രൂപ; പവന് 30,400 രൂപ

സ്വര്‍ണവില വീണ്ടും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. വിപണിയില്‍ പവന് വില 30,400 രൂപയായിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ വിലയായ 29,880 രൂപയില്‍ നിന്ന് 520 രൂപയാണ് പവന് കൂടിയത്. ഗ്രാമിന്റെ വില 3735 രൂപയില്‍ നിന്ന് 3,800 രൂപയായും വര്‍ദ്ധിച്ചു

യുഎസ്- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജനുവരി ആറിന് സ്വര്‍ണവില 520 രൂപ വര്‍ദ്ധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ കൂടി. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധത്തിന് സാദ്ധ്യത കൂടിയതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന്റെവില രണ്ടുശതമാനം ഉയര്‍ന്ന് 1,600 ഡോളറായി ഉയര്‍ന്നു. ഇപ്പോഴത്തെ നിലയില്‍ വിലവര്‍ദ്ധന തുടര്‍ന്നാല്‍ വൈകാതെ പവന്റെ വില 32,000 കടക്കുമെന്നാണ് വിലയിരുത്തല്‍.