ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്ന് ഐ.എം.എഫ്; രാജ്യം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്ന്: നിര്‍മ്മല സീതാരാമന്‍

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുന്നെന്ന് ഐ.എം.എഫിന്റെ പ്രവചനം വന്നതിന്റെ തൊട്ടു പിന്നാലെയാണ് നിര്‍മ്മല സീതാരാമന്റെ പ്രതികരണം. വാഷിംഗ്ടണില്‍ നടക്കുന്ന ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനമന്ത്രി.

രാജ്യത്തെ വളര്‍ച്ചാനിരക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് ഐ.എം.എഫ് പ്രവചനം. എങ്കിലും ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെയും വളര്‍ച്ചാനിരക്ക് ഐ.എം.എഫ് കുറച്ചിട്ടുണ്ട്. ഇന്ത്യയുടേതും കുറച്ചു. ചൈനയുമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും നിര്‍മ്മല വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ എട്ട്, ഏഴ് ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്‌വ്യവസ്ഥ വളരുന്നതെന്നത് ഒരു പ്രശ്‌നമാണ്. എന്നാല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാനുള്ള സമ്പദ്‌വ്യസ്ഥയുടെ പ്രാപ്തിയില്‍ സംശയമില്ല. എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ താന്‍ കേള്‍ക്കുകയാണ്. ധനകമ്മി പരിശോധിച്ചിട്ടില്ലെന്നും നിര്‍മ്മല പറഞ്ഞു.