സാമ്പത്തിക വളർച്ചയിൽ നേരിയ നേട്ടം, മൂന്നാം പാദത്തിൽ ജി ഡി പിയിലെ വർദ്ധന 4.7 ശതമാനം

2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ ഇന്ത്യ 4.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. തൊട്ടു തലേപദത്തേക്കാൾ നേരിയ വർദ്ധനയാണ് ഇത് പ്രകടമാക്കിയിരിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 4 .5 ശതമാനമായിരുന്നു ഇന്ത്യയുടെ ജി ഡി പി വളർച്ച. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇന്ന് റിപ്പോർട്ട് പുറത്തു വിട്ടത്. എന്നാൽ 2018 ൽ മൂന്നാം പാദത്തിൽ ഇന്ത്യ 6 .6 ശതമാനം വളർച്ച കൈവരിച്ചിരുന്നു.

ആഗോളതലത്തിൽ പ്രകടമായ സാമ്പത്തിക മാന്ദ്യമാണ് നിലവിലെ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാനുഫാക്ചറിംഗ്, കയറ്റുമതി, കൺസ്യൂമർ ഡിമാൻഡ് തുടങ്ങിയ രംഗങ്ങളിൽ നേരിട്ട തളർച്ചയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് വിനയായത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആറ് ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് റിസർവ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. എന്നാൽ കൊറോണ രോഗബാധ ആഗോള തലത്തിൽ പടരുന്ന സാഹചര്യത്തിൽ ഈ വളർച്ച നിരക്ക് കൈവരിക്കാനാകുമോ എന്ന ആശങ്ക സാമ്പത്തിക ലോകത്ത് ശക്തമാണ്. ഈ ആശങ്ക മൂലം ഓഹരി വിപണി വലിയ തകർച്ച നേരിടുകയാണ്. അതുകൊണ്ട് ജനുവരി – മാർച്ച് നാലാം പാദത്തിൽ 4 .5 ശതമാനം ജി ഡി പി വളർച്ച കൈവരിക്കുന്നത് പോലും പ്രയാസകരമാകുമെന്നാണ് വിലയിരുത്തൽ.