വ്യാജവാർത്ത തടയാൻ ഫെയ്സ് ബുക്ക് ജേർണലിസ്റ്റുകളെ നിയോഗിക്കുന്നു

വ്യാജവാർത്തകളുടെ കടന്നുകയറ്റം തടയുന്നതിനും വാർത്തകളുടെ ഉള്ളടക്കത്തിന്റെ നിലവാരം പരിശോധിക്കുന്നതിനും ജേർണലിസ്റ്റുകളെ നിയമിക്കാൻ ഫെയ്സ്‌ബുക്ക് ഒരുങ്ങുന്നു. പുതുതലമുറയിൽ പെട്ട ഡിജിറ്റൽ ജേർണലിസ്റ്റുകളെയാണ് നിയമിക്കുകയെന്ന് സി ഇ ഒ മാർക്ക് സുക്കർബർഗ് അറിയിച്ചു.

200 കോടിയിൽ പരം വരുന്ന ഫെയ്സ്‌ബുക്ക് വരിക്കാർക്ക് ഉയർന്ന ഗുണമേന്മയുള്ള വാർത്തകൾ നൽകുന്നതിനാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്‌ബുക്കിൽ എത്ര വ്യാജ അക്കൗണ്ട് ഉണ്ടെന്ന് എനിക്കറിയില്ല. ചിലർ പറയുന്നു അത് 70 കോടിയെങ്കിലും വരുമെന്ന്. ഏതായാലും അതൊരു വലിയ നമ്പറായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഒരു ഗൗരവമേറിയ പ്രശ്നമായി ഞങ്ങൾ കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു. അന്വേഷണാത്മക പത്രപ്രവർത്തകരെയും അത്തരം ഏജൻസികളുടെയും സേവനം തേടാനാണ് ആലോചന. വാർത്തകൾ ഉണ്ടാക്കലല്ല അവരുടെ ജോലി, മറിച്ച് ഉള്ളടക്കം പരിശോധിച്ച് വ്യാജവാർത്തകൾ നിയന്ത്രിക്കലാണ് ലക്ഷ്യമെന്ന് സുക്കർബർഗ് പറഞ്ഞു.

ഇത് ഒരു വലിയ പ്രശ്നമാണ്. തിരഞ്ഞെടുപ്പ് കാലത്താണ് ഇത് ഏറ്റവും തലവേദന സൃഷ്ടിക്കുന്നത്. ഈയിടെ ഇന്ത്യയിൽ ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളാണ് ഫെയ്സ്‌ബുക്ക് നീക്കം ചെയ്തത്.